ന്യൂഡൽഹി: തിരഞ്ഞെടുപ്പുലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ച രാഹുൽ ഗാന്ധിക്ക് പകരം ആരെന്ന് കണ്ടെത്താനാകാതെ കോൺഗ്രസ്. പാർട്ടിക്ക് സ്വീകാര്യനായ ഒരാളെ ഇനിയും കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. എന്നാൽ രാഹുൽ ഗാന്ധിയുടെ രാജിയുമായി മുതിർന്ന നേതാക്കൾ പൊരുത്തപ്പെടാനാവാത്തതിനാൽ പുതിയ പേരുകളൊന്നും ഉയർന്നുവരുന്നില്ല.
തിരഞ്ഞെടുപ്പിൽ ആവിഷ്കരിച്ച പദ്ധതികളുടെ ഫലം ലഭിക്കാത്തതിന്റെ നൈരാശ്യമാണ് രാഹുലിനെ ഇത്തരത്തിൽ തീരുമാനെമടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. അതേസമയം, രാഹുൽ തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നതോടെ പകരക്കാരനെ കണ്ടെത്താൻ കോൺഗ്രസ് ബുദ്ധിമുട്ടുകയാണെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. അദ്ധ്യക്ഷ സ്ഥാനത്ത് രാഹുൽ തന്നെ ഒരാളുടെ പേര് നിർദ്ദേശിക്കാനാണ് നേതാക്കൾ ആവശ്യപ്പെട്ടത്. ഇതിനിടെ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ വൻ മുന്നേറ്റം നേടാൻ സാധിച്ചതിനാൽ അവിടെ നിന്നുള്ള ഒരു നേതാവിനെ പരിഗണിക്കണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ ആസ്ഥാനത്ത് രാഹുലല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാനാവില്ലെന്നാണ് എ.കെ ആന്റണി ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ നേതാക്കൾ പറയുന്നത്.
കൂടാതെ ഹിന്ദി മേഖലയിൽ കോൺഗ്രസ് തകർന്നിരിക്കെ, ദക്ഷിണേന്ത്യയിൽനിന്നൊരാളെ അദ്ധ്യക്ഷനാക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന അഭിപ്രായവും ശക്തമാണ്. അങ്ങനെയെങ്കിൽ വടക്കേയിന്ത്യയിൽനിന്നുതന്നെ ഒരാൾ വന്നേക്കും. നേരത്തേ അശോക് ഗേഹ്‌ലോതിന്റെ പേര് അദ്ധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നിരുന്നെങ്കിലും രാജസ്ഥാനിലെ കനത്തതോൽവിയുടെ പശ്ചാത്തലത്തിൽ അതിനോട് മിക്കനേതാക്കൾക്കും താത്പര്യമില്ല. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുംവരെ സംഘടനാകാര്യങ്ങളിൽ സജീവമായി രംഗത്തുണ്ടാവുമെന്ന് രാഹുൽ മുതിർന്ന നേതാക്കൾക്ക് ഉറപ്പുനൽകി.