തിരുവനന്തപുരം: പീരുമേട് സബ്‌ജയിലിൽ റിമാൻഡ് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ കുറ്റക്കാരെന്ന് തെളിയുന്ന ആരെയും വെറുതെ വിടില്ലെന്നും ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം രംഗത്തെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി. രാജ്‌കുമാറിന് കസ്‌റ്റഡിയിൽ ക്രൂരമായ മർദ്ദനമാണ് നേരിടേണ്ടി വന്നതെന്നും പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം, രാജ്‌കുമാറിന്റെ മരണം സംബന്ധിച്ച കേസിൽ ഇടപെടരുതെന്ന് ആവശ്യപ്പെട്ട് പ്രാദേശിക സി.പി.എം നേതൃത്വം തങ്ങളെ ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. നിലവിലെ അന്വേഷണത്തിൽ തൃപ്‌തിയില്ലെന്നും രാജ്‌കുമാറിന്റെ ബന്ധു ആന്റണി പറഞ്ഞു. എന്നാൽ ആരോപണം നിഷേധിച്ച സി.പി.എം നേതൃത്വം സംഭവത്തിൽ പാർട്ടി ഇടപെട്ടിട്ടില്ലെന്നും വ്യക്തമാക്കി.
അതിനിടെ, കേസിൽ ഇടപെടരുതെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കൾ തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തോടെ സംഭവത്തിൽ പാർട്ടി നേതൃത്വവും സംശയ നിഴലിലായി. ഫൈനാൻസ് കമ്പനി സ്ഥാപിച്ച് സ്വയം സഹായ സംഘങ്ങളിൽ നിന്ന് കൈക്കലാക്കിയ പണത്തിൽ ഒരു കോടി രൂപ ഒരു പ്രമുഖന് രാജ്കുമാർ കടം കൊടുത്തിരുന്നുവെന്ന് ആരോപണമുണ്ട്. കൂടാതെ 60 ലക്ഷം രൂപ ബ്ലേഡ് പലിശക്ക് പലർക്കായി നൽകുകയും ചെയ്തു. ഇതിൽ 72,500 രൂപ പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തിരുന്നു. ഒരു കോടി രൂപ വാങ്ങിയ പ്രമുഖന്റെ പേര് രാജ്കുമാർ വെളിപ്പെടുത്തിയതോടെയാണ് കിരാത മർദ്ദന മുറകൾ പൊലീസ് ആരംഭിച്ചതെന്നാണ് അറിയുന്നത്. സി.പി.എമ്മിന്റെ ഒരു നേതാവിന് ഇതിൽ പങ്കുണ്ടെന്ന ആക്ഷേപം ഇതോടെ ശക്തമായിരിക്കുകയാണ്. സംഭവത്തിൽ സി.പി.എം ഇടപെട്ടത് ദുരൂഹമാണെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാർ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
വായ്‌പാ തട്ടിപ്പ് കേസിലെ പ്രതിയായ രാജ്‌കുമാറിനെ ജൂൺ 12നാണ് നെടുങ്കണ്ടം പൊലീസ് കസ്‌റ്റഡിയിലെടുക്കുന്നത്. പിന്നീട് മൂന്ന് ദിവസങ്ങൾക്ക് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി 16ന് പുലർച്ചെയാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഈ സമയം വളരെ അവശനിലയിലായിരുന്നു രാജ്‌കുമാർ. ജയിലിലേക്ക് മാറ്റാൻ പറ്റിയ അവസ്ഥയല്ലെന്ന് പറഞ്ഞെങ്കിലും അത് കേൾക്കാതെ പ്രതിയെ പൊലീസ് കൊണ്ടുപോയെന്നും ഡോക്ടർമാർ വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് ഈ മാസം 21ന് പീരുമേട് ജയിലിൽ വച്ച് രാജ്‌കുമാർ മരിച്ചു. ക്രൂരമായ മർദ്ദനത്തിന് ഇരയായാണ് മരണമെന്ന് സംശയമുണ്ടായിരുന്നെങ്കിലും പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് സംഭവത്തിന്റെ തീവ്രത വെളിപ്പെടുന്നത്.