ഗൾഫ് മേഖല ഉൾപ്പെടെയുള്ള പശ്ചിമേഷ്യ ആശങ്കയിലാണ്. ഇറാനുമായി, അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന, ജർമനി എന്നീ രാജ്യങ്ങൾ ഒരുമിച്ചിരുന്ന് ഉണ്ടാക്കിയ ആണവകരാറിൽ നിന്നും സഖ്യരാജ്യങ്ങളുടെ എതിർപ്പു വകവയ്ക്കാതെ അമേരിക്ക ഏകപക്ഷീയമായി വിട്ടുമാറിയതും തുടർന്ന് രൂപപ്പെട്ട സംഘർഷാവസ്ഥയുമാണ് ഗുരുതരം.പുറമേയാണ് സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഹൂതികൾക്കെതിരെ യമനിൽ നടക്കുന്ന യുദ്ധം, ഇസ്രായേൽ-പാലസ്തീൻ പ്രശ്നം, ഐസിസിനെതിരെയുള്ള പോരാട്ടങ്ങൾ എന്നിവ.
ആണവ പരീക്ഷണങ്ങളുമായി മുന്നോട്ടുപോയ ഇറാനുമായി ചർച്ച നടത്താൻ അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തികൾ 2013 മുതൽ കിണഞ്ഞ് ശ്രമിക്കുകയായിരുന്നു. ആണവ പരീക്ഷണങ്ങളും ആണവായുധ നിർമ്മാണവും നടത്തുന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 2006 ലാണ് ഇറാനുമേൽ ഉപരോധമേർപ്പെടുത്തിയത്. എന്നാൽ ഇസ്ലാമിക വിപ്ലവത്തിലൂടെ ഷാരാജവംശത്തിന്റ ഭരണം അവസാനിച്ചശേഷം, 1979 മുതൽ, ഇറാനുമേൽ അമേരിക്കയുടെ ഉപരോധം നിലവിലുണ്ട്. ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോഴാണ് ഇറാനുമേൽ സമ്മർദ്ദം ചെലുത്തി 2015 ൽ ചർച്ചയ്ക്കെത്തിച്ചത്. എന്നാൽ സൗദിഅറേബ്യ ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങൾ ഇറാനെതിരായിരുന്നു. ഇറാനുമായി ഒത്തുതീർപ്പുണ്ടാക്കി, ഉപരോധം പിൻവലിക്കുന്നതിനെ അവർ എതിർത്തു. അമേരിക്കയെ പിന്തിരിപ്പിക്കാൻ സൗദി അറേബ്യയും യു.എ.ഇയും ശ്രമിച്ചെങ്കിലും ഒബാമ വഴങ്ങിയില്ല. ഉടമ്പടിയെ തുടർന്ന് ഇറാനെതിരെയുള്ള ഉപരോധങ്ങൾ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ പിൻവലിച്ചു.
ഡോണാൾഡ് ട്രംപ് പ്രസിഡന്റായപ്പോൾ ഇറാനുമായുള്ള ഉടമ്പടി പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിച്ചു. 2015ൽ ഒപ്പുവച്ച ആണവകരാർ എക്കാലത്തെയും മോശപ്പെട്ട, വ്യവസ്ഥകളുള്ള കരാർ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഉടമ്പടിയനുസരിച്ച് ഇറാൻ, ആണവ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചിട്ടുണ്ടെന്ന് ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി സാക്ഷ്യപ്പെടുത്തിയെങ്കിലും യുദ്ധവെറിയന്മാരായ ജോൺ ബോൾട്ടൻ, മൈക് പോം പെയോ എന്നീ ഉപദേശകരുടെ സ്വാധീനത്തിൽപ്പെട്ട് ഡോണാൾഡ് ട്രംപ്, ഇറാനുമായുള്ള ആണവകരാറിൽ നിന്നും പിന്മാറാൻ 2018 മേയ് എട്ടിന് ഏകപക്ഷീയമായി തീരുമാനിക്കുകയും സാമ്പത്തിക ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു.
ഉടമ്പടിയിൽ ഒപ്പുവച്ച മറ്റ് രാജ്യങ്ങളൊക്കെ ട്രംപിന്റെ നിലപാടിനെ എതിർത്തു. ഉപരോധ നടപടികളിൽനിന്നും അമേരിക്കയെ പിന്തിരിപ്പിക്കാൻ കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾക്ക് ഇറാൻ അറുപതു ദിവസത്തെ സാവകാശം നൽകുകയും, അതുവരെ ഉടമ്പടി പ്രകാരമുള്ള നിയന്ത്രണങ്ങൾ പാലിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ട്രംപിന്റെ താൻപ്രമാണിത്വത്തിനു മുന്നിൽ മറ്റ് രാജ്യങ്ങൾ നിസഹായരായി. 2015 ലെ കരാറിനെതിരെയുള്ള ട്രംപിന്റെ പ്രധാന ആരോപണം, ഇറാന്റെ ആണവ നിയന്ത്രണങ്ങൾക്ക് കരാറിലെ വ്യവസ്ഥകൾ പോരെന്നും, പശ്ചിമേഷ്യയിലെ ശാക്തികചേരിയിൽ ഇറാൻ ഏകപക്ഷിയമായി മാറ്റം വരുത്തുന്നു എന്നതുമാണ്. ശക്തമായ നിയന്ത്രണങ്ങൾക്ക് വ്യവസ്ഥ ചെയ്തുകൊണ്ടുള്ള പുതിയ കരാറാണ് ട്രംപിന്റെ ആവശ്യം. ഇറാനുമേൽ സമ്മർദ്ദം ചെലുത്താനാണ് വീണ്ടും ഉപരോധമേർപ്പെടുത്തുന്നതെന്നും ട്രംപ് പറയുന്നു. കരാറിൽ നിന്നും പിന്മാറിയപ്പോൾ ഐക്യരാഷ്ട്രസഭ സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയത്തിന് വിരുദ്ധമായ നടപടിയാണ് സ്വീകരിച്ചതെന്നു പോലും അമേരിക്ക വിസ്മരിച്ചു. ഇറാനെ സഹായിക്കുന്ന മറ്റ് രാജ്യങ്ങൾ തങ്ങളുടെ മിത്രങ്ങളായിരിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കയുടെ കരാർ ലംഘനത്തെ ഐക്യരാഷ്ട്രസഭാ വേദിയിലോ അന്തർദ്ദേശീയ സമൂഹത്തിലോ പൊളിച്ചു കാട്ടാൻ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾ കൂടിയായ ചൈനയും, റഷ്യയും ഉൾപ്പെട്ട രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇറാനുമായുള്ള വ്യാപാര ബന്ധങ്ങൾ തുടരുന്നതിലാണ് അവരുടെ ശ്രദ്ധ.
ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ ?
ഇറാനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കാൻ ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങൾക്ക് ആറുമാസം സാവകാശമാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഇത് 2019 മേയിൽ അവസാനിച്ചു. ലോകത്തിലെ എണ്ണയുത്പാദന രാജ്യങ്ങളിൽ നാലാംസ്ഥാനത്തുള്ള ഇറാനിൽനിന്ന് ഉദാരവ്യവസ്ഥയിൽ ദിവസവും 4,80,000 ബാരൽ അസംസ്കൃത എണ്ണയാണ് ഇന്ത്യ വാങ്ങിയിരുന്നത്. അമേരിക്കയുടെ ഭീഷണിക്കു മുമ്പിൽ അത് പടിപടിയായി വെട്ടിക്കുറയ്ക്കുകയാണ്. ഇറാനുമായി പുതിയ എണ്ണ ഇറക്കുമതി കരാറുകളൊന്നും ഇന്ത്യ ഒപ്പുവച്ചിട്ടില്ല. ഇറാനിൽ നിന്നുമുള്ള ഇറക്കുമതിയിൽ ഒന്നാംസ്ഥാനത്ത് ചൈനയും രണ്ടാം സ്ഥാനത്ത് ഇന്ത്യയുമാണ്. നമ്മുടെ എണ്ണ ഇറക്കുമതിയുടെ ഒമ്പതു ശതമാനമാണ് ഇറാനിൽ നിന്നുള്ളത്. അമേരിക്കയും ചൈനയുമായി നടക്കുന്ന വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചൈന കുറച്ചിട്ടില്ല. ചൈനയും ഇറാനും ബാർട്ടർ (ചരക്കു കൈമാറ്റ കച്ചവടം) അടിസ്ഥാനത്തിലാണ് വ്യാപാരം നടത്തുന്നത്. ഡോളർ അടിസ്ഥാനത്തിലാണ് ഇറാനിൽ നിന്നുള്ള നമ്മുടെ എണ്ണ ഇറക്കുമതി. അതിനാൽ അമേരിക്കയുടെ ഭീഷണിക്കു മുമ്പിൽ നമുക്ക് വഴങ്ങേണ്ടി വരുമെന്ന സൂചനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. അമേരിക്കയും ഇറാനുമായി യുദ്ധമുണ്ടായാൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ദോഷകരമായി ബാധിക്കും. ഉയരുന്ന എണ്ണവില, വൻവിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയുമുണ്ടാക്കും.
ഇറാനുമായി നമുക്കുള്ള തന്ത്രപ്രധാനമായ മറ്റൊരു ബന്ധം ഇറാനിലെ ഛബഹാർ തുറമുഖ പദ്ധതിയിലെ പങ്കാളിത്തമാണ്. ഇന്ത്യയും-ഇറാനും-അഫ്ഗാനിസ്ഥാനും ചേർന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ്, ചൈന-പാകിസ്ഥാൻ സംയുക്ത സംരംഭമായ ഗ്വദ്വാർ തുറമുഖ പദ്ധതിക്ക് ബദലായി ഛബഹാർ തുറമുഖം വികസിപ്പിക്കുന്നത്. 21 ബില്യൺ ഡോളർ മുതൽ മുടക്കിലാണ് ഛബഹാർ തുറമുഖം വികസിപ്പിക്കുന്നത്. പാകിസ്ഥാന്റെ ഭൂപ്രദേശത്തു കൂടിയല്ലാതെ യൂറോപ്യൻ രാജ്യങ്ങിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മുൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന തുർക്ക്മെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും കരമാർഗം ചരക്ക് വ്യാപാരത്തിനുള്ള അവസരമാണ് ഛബഹാർ തുറമുഖം പൂർത്തിയാകുന്നതോടെ ഇന്ത്യയ്ക്കു ലഭിയ്ക്കുന്നത്. അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി, ഇറാനുമായുള്ള വ്യാപാരബന്ധങ്ങൾ അവസാനിപ്പിച്ചാൽ, ഇന്ത്യയുടെ തന്ത്രപ്രധാനമായ കാൽവയ്പിന് തിരിച്ചടിയായേക്കാം. ഇറാനെ പിണക്കാതെ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് നമ്മുടെ നയതന്ത്ര -സാമ്പത്തിക വിദഗ്ദ്ധർ ആലോചിക്കേണ്ടിയിരിക്കുന്നു.
യുദ്ധത്തിലേക്കു നീങ്ങുമോ?
യു.എ.ഇ തീരത്ത് സൗദിയുടേത് ഉൾപ്പെടെ നാല് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടത് അമേരിക്ക - ഇറാൻ ഭിന്നതയ്ക്ക് ആക്കം കൂട്ടി. തുടർന്ന് ഗൾഫ് മേഖലയിൽ അമേരിക്കയുടെ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിച്ചു. ഏതാനും ദിവസം മുമ്പ് ഇറാനിലെ ഹൊർമോസ്ഗാനിൽ ഇറാനിയൻ വിപ്ലവ ഗാർഡുകൾ അമേരിക്കൻ ഡ്രോൺ വെടിവെച്ചു വീഴ്ത്തിയത്, യുദ്ധത്തിലേക്കു നയിക്കുമെന്ന് ലോകം കരുതി. പ്രതികാരമായി ഇറാനെ ആക്രമിയ്ക്കാൻ ഉത്തരവിട്ട പ്രസിഡന്റ് ട്രംപ് മിനിട്ടുകൾക്കുള്ളിൽ അത് പിൻവലിച്ചു. പകരം ഇറാന്റെ കമ്പ്യൂട്ടർ ശൃംഖലകളിൽ സൈബർ ആക്രമണം നടത്തിയാണ് അമേരിക്ക തിരിച്ചടിച്ചത്. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. അമേരിക്കയോ ഇറാനോ കടുത്ത യുദ്ധത്തിന് തയ്യാറല്ല. ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ള യുദ്ധമുഖങ്ങളിൽ നിന്നും അമേരിക്കൻ സൈനികരെ പിൻവലിക്കുമെന്ന് തിരഞ്ഞെടുപ്പുകാലത്ത് പ്രഖ്യാപിച്ചയാളാണ് ട്രംപ് . അതിന്റെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാനും, ഇറാക്കും, സിറിയയുമുൾപ്പെടെയുള്ള യുദ്ധരംഗങ്ങളിൽ നിന്നും പടിപടിയായി സൈനികരെ പിൻവലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്ന ഡോണാൾഡ് ട്രംപ് ഒരു പുതിയ യുദ്ധമുഖം തുറന്ന് അമേരിക്കൻ സൈനികരെ ബലികൊടുക്കാനുള്ള സാദ്ധ്യത കുറവാണ്. പരമാവധി സമ്മർദ്ദം ചെലുത്തി, വീണ്ടും ഇറാനെ ചർച്ചയിലേക്കു കൊണ്ടുവന്ന് ശക്തമായ നിബന്ധനകളോടെ പുതിയ ആണവകരാറിൽ പങ്കാളിയാക്കാൻ പറ്റുമോ എന്നതാണ് ട്രംപിന്റെ ആലോചന. അങ്ങനെയാണെങ്കിൽ ഒബാമ തയാറാക്കിയതിനേക്കാൾ ശക്തമായ ഉടമ്പടിയാണ് ഇറാനെക്കൊണ്ട് ഒപ്പുവയ്പിച്ചതെന്ന് തിരഞ്ഞെടുപ്പിൽ അവകാശപ്പെടാൻ ട്രംപിനു കഴിയും. ഇറാനെ സംബന്ധിച്ചാണെങ്കിൽ ദീർഘകാലമായി നിലനിന്ന ഉപരോധത്തിൽ നിന്നും മോചനം ലഭിച്ചെന്ന സന്ദർഭത്തിലാണ് വീണ്ടും ഉപരോധത്തിന്റെ തടങ്കലിൽപ്പെടുന്നത്. ഈ ഉപരോധങ്ങൾ ഇറാനെ സാമ്പത്തികമായി തളർത്തിയിരിക്കുകയാണ്. എന്നാൽ ആത്മാഭിമാനം പണയപ്പെടുത്തി ഒത്തുതീർപ്പിന് ഇറാൻ തയ്യാറല്ല. അമേരിക്കയുടെയും ഇറാന്റെയും അഭിമാനം സംരക്ഷിച്ചുകൊണ്ടുള്ള ഒരു ഒത്തുതീർപ്പിന് ഇപ്പോൾ കാഴ്ചക്കാരനെ പോലെ നിൽക്കുന്ന ഐക്യരാഷ്ട്രസഭ മുൻകൈയെടുക്കുമോ? അതിന് അമേരിക്ക ഐക്യരാഷ്ട്രസഭയെ അനുവദിക്കുമോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണിത്.
ലേഖകന്റെ ഫോൺ : 9847173177
ഇ-മെയിൽ psssreekumarpss@gmail.com