sunil

കൊട്ടിയം: സഹകരണബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ തൂങ്ങി മരിച്ചു. തൃക്കോവിൽവട്ടം മുഖത്തല പാങ്കോണം ഗോപികഭവനത്തിൽ സുനിൽകുമാറാണ് (40) മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ചത്. ആശാരി പണിക്കാരനായ സുനിൽ കുമാർ 2010ൽ വീട് വയ്ക്കുന്നതിനായി തൃക്കോവിൽവട്ടം സർവീസ് സഹകരണ ബാങ്കിൽ നിന്ന് ആദ്യം ഒരു ലക്ഷം രൂപ വായ്പയെടുത്തു. പിന്നീട് ഇത് 3 ലക്ഷം രൂപയാക്കി പുതുക്കി. തിരിച്ചടവിനായി സുനിൽ കുമാർ വിദേശത്ത് പോയെങ്കിലും ഫലമുണ്ടായില്ല. തിരികെ എത്തിയ സുനിൽ കുമാർ വായ്പാ തിരിച്ചടവിനായി പല വഴികൾ നോക്കിയെങ്കിലും നടന്നില്ല. തിരിച്ചടവ് മുടങ്ങി പലിശയും പിഴപ്പലിശയും ആയതോടെ കഴിഞ്ഞ 20ന് ബാങ്ക് അധികൃതർ ജപ്തി നോട്ടീസയച്ചു. മുതലും പലിശയും ചേർത്ത് അഞ്ചു ലക്ഷത്തിലേറെ രൂപ ഏഴു ദിവസത്തിനകം അടച്ചില്ലെങ്കിൽ വീടും വസ്തുവും ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസ്.

പിന്നീട് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥനും ബാങ്കധികൃതരും വീട്ടിലെത്തി പലിശയിനത്തിൽ മൂന്ന് ലക്ഷം രൂപ ഉടൻ അടച്ചാൽ ജപ്തി ഒഴിവാക്കാമെന്ന് അറിയിച്ചു. തുക കണ്ടെത്താനാകാതെ വന്നതോടെയാണ് സുനിൽകുമാർ ആത്മഹത്യ ചെയ്തത്. നോട്ടീസ് ലഭിച്ച നാൾ മുതൽ സുനിൽ കുമാർ മനോവിഷമത്തിലായിരുന്നെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു.

എന്നാൽ അയച്ചത് ജപ്തി നോട്ടീസല്ലെന്നും സഹകരണ അദാലത്തിൽ പങ്കെടുത്ത് കുടിശ്ശിക തീർക്കാനുള്ള അറിയിപ്പായിരുന്നെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം.
സുനിൽകുമാറിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മാർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: മായ, മക്കൾ: ഗോപിക (പ്ലസ് ടു വിദ്യാർത്ഥിനി),മഹിമ (എട്ടാം ക്ലാസ് വിദ്യാർത്ഥിനി )