shreya-s

" പ്രിയപ്പെട്ട നിഷ ടീച്ചർക്ക് ശ്രേയ എഴുതുന്ന രാജിക്കത്ത്. ഞാൻ പറയുന്നത് ആരും കേൾക്കുന്നില്ല ,​ അതുകാരണം ഞാൻ ലീ‌ഡർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ".

രണ്ടു ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ രാജിക്കത്താണ്. ശ്രേയ എസ്. എന്ന മിടുക്കി തന്റെ ക്ലാസ് ടീച്ചർക്കെഴുതിയ കത്താണിത്. അദ്ധ്യാപികയായ നിഷ നാരായണൻ തന്നെയാണ് കത്തിന്റെ ചിത്രം ശ്രേയയുടെ അനുവാദത്തോടെ ഫേസ്ബുക്കിൽ പങ്കുവച്ചത്. തലയോലപ്പറമ്പ് AJJMGGHSS സ്കൂളിലെ ആറ് ബി ക്ലാസിലെ വിദ്യാർത്ഥിയാണ് ശ്രേയ എസ്. ശ്രേയയുടെ നിഷ ടീച്ചർ പോലും പ്രതീക്ഷിക്കാച്ച തരത്തിൽ കത്തങ്ങ് വൈറലായി. രാഷ്ട്രീയനേതാക്കൾ പോലും ശ്രേയയെ കണ്ടുപഠിക്കണമെന്നാണ് മിക്കവരും എഴുതിയത്. ആ രാജിക്കത്ത് സ്വീകരിക്കരുതെന്നും ഇതുപോലുള്ള കുട്ടികളെ നമുക്കാവശ്യമാണെന്നും കുറേപ്പേര്‍ എഴുതി.

ജൂണിൽ ക്ലാസ് തുടങ്ങിയപ്പോൾ ആദ്യത്തെ ആഴ്ച തന്നെ ഒരു ഫസ്റ്റ് ലീഡറേയും സെക്കൻഡ് ലീഡറേയും തിരഞ്ഞെടുക്കും അതിൽ ഫസ്റ്റ് ലീഡറാണ് ശ്രേയ. സെക്കൻഡ് ലീഡർ തേജസാണ്. അവരുടെ ചുമതല രാവിലെ ഒമ്പതര മുതൽ പത്തുവരെ മാറി മാറി മറ്റ് കുട്ടികൾ പുസ്തകം വായിക്കുന്നുണ്ടോ, പുറത്തേക്ക് പോകുന്നുണ്ടോ എന്നു നോക്കുക, പിന്നെ, ഓരോ പിരിയഡ് മാറുമ്പോഴും ശബ്ദമുണ്ടാക്കാതെയും പുറത്ത് പോവാതെയും നോക്കുക. പിന്നെ ഇന്റർവെല്ലിന് ശേഷം ബെല്ലടിച്ച് അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ആരെങ്കിലും വരാത്തതുണ്ടെങ്കിൽ അതൊന്ന് ശ്രദ്ധിക്കുക ഇങ്ങനെയുള്ള കുഞ്ഞുകുഞ്ഞു ചുമതലകളായിരുന്നു ഇവരുടേതെന്ന് ക്ലാസ് ടീച്ചർ നിഷ പറയുന്നു.

പോസ്റ്റിട്ട അന്ന് റെക്കോഡ് നോക്കിക്കൊണ്ടിരുന്നപ്പോഴാണ് ശ്രേയയെയും പൊക്കിപ്പിടിച്ച് ഒരുസംഘം വന്നത്. കൂട്ടത്തിൽ അനന്യ എന്ന കുട്ടിയാണ് പറയുന്നത് , ''ടീച്ചറേ ഇതാ ശ്രേയയുടെ രാജിക്കത്ത്. ഒര് രക്ഷേമില്ല, കുറച്ച് പേരുണ്ട്, പറഞ്ഞാ അനുസരിക്കത്തേ ഇല്ല...'' കുട്ടികളൊന്നും പറഞ്ഞാൽ കേൾക്കുന്നില്ല. അതുകൊണ്ട് ഞാൻ രാജിവെക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് എഴുതിയിരിക്കുന്നത്. രാജിക്ക് അപേക്ഷിക്കുകയാണ് എന്നൊന്നുമല്ല. അവളുടെ തീരുമാനമാണ്. അത് എന്നെ അറിയിക്കുന്നുവെന്ന് മാത്രം. അതിനകത്ത് വലിയൊരു ഹ്യൂമർ എലമെന്റുണ്ട് അല്ലാതെ, ഭയങ്കര ഉത്തരവാദിത്തമൊന്നുമല്ല. അവർ ആഘോഷമായി ചെയ്യുന്ന ഒരു കാര്യം. മാത്രമല്ല, സ്വാഭാവികതയും സത്യസന്ധതയുമുണ്ട് അതിൽ

കൂടാതെ, ബഹുമാനപ്പെട്ട ടീച്ചര്‍ എന്നല്ല, പ്രിയപ്പെട്ട ടീച്ചര്‍ എന്നാണ് എഴുതിയിരിക്കുന്നത്. കുട്ടികൾ ഭയങ്കര രസമുള്ളവരാണ്. വളരെ നിഷ്കളങ്കമായി അവര്‍ ചെയ്യുന്ന പല കാര്യങ്ങളും നമ്മള്‍ കണ്ടു പഠിക്കേണ്ടതുണ്ട്. ടീച്ചർ പറയുന്നു.

ശ്രീജിത്താണ് ശ്രേയയുടെ അച്ഛൻ. ശ്രീകലയാണ് അമ്മ.