കല്ലുകൾ എങ്ങനെയാണ് കാണപ്പെടുന്നതെന്ന് നമുക്കറിയാം. അവയ്ക്ക് കൃത്യമായ ആകൃതി ഉണ്ടായിരിക്കില്ല. കൂടാതെ കടുപ്പമേറിയ ധാതുക്കളുടെ മിശ്രിതവുമാണ് കല്ലുകൾ. ഇത് തന്നെയാണ് ശിലകൾ എന്ന് വളരെ ലളിതമായി പറയാം ഖരരൂപത്തിലുള്ള ഒന്നോ അതിലധികമോ ധാതുക്കളുടെ മിശ്രിതമാണ് ശിലകൾ. ഉത്ഭവത്തിന്റെ അടിസ്ഥാനത്തിൽ ശിലകളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്
1. ആഗ്നേയ ശിലകൾ
മാഗ്മ ഭൂമിക്കുള്ളിൽനിന്ന് പുറത്തുവന്ന് തണുത്തുറഞ്ഞുണ്ടാകുന്ന ശിലകളാണിത്. മാതൃശിലകൾ എന്നും അറിയപ്പെടുന്നു. ഫോസിലുകൾ ഇല്ലാത്ത ശിലകളാണ് ആഗ്നേയ ശിലകൾ. രണ്ടുതരം ആഗ്നേയ ശിലകളുണ്ട്
ബാഹ്യജാത ശിലകൾ
ഭൗമോപരിതലത്തിൽ വച്ചുതന്നെ ലാവ തണുത്തുറഞ്ഞുണ്ടാകുന്നതാണ് ബാഹ്യജാത ശിലകൾ. പെട്ടെന്നുതന്നെ ഭൗമോപരിതലത്തിൽ വച്ച് തണുത്തുറയുന്നതിനാൽ പരലുകളുടെ രൂപത്തിലാണിവ കാണപ്പെടുന്നത്
ഉദാ: ബസാൾട്ട്, റിയോലൈറ്റ്
അന്തർവേധശിലകൾ
ഭൗമോപരിതലത്തിന് താഴെയായി രൂപപ്പെടുന്ന ശില. വളരെ വലിയ പരൽ രൂപങ്ങളാണ് ഇൗ ശിലകൾ. ഭൂമിയുടെ അകത്ത് ലാവ തണുത്തുറയാൻ സമയമെടുക്കുന്നതിനാലാണ് ഇവ വലിയ പരൽ രൂപങ്ങളായത്. വളരെ ആഴത്തിൽ രൂപം കൊള്ളുന്ന അന്തർവേധ ശിലകളാണ് പ്ളൂട്ടോണിക് ശിലകൾ.
ഭൂവൽക്കത്തിലെ മൂന്നിൽ രണ്ട് ഭാഗം ശിലകളും ആഗ്നേയ ശിലകളാണ്. ലോഹ അയിരുകളുടെ മിശ്ര ഉറവിടമാണ് ആഗ്നേയശിലകൾ.
2. അവസാദ ശിലകൾ
നദികൾ, ജലാശയങ്ങൾ എന്നിവയുടെ പ്രവർത്തനഫലമായി അവസാദങ്ങൾ അടിഞ്ഞുകൂടി രൂപം കൊള്ളുന്നവയാണ് അവസാദശിലകൾ. ഇവ പല അടുക്കുകളായാണ് കാണപ്പെടുന്നത്. ജൈവവാശിഷ്ടത്തിന്റെ അംശം കൂടുതലാണിതിൽ. മൃദുവായതും ഭാരം കുറഞ്ഞതുമാണ് അവസാദ ശിലകൾ. ഇവയെ മൂന്നായി തരംതിരിച്ചിട്ടുണ്ട്
ബലകൃത അവസാദശിലകൾ
മുകളിലെ പാളികളുടെ സമ്മർദ്ദഫലമായി താഴെയുള്ള പാളികളിലുണ്ടാകുന്ന അവസ്ഥാമാറ്റത്തിലൂടെ രൂപം കൊള്ളുന്ന ശിലകൾ..
ഉദാ: കളിമണ്ണ്, ഷെയ്ൽ
II രാസിക അവസാദശിലകൾ
ശിരോപാളികളിലെ രാസവസ്തുക്കളുടെ ഫലമായി രൂപം കൊള്ളുന്നവ. ഉദാ: കല്ലുപ്പ്, ജിപ്സം
III ജൈവീക അവസാദശിലകൾ
ജൈവ വസ്തുക്കളിൽനിന്ന് രൂപം കൊള്ളുന്നവ. ഉദാ: കൽക്കരി, ചോക്ക്, ചുണ്ണാമ്പുകല്ല്
3. കായാന്തരിക ശിലകൾ
ഉന്നതമർദ്ദം, ചൂട് എന്നിവയുടെ ഫലമായി ആഗ്നേയശില, അവസാദശില എന്നിവയ്ക്ക് രൂപത്തിലും സ്വഭാവത്തിലും മാറ്റമുണ്ടായി രൂപംകൊള്ളുന്നവ. ഇവയുടെ രൂപീകരണ പ്രക്രിയയെ രണ്ടായി തരംതിരിച്ചിരിക്കുന്നു.
ബലതന്ത്രകായാന്തരീകരണം
മുകളിലുള്ള ശിലകളുടെ സമ്മർദ്ദഫലമായി രൂപം കൊള്ളുന്നു. ഇതുകൊണ്ട് ശിലകളുടെ സ്വഭാവത്തിലും മാറ്റമുണ്ടാകുന്നു
ഉദാ: ഗ്രാനൈറ്റ് നയിസായി മാറുന്നു
മണൽക്കല്ല് വെള്ളാരം കല്ലാവുന്നു.
താപീയ കായാന്തരീകരണം
ഉന്നത ഉൗഷ്മാവിന്റെ ഫലമായി ഉണ്ടാവുന്ന ശിലകൾ. ഉദാ: ചുണ്ണാമ്പ് കല്ല് മാർബിളാകുന്നു
കായാന്തരിക ശിലകളാണ് കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ശിലകൾ.