binoy-kodiyeri

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി പീഡനകേസിൽ അന്വേഷണം നേരിടുകയാണ്. ഈ അവസരത്തിൽ പാർട്ടി സെക്രട്ടറിയുടെ മകന്റെ ആഢംബര ജീവതത്തെകുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. ഇതിന് പാർട്ടിയുടെ തണലുപയോഗിച്ചുവെന്ന ആരോപണവും രാഷ്ട്രീയ നിരീക്ഷകരടക്കം ചാനൽ ചർച്ചകളിൽ അഭിപ്രായപ്പെട്ടിരുന്നു. ഈ അവസരത്തിൽ സി.പി.എമ്മിലെ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ പാർട്ടി പ്രവർത്തനത്തിലെ ഒരു ഏട് ഫേസ്ബുക്ക് പോസ്റ്റിലൂടെ എഴുതുകയാണ് മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ. വീട്ടിലേക്ക് പോകും വഴി പാർട്ടി സെക്രട്ടറി എന്ന നിലയിൽ തനിക്ക് അനുവദിച്ച് കിട്ടിയ വാഹനത്തിൽ സ്വന്തം മകനെ കയറ്റാതെ നടന്നു വരാൻ ആവശ്യപ്പെടുന്ന സംഭവമാണ് ജോമോൻ പുത്തൻപുരയ്ക്കൽ എഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കോടിയേരിയുടെ മകനെപ്പറ്റിയുള്ള വിവാദം കത്തിപ്പടരുമ്പോൾ ചടയൻ ഗോവിന്ദനെ ഓർക്കുന്നത് നന്നായിരിക്കും.

സി പി എം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ആഡംബരജീവിതത്തെക്കുറിച്ചുള്ള വിവാദം കത്തിപ്പടരുന്ന ഈ സന്ദർഭത്തിൽ സി പി എം സംസഥാന സെക്രട്ടറി ആയിരുന്ന ചടയൻ ഗോവിന്ദനെ കുറിച്ച് ഓർക്കുന്നതു നന്നായിരിക്കും.

.സി പി എം സംസ്ഥാന സെക്രട്ടറി ആയിരിക്കെ കണ്ണൂരിൽ വീടിനടുത്തു ഒരു പൊതുയോഗത്തിൽ പ്രസംഗിച്ച ശേഷം ചടയൻ വീട്ടിലേക്കു കാറിൽ പോകാൻ തുടങ്ങുമ്പോൾ മകൻ സുരേന്ദ്രൻ കൂടെ കാറിൽ കയറിയപ്പോൾ "നീ വീട്ടിലേക്കു നടന്നു വന്നാൽ മതി കാറിൽ കയറേണ്ട " എന്നു പറഞ്ഞ് കാറിൽ നിന്നിറക്കി. വീട്ടിൽ ചെന്ന് ചടയൻ ചോറുണ്ടുകൊണ്ടിരുന്നപ്പോൾ ഭാര്യ ചടയനോട് "സുരേന്ദ്രൻ എന്തിയെ" എന്ന് ചോദിച്ചു. അവൻ നടന്നു വരുന്നുണ്ട് എന്നു ചടയൻ പറഞ്ഞു. ഭാര്യ ചിരിച്ചു. ഭാര്യക്ക് കാര്യം മനസ്സിലായി. പാർട്ടി കൊടുത്ത കാർ പാർട്ടി സെക്രട്ടറി ആയ ചടയന് ഉപയോഗിക്കാൻ വേണ്ടി മാത്രമാണ്. അല്ലാതെ ചടയന്റെ മകനും കുടുംബത്തിനും ഉപയോഗിക്കാനുള്ളതല്ല എന്ന വിശ്വാസപ്രമാണമുള്ള ഉത്തമനായ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു ചടയൻ ഗോവിന്ദൻ.

ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയൻ നായനാർ സർക്കാരിന്റെ മന്ത്രിസഭയിൽ വൈദ്യുതിമന്ത്രി ആയിരുന്നു. ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി വിജയൻ തെരഞ്ഞെടുക്കപ്പെടുകയാണ് ഉണ്ടായത്.

ചടയന്റെ മകൻ സുരേന്ദ്രൻ കഴിഞ്ഞ 25 വർഷക്കാലമായി MLA ക്വാർട്ടേഴ്സിലെ സി പി എം ന്റെ പാർലമെന്ററി പാർട്ടി ഓഫീസിലെ ജീവനക്കാരനാണ്. സുരേന്ദ്രനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് ഗുരുവായൂർ MLA ആയിരുന്ന സംവിധായകൻ പി ടി കുഞ്ഞിമുഹമ്മദിന്റെ റൂമിൽ വെച്ചായിരുന്നു.


തൊട്ടപ്പുറത്തു ലോനപ്പൻ നമ്പാടൻ MLA യുടെ മുറിയിൽ ആയിരുന്നു അന്ന് എന്റെ താമസം. സെക്രെട്ടറിയേറ്റിൽ നിന്നും MLA ഹോസ്റ്റലിലേക്ക് സുരേന്ദ്രൻ നടന്നു പോകുന്നത് ഞാൻ കാണാറുണ്ട്. അച്ഛന്റെ ഇഷ്ടം അനുസരിച്ചും മനസ്സറിഞ്ഞും ലളിത ജീവിതം നയിക്കുന്ന സുരേന്ദ്രനെ പോലെയുള്ള നിരവധി പേർ സി പി എം ൽ ഉണ്ട്.