കൊച്ചി: വഞ്ചന കേസിൽ നെടുങ്കണ്ടം പൊലീസ് കസ്‌റ്റഡിയിലെടുത്ത രാജ്‌കുമാറിനെ പീരുമേട് ജയിൽ ഉദ്യോഗസ്ഥരും ക്രൂരമായി മർദ്ദിച്ചെന്ന വെളിപ്പെടുത്തലുമായി സഹതടവുകാരൻ. സ്ട്രെച്ചറിൽ കിടത്തിയാണ് രാജ്‌കുമാറിനെ ജയിലിൽ കൊണ്ടുവന്നത്. ജയിലിൽ കിടന്ന മൂന്ന് ദിവസം രാജ്‌കുമാർ പച്ചവെള്ളം പോലും കുടിച്ചില്ല. മരിക്കുന്നതിന് തലേദിവസം നെഞ്ചുവേദനയുണ്ടെന്ന് കരഞ്ഞു പറഞ്ഞിട്ടും ചികിത്സ നൽകാൻ തയ്യാറായില്ല. മരിച്ചതിന് ശേഷമാണ് ആശുപതിയിലേക്ക് മാറ്റിയതെന്നും സഹതടവുകാരൻ സുനിൽ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. എന്നാൽ, ജയിലിൽ എത്തിക്കുന്നതിന് മുമ്പ് രാജ്‌കുമാറിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ജയിൽ മേധാവി ഋഷിരാജ് സിംഗ് പ്രതികരിച്ചു. ഇക്കാര്യം അന്വേഷിക്കേണ്ടത് പൊലീസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കസ്റ്റഡി മരണം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം സാബു മാത്യുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസൺ ജോസഫാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐ.ജിയുടെ നിയന്ത്രണത്തിലായിരിക്കും സംഘത്തിന്റെ അന്വേഷണം. അതിനിടെ, രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ കുറ്റക്കാരെന്ന് തെളിയുന്ന ആരെയും വെറുതെ വിടില്ലെന്നും ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം രംഗത്തെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി. രാജ്‌കുമാറിന് കസ്‌റ്റഡിയിൽ ക്രൂരമായ മർദ്ദനമാണ് നേരിടേണ്ടി വന്നതെന്നും പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വായ്‌പാ തട്ടിപ്പ് കേസിലെ പ്രതിയായ രാജ്‌കുമാറിനെ ജൂൺ 12നാണ് നെടുങ്കണ്ടം പൊലീസ് കസ്‌റ്റഡിയിലെടുക്കുന്നത്. പിന്നീട് മൂന്ന് ദിവസങ്ങൾക്ക് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി 16ന് പുലർച്ചെയാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഈ സമയം വളരെ അവശനിലയിലായിരുന്നു രാജ്‌കുമാർ. ജയിലിലേക്ക് മാറ്റാൻ പറ്റിയ അവസ്ഥയല്ലെന്ന് പറഞ്ഞെങ്കിലും അത് കേൾക്കാതെ പ്രതിയെ പൊലീസ് കൊണ്ടുപോയെന്നും ഡോക്ടർമാർ വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് ഈ മാസം 21ന് പീരുമേട് ജയിലിൽ വച്ച് രാജ്‌കുമാർ മരിച്ചു. ക്രൂരമായ മർദ്ദനത്തിന് ഇരയായാണ് മരണമെന്ന് സംശയമുണ്ടായിരുന്നെങ്കിലും പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് സംഭവത്തിന്റെ തീവ്രത വെളിപ്പെടുന്നത് .