crime-

കോട്ടയം: വനിതാ ഡോക്ടറോട് ഫോണിൽ അപമര്യാദയായി പെരുമാറിയ യുവനേതാവിനെയും സുഹൃത്തിനെയും പൊലീസ് പൊക്കി. സുഹൃത്തിനെയും ഒപ്പം കൂട്ടി ഡോക്ടറെ ശല്യം ചെയ്ത കൂരോപ്പട സ്വദേശിയായ യുവാവാണ് പൊലീസ് പിടിയിലായത്. ശല്യം സഹിക്കാനാവാതെ ഡോക്ടർ സൈബർ സെല്ലിൽ പരാതി നൽകിയതോടെയാണ് പൊലീസ് ഇവരെ പിടികൂടിയത്.

സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ, കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. ഡോക്ടറുടെ ഫോണിലേക്കു രാവിലെ മുതൽ യുവജന നേതാവ് സന്ദേശം അയച്ചു തുടങ്ങി. ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതോടെ മറ്റൊരു ഫോണിൽ നിന്ന് വീണ്ടും സന്ദേശം അയച്ചു. പിന്നീട് വീഡിയോ കോൾ ചെയ്യാനും ശ്രമം നടത്തി. ശല്യം സഹിക്കാനാവാതെ വനിതാ ഡോക്ടർ സൈബർ സെൽ മുഖേന പൊലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയ പൊലീസ് ആദ്യം കൊച്ചി വൈറ്റില സ്വദേശിയായ യുവാവാണ് സന്ദേശം അയയ്ക്കുന്നതെന്നു കണ്ടെത്തി. ഇയാളെ ഇന്നലെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. കൂരോപ്പടയിലെ യുവാവാണ് ഡോക്ടറുടെ നമ്പർ നൽകിയതെന്നു ഇയാൾ പറഞ്ഞു. ഇതോടെ ഇയാളെയും സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തിയ യുവാവ് ഒന്നും അറിയാത്തതായി ഭാവിച്ചെങ്കിലും പൊലീസ് ഒന്ന് ആഞ്ഞ് വിരട്ടിയപ്പോൾ പച്ചവെള്ളം പോലെ എല്ലാ കാര്യങ്ങളും പറഞ്ഞു.

ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയയിൽ അദർശം പോസ്റ്റിടുന്ന യുവാവാണ് കക്ഷി. സംഭവത്തെ തുടർന്ന് ഇയാളുടെ രക്ഷിതാക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. തുടർന്ന് കുടുംബാംഗങ്ങൾ കരഞ്ഞു കാലുപിടിച്ചതോടെ മേലിൽ ആവർത്തിക്കില്ലെന്ന് ഉറപ്പിൽ ഡോക്ടർ കേസ് പിൻവലിച്ചു.