ഹാരപ്പ
സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങളിൽ ആദ്യം കണ്ടെത്തിയത് ഹാരപ്പ നഗരമായിരുന്നു. അതിനാൽ സിന്ധുനദീതട സംസ്കാരത്തെ ഹാരപ്പൻ സംസ്കാരം എന്ന് വിളിക്കുന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മോണ്ട്ഗോബി ജില്ലയിൽ രവി നദിയുടെ തീരത്താണ് ഹാരപ്പ സ്ഥിതിചെയ്യുന്നത്.
ആദ്യമായി പരുത്തികൃഷി ചെയ്തത് ഹാരപ്പൻ ജനതയാണ്. ചെറിയ കാളവണ്ടിയുടെ രൂപം മഹത്തായ ധാന്യപ്പുര, ആറു ധാന്യപുരകൾ, എച്ച് മാതൃകയിലുള്ള സെമിത്തേരികൾ, ചുട്ടെടുക്കുന്ന അടുപ്പ് എന്നിവ ഹാരപ്പയിൽ നിന്നും ലഭിച്ചതാണ്. മാനിനെ പട്ടി വേട്ടയാടുന്ന രൂപവും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്.
1921 ൽ ദയറാം സാഹ്നിയാണ് ഹാരപ്പ കണ്ടെത്തിയത്.
മോഹൻജദാരോ
മരിച്ചവരുടെ കുന്ന് എന്നാണ് മോഹൻജദാരോ എന്ന വാക്കിന്റെ അർത്ഥം. 1922 ൽ ആർ.ഡി. ബാനർജിയാണ് ഇൗ നഗരം കണ്ടെത്തിയത്. ഏറ്റവും വലിയ സിന്ധു നദീതട സംസ്കാര നഗരമാണ് പാകിസ്ഥാനിലെ സിന്ധു പ്രവിശ്യയിൽ ലർക്കാന ജില്ലയിൽ സ്ഥിതി ചെയ്യുന്ന മോഹൻ ജദാരോ. ചുട്ടെടുത്ത മൺകട്ടകൾ ഉപയോഗിച്ച് നിർമ്മിച്ച മഹാസ്നാനഘട്ടം ഇവിടെനിന്നാണ് ലഭിച്ചത്.
39 അടി നീളവും 23 അടി വീതിയും 8 അടി ആഴവുമുണ്ട്. അഴുക്കുചാൽ സംവിധാനം ഉപയോഗിച്ചിരുന്നവരാണ് ഇവിടത്തെ ജനത. ഇൗ സംവിധാനം ആദ്യമായി ഉപയോഗിച്ച നഗരമാണ് മോഹൻജദാരൊ. മാലിന്യസംസ്കരണ കേന്ദ്രം, അസംബ്ളിഹാൾ, നൃത്തം ചെയ്യുന്ന പെൺകുട്ടി, പുരോഹിതൻ എന്ന് കരുതപ്പെടുന്ന താടിക്കാരന്റെ രൂപം, എരുമയുടെ രൂപം, പശുപതി മഹാദേവന്റെ രൂപം എന്നിവയൊക്കെ ഇവിടെ നിന്ന് ലഭിച്ചതാണ്. ധാന്യപ്പുരയാണ് ഇവിടെനിന്നും ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ നിർമ്മിതി. വെള്ളപ്പൊക്കം മൂലം പലതവണ ഇൗ നഗരം മണ്ണിനടിയിൽപ്പെട്ടിരുന്നതിനാൽ ഒൻപതു തട്ടുകളിലായാണ് ഇത് ഖനനം നടത്തി കണ്ടുപിടിച്ചത്. ഇൗ നഗരത്തിലെ പല കെട്ടിടങ്ങളും ഇരു നില കെട്ടിടങ്ങളായിരുന്നു.
കാലിബംഗൻ (രാജസ്ഥാൻ)
കറുത്ത വളകൾ എന്നാണ് ഇൗ വാക്കിന്റെ അർത്ഥം. എ. ഘോഷിന്റെ നേതൃത്വത്തിൽ 1953 ലാണ് ഇത് കണ്ടുപിടിക്കപ്പെട്ടത്. രാജസ്ഥാനിലെ ഹനുമാൻ നഗർ ജില്ലയിൽ ഘഗ്ളർ നദീക്കരയിലാണ് കാലിബംഗൻ സ്ഥിതി ചെയ്യുന്നത്. എല്ലാ വീടുകൾക്കും ഒരു കിണർ ഉണ്ടായിരുന്നത് കാലിബംഗനിലാണ്. ആഭരണങ്ങൾ, കുപ്പിവളകൾ, ഹോമകുണ്ഡം, ഉഴവുചാലുകൾ എന്നിവയുടെ അവശിഷ്ടങ്ങൾ ഇവിടെനിന്നും ലഭിച്ചിട്ടുണ്ട്.
ലോത്തൽ (ഗുജറാത്ത്)
മരിച്ചവരുടെ സ്ഥലം എന്നാണ് ലോത്തൽ എന്ന വാക്കിന്റെ അർത്ഥം. 1955 ൽ എസ്.ആർ. റാവുവാണ് ലോത്തൽ കണ്ടെത്തിയത്. പ്രധാന കച്ചവടമായിരുന്നു ലോത്തൻ. ഇവിടെനിന്നും കേന്ദ്ര ചെസ് ബോർഡ് കണ്ടെത്തിയിട്ടുണ്ട്.. അളവുകോലിന്റെ മാതൃക, മുത്തുകൾ നിർമ്മിക്കുന്ന വ്യവസായശാലകൾ എന്നിവയും കണ്ടെത്തി.
ചാൻഹുദാരെ (പാകിസ്ഥാൻ)
സിന്ധുപ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നാണ് ചെറിയ മഷിക്കുപ്പി കിട്ടിയത്. ഏറ്റവും ചെറിയ നഗരമാണിത്. ആഭരണം നിർമ്മിക്കുന്നവർ, കരകൗശല വിദഗ്ദ്ധർ എന്നിവരായിരുന്നു ജനങ്ങൾ. 1931 ൽ എൻ.ജി. മജിംദാർ ആണ് ഇവിടം കണ്ടെത്തിയത്.
റൂപർ (പഞ്ചാബ്)
ചെമ്പിൽ തീർത്ത മഴു ലഭിച്ചത് ഇവിടെനിന്നാണ്. മനുഷ്യനെ സംസ്കരിക്കുന്നതിന്റെ കൂടെതന്നെ ഒരു പട്ടിയെയും അടക്കിയതിന്റെ തെളിവുകൾ ഇവിടെ നിന്നു ലഭിച്ചിട്ടുണ്ട് ചതുരാകൃതിയിൽ മൺകട്ടകൾകൊണ്ട് നിർമ്മിതമായ ഒരു സഭാസ്ഥലം ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്. ഇൗ സ്ഥലം ഇന്ന് പഞ്ചാബിലെ പ്രധാന നഗരമാണ്.
ബൻവാലി (ഹരിയാന)
1973 ൽ കണ്ടെത്തിയതാണ് ബൻവാലി. ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സരസ്വതി നദിയുടെ തീരത്തായിരുന്നു ഇൗ നഗരം. കടുക്, ബാർലി, നെല്ല് എന്നിവ കൃഷി ചെയ്തതിന്റെ തെളിവുകൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മൃഗങ്ങൾ, മനുഷ്യർ എന്നിവരുടെ രൂപങ്ങൾ, മാതൃദേവതയുടെ പ്രതിമ, മരക്കലപ്പകൾ, ഉഴവുചാലുകൾ, മൺവളകൾ എന്നിവ ഇവിടെനിന്നും കണ്ടെത്തിയതാണ്. വാനവാലി എന്നാണ് ആദ്യമിത് വിളിക്കപ്പെട്ടിരുന്നത്. സരസ്വതി നദിയുടെ മദ്ധ്യതാഴ്വരയിലാണിത് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ കണ്ടെടുത്ത മൺപാത്രങ്ങൾക്ക് കാലിബംഗനിലെ മൺപാത്ര നിർമ്മിതിയുമായി സാമ്യമുണ്ടായിരുന്നു.
സിന്ധു നദീതട സംസ്കാരത്തിന്റെ പതന കാരണങ്ങൾ
1. ആര്യൻമാരുടെ കടന്നുകയറ്റം
2. സിന്ധു നദിയുടെ ഗതിമാറ്റം
3. വരൾച്ച
4. വനനശീകരണം
5. കൃഷിനാശം