ഇന്റർനെറ്റ് 'ആരോഗ്യ വിജ്ഞാന"ത്തിന്റെ പേരിൽ ഇല്ലാത്ത രോഗമുണ്ടെന്ന് സംശയിച്ച് ഭീതിയും ഉത്കണ്ഠയുമായി കഴിയുന്നവരുടെ എണ്ണം കൂടുകയാണ്. യുവതലമുറയുടെ മാനസികാരോഗ്യം തകർക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഈ സംശയരോഗത്തെ 'സൈബർ കോൺഡ്രിയ" എന്നാണ് വിളിക്കുന്നത്. രോഗഭീതി മൂലം ശരീരവേദന, ക്ഷീണം എന്നിവയും അമിതചിന്തയും ഉത്കണ്ഠയും മൂലം വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങളും കാണുന്നു.
പരിചയസമ്പന്നനായ ഡോക്ടർക്ക് മാത്രമേ ഒരാളുടെ രോഗം കണ്ടെത്താനാകൂ. രോഗം നിർണയിക്കുന്നതിൽ ഇന്റർനെറ്റിലെ ആരോഗ്യ വിവരങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അറിയുക. തലവേദനയും ചുമയും ചെറിയ ശരീരവേദനകളുമൊക്കെ മാരക രോഗങ്ങളുടെ ലക്ഷണമാണെന്ന് സംശയിക്കരുത്. സൈബർ കോൺഡ്രിയാക് രോഗികൾ ഏറെയും തെരയുന്നത് മാരകരോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളാകും. ഇതാകട്ടെ യാതൊരു അടിസ്ഥാനമില്ലാത്തവയുമാകും. ഇന്റർനെറ്ര് രോഗവിജ്ഞാനം തേടുന്ന മറ്റൊരു കൂട്ടരുണ്ട്. ഇന്റർനെറ്റിലെ രോഗലക്ഷണങ്ങൾ വായിച്ച് തനിക്ക് രോഗമില്ലെന്ന് ഉറപ്പാക്കി ചികിത്സ വൈകിപ്പിക്കുകയോ ചികിത്സ തേടാതിരിക്കുകയോ ചെയ്യുന്നവരാണിവർ. ഇതും അപകടമാണ്.