james-mathew-mla

തിരുവനന്തപുരം: ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് എം.കെ.ഗോവിന്ദനെതിരെ സി.പി.എം സംസ്ഥാന സമിതിയിൽ വിമർശനം ഉന്നയിച്ചെന്ന വാർത്ത നിഷേധിച്ച് ജെയിംസ് മാത്യു എം.എൽ.എ. ആന്തൂർ വിഷയത്തിൽ സി.പി.എമ്മിൽ ഭിന്നതയുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ജെയിംസ് മാത്യു വാർത്താക്കുറിപ്പിൽ അറിയിച്ചു.

സി.പി.എം സംസ്ഥാന സമിതിയിൽ എം.വി. ഗോവിന്ദൻ മാസ്റ്റർക്കെതിരെ വിമർശനം ഉന്നയിച്ചെന്ന നിലയിലാണ് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള യാതൊരു പരാമർശവും സമിതിയിൽ ഉണ്ടായിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ജെയിംസ് മാത്യു വ്യക്തമാക്കി.

ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സി.പി.എമ്മിനകത്ത് ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കുന്നതിന് ചിലർ ബോധപൂര്‍വ്വം ശ്രമിക്കുന്നതായി ജെയിംസ് മാത്യു ആരോപിച്ചു. ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പൊതുസമൂഹത്തിനിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഇത്തരം വാർത്തകൾ തിരുത്തണമെന്നും ജെയിംസ് മാത്യു ആവശ്യപ്പെട്ടിട്ടുണ്ട്.