attakkulangara

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ജയിൽ ചാടിയ വനിതാ തടവുകാരെ പിടികൂടി. രണ്ട് ദിവസം മുമ്പ് അട്ടക്കുളങ്ങരയിൽ നിന്നും ജയിൽ ചാടിയ ശിൽപ്പ,​ സന്ധ്യ എന്നിവരാണ് തിരുവനന്തപുരം പാലോട് അടപ്പുപാറ ഉൾവനത്തിൽ വച്ച് പിടികൂടിയത്. ശിൽപയുടെ വീട്ടിലേക്ക് പോകുന്നതിനിടെ സഹോദരനെ ഫോണിൽ വിളിച്ചതാണ് പൊലീസിനെ പിടികൂടാൻ സഹായകമായത്. ഇവർക്കായി പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം ഉടൻ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിക്കും.

ചൊവ്വാഴ്ച വൈകിട്ടാണ് ഇവർ തലസ്ഥാനത്തെ വനിത ജയിലിൽ നിന്നും രക്ഷപ്പെട്ടത്. ജയിൽ വളപ്പിനു പിൻവശത്തെ മതിൽ ചാടിയാണ് ഇവർ കടന്നത്. അതേസമയം, ജയിലിൽ നിന്നും രക്ഷപ്പെട്ട യുവതികൾ മണക്കാട് നിന്നും ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെ എസ്എടി ആശുപത്രിയിലെത്തിയിരുന്നു. പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും പിന്നീടു മടങ്ങിയെത്തിയില്ല. പണം നൽകാതെ യുവതികൾ മുങ്ങിയെന്ന് മനസിലായ ഓട്ടോ ഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ ജയിൽ ചാടിയ യുവതികൾ നേരെ ആശുപത്രിയിലെത്തിയത് പരിചയക്കാരിൽ നിന്നും പണം സംഘടിപ്പിക്കാനാണെന്ന് പൊലീസ് കരുതുന്നു. യുവതികളിലൊരാളായ സന്ധ്യ മുൻപ് താത്കാലിക വേതനത്തിൽ ഇവിടെ ജോലിചെയ്തിരുന്നു. ആശുപത്രി പരിസരത്തുനിന്നും രക്ഷപ്പെട്ട യുവതികൾ തമിഴ്നാട് ഭാഗത്തേക്ക് സഞ്ചരിച്ചതായി സൂചന ലഭിച്ച പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. മോഷണത്തിനും വഞ്ചനക്കേസുകളിലും പ്രതികളായി വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ ജൂൺ ഏഴിനും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളിയം ദേശം തേക്കുംകര പുത്തൻ വീട്ടിൽ ശിൽപ പതിനേഴിനുമാണ് ജയിലിലെത്തിയത്.