കൊച്ചി : വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന്റെ മരണത്തിന് തിരുവനന്തപുരത്തെ സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും അതോടൊപ്പം ബാലഭാസ്‌കറിന്റെ സ്വത്തുക്കൾ ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ പ്രതികളായ പ്രകാശൻ തമ്പി, വിഷ്ണു എന്നിവരെ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ഇവരുടെയും ഡ്രൈവർ അർജുന്റെയും ക്രിമിനൽ പശ്ചാത്തലം അന്വേഷിച്ച് വരികയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കൂടാതെ അപകടം ഉണ്ടായ ദിവസത്തെ റോഡിന്റെ സ്വഭാവത്തെപ്പറ്റി ദേശിയപാത അതോറിറ്റിയോടും,റോഡിന്റെ വെളിച്ചവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയോടും വിവരങ്ങൾ ചോദിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കോടതിയിൽ പറഞ്ഞു.
ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ചും, ബലഭാസ്‌കർ 2018 ഒക്ടോബർ രണ്ടിനുമാണ് മരണത്തിന് കീഴടങ്ങിയത്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും പരിക്കുകളോടെ രക്ഷപ്പെട്ടു.