ഡൽഹി രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന വനിതാനേതാവായ വേദിക ഖന്നയുടെ മുന്നിൽ വെടിയേറ്റുവീണത് ഒരു ശാസ്ത്രജ്ഞനായിരുന്നു. അന്ത്യശ്വാസം വലിക്കുംമുമ്പ് ശാസ്ത്രജ്ഞൻ വേദികയ്ക്ക് മുന്നിൽ വെളിപ്പെടുത്തിയത് ലോകത്തെ തന്നെ ഞെട്ടിക്കുന്ന രഹസ്യമായിരുന്നു. ജനങ്ങൾ സ്നേഹിക്കുന്ന പ്രധാനമന്ത്രി രാഘവ് മോഹന്റെ ജീവനും രാജ്യസുരക്ഷയ്ക്കും വൻഭീഷണിയാകുന്ന ഗൂഢാലോചനയെക്കുറിച്ചായിരുന്നു ശാസ്ത്രജ്ഞന്റെ ആ വെളിപ്പെടുത്തൽ.
സുപ്രിംകോടതി അഭിഭാഷകയും ബി.ജെ.പി എം.പിയുമായ മീനാക്ഷി ലേഖിയുടെ ആദ്യനോവലിന്റെ ഇതിവൃത്തമാണിത്. ദി ന്യൂഡൽഹി കോൺസ്പിരസി എന്ന നോവൽ ലോക്സഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ കൃഷ്ണകുമാറുമായി ചേർന്നാണ് മീനാക്ഷി പൂർത്തിയാക്കുന്നത്. ഹാർപ്പർ കോലിൻസ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ജൂലായ് എട്ടിന് റിലീസ് ചെയ്യും. സമകാലീന ഇന്ത്യയുടെ പശ്ചാത്തലത്തിലാണ് നോവലിന്റെ രചന. ഹോങ്കോംഗ് മുതൽ ഡൽഹി വരെ നിളുന്ന കഥാപരിസരമാണ് നോവലിലുള്ളത്.
ഫിക്ഷൻ എഴുതാനുള്ള എന്റെ ആദ്യ ശ്രമമാണിതെന്ന് നോവലിനെക്കുറിച്ച് മീനാക്ഷി പറയുന്നു. അതിന്റെ ആവേശത്തിലാണ് ഞാൻ. അ കൂടുതൽ വായനക്കാരിലേക്ക് എത്തുന്ന ഒരു ഫോർമാറ്റാണ് ഫിക്ഷനെന്നും അവർ പറഞ്ഞു.
ഹാർപർ കോളിൻസ് ഇന്ത്യയുടെ പ്രസാധകനായ കൃഷൻ ചോപ്ര നോവലിനെ ഒരു വ്യത്യസ്ത ത്രില്ലറായാണ് വിശേഷിപ്പിക്കുന്നത്. ഡൽഹി രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകളെക്കുറിച്ചും അധികാര രാഷ്ട്രീയത്തെക്കുറിച്ചും നോവൽ പറയുന്നു. അപകടകരമായ ലക്ഷ്യങ്ങളുള്ള ഒറു കൊലയാളിയെക്കുറിച്ചും ധീരനായ രാഷ്ട്രീയക്കാരനെക്കുറിച്ചും നോവൽ പ്രതിപാദിക്കുന്നു,. ഈ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്നതിന് വേദികയ്ക്ക് സഹായികളാകുന്നത് പത്രപ്രവർത്തക ശ്രേയയും ടെക്-വിസ് കാർത്തിക്കുമാണ്. രാജ്യത്തിനെതിരായ ഗൂഢാലോചന കണ്ടെത്താൻ വേദികയും സംഘവും സമയത്തിനെതിരെ മത്സരിക്കുമ്പോൾ, അവർ അവരുടെ ദൗത്യത്തിൽ വിജയിക്കുമോ, പരാജയപ്പെടുമോ എന്നതാണ് നോവൽ പറയുന്നത്.