donald-trump-narendra-mod

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിലെ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ അഭിനന്ദനം. നിങ്ങൾ അത് അർഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.

'നിങ്ങൾ എല്ലാവരെയും ഒരുമിച്ച് നിർത്തുന്നതിൽ വിജയിച്ചിരിക്കുന്നു. ഞാൻ ഓർക്കുന്നു നിങ്ങൾ ആദ്യം അധികാരമേൽക്കുന്ന സമയത്ത് രാജ്യത്ത് പല വിഭാഗങ്ങളുണ്ടായിരുന്നു. ഇപ്പോൾ അവർ ഒരുമിച്ചു, ഇത് നിങ്ങളുടെ കഴിവാണ്.'-ട്രംപ് പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ 2014നേക്കാൾ മികച്ച വിജയമാണ് ബി.ജെ.പി ഇത്തവണ സ്വന്തമാക്കിയത്.

'നമ്മൾ അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ നമ്മുടെ രാജ്യങ്ങൾ തമ്മിൽ ആ അടുപ്പം ഉണ്ടായിട്ടില്ല. ഇന്ത്യയും അമേരിക്കയും തമ്മിൽ സൈനിക-വ്യാപാര നടപടികൾ ഉൾപ്പെടെ ഒന്നിച്ച് പ്രവർത്തിക്കും, ഇന്ന് ഇക്കാര്യം ചർച്ച ചെയ്യും'- ട്രംപ് പറഞ്ഞു. അമേരിക്കയുമായി ഇന്ത്യ നല്ല ബന്ധം നിലനിർത്തുമെന്നും ഇന്ത്യയ്ക്ക് യു.എസുമായി ശക്തമായ വ്യാപാര ബന്ധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ കൂട്ടിയിരുന്നു. ഇറക്കുമതി തീരുവ വർധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്നും അത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ട്രംപ് രംഗത്തെത്തിയിരുന്നു.