pathinettam-padi

തിരക്കഥാകൃത്തും നടനുമായ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ് ,ആര്യ, അഹാന കൃഷ്ണകുമാർ, മനോജ്.കെ.ജയൻ, ലാലു അലക്‌സ്, ഉണ്ണിമുകുന്ദൻ എന്നിങ്ങനെ വൻ താരനിര തന്നെ അണിനിരക്കുന്നു. ദുൽഖർ സൽമാനാണ് ഫേസ്ബുക്ക് പേജിലൂടെ ട്രെയിലർ റിലീസ് ചെയ്തത്.

നീട്ടി വളർത്തിയ മുടിയിൽ വ്യത്യസ്ത ലുക്കിൽ എത്തുന്ന മമ്മൂട്ടിയും 'അതൊരു വലിയ കഥയാ മോനെ പറഞ്ഞു തുടങ്ങിയാൽ ഒരു പത്ത് മുപ്പത് കൊല്ലത്തെ ചരിത്രം പറയേണ്ടി വരുമെന്ന' മാസ് ഡയലോഗും തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ജോൺ എബ്രഹാം പാലക്കൽ എന്ന പൃഥ്വിരാജിന്റെ നരേഷനും ട്രെയിലറിന്റെ ആകർഷണം തന്നെയാണ്.

ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേഷൻ നിർമ്മിക്കുന്ന ചിത്രത്തിൽ 65 പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളും ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്കും, വർഷങ്ങൾക്ക് ശേഷമുള്ള മറ്റ് സംഭവ വികാസങ്ങളുമാണ് പതിനെട്ടാം പടിയിലൂടെ പറയുന്നതെന്നാണ് സൂചന. ചിത്രം ജൂലൈ അഞ്ചിന് തീയേറ്ററുകളിലെത്തും.