police

പീരുമേട്ടിൽ പൊലീസിന്റെ മർദ്ദനത്തിൽ കസ്റ്റഡിയിലെടുത്തയാൾ മരണപ്പെട്ട സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ. ജയശങ്കർ. കക്കയം ക്യാമ്പിൽ ഉരുട്ടി കൊന്ന സംഭവമുണ്ടായ പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നാല്പത്തിനാലാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് കേരളത്തിൽ രാജ്കുമാറിന്റെ കസ്റ്റഡി മരണം സംഭവിച്ചിരിക്കുന്നത്. ഉരുട്ടി കൊന്ന രാജന്റെ മൃതദേഹം കിട്ടിയില്ല, രാജ്കുമാറിന്റെ ബോഡി ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും കഴിഞ്ഞു ബന്ധുക്കൾക്ക് വിട്ടു കൊടുത്തു, അത്രേയുള്ളു രണ്ട് സംഭവങ്ങളിലേയും പ്രത്യക്ഷത്തിലുള്ള വ്യത്യാസം.

അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നാട്ടിലുള്ളത്. കുറ്റക്കാരായ പൊലീസുകാരെ ഇപ്പോൾ സസ്‌പെൻഡ് ചെയ്താലും വരാപ്പുഴ മാതൃകയിൽ അവരെ ഉടനെ തിരിച്ചെടുത്ത് പ്രമോഷൻ നൽകുമെന്നും അഡ്വ. ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നു പറഞ്ഞപ്പോൾ നിങ്ങളൊന്നും വിശ്വസിച്ചില്ല.

കക്കയം ക്യാമ്പിൽ രാജനെ ഉരുട്ടി കൊന്നത് പ്രഖ്യാപിത അടിയന്തരാവസ്ഥ; പീരുമേട്ടിൽ രാജ്കുമാറിനെ ഉരുട്ടി കൊന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ. രാജൻ്റെ മൃതദേഹം കിട്ടിയില്ല. രാജ്കുമാറിൻ്റെ ബോഡി ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും കഴിഞ്ഞു ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. അതേയുളളൂ വ്യത്യാസം.

പ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നാല്പത്തിനാലാം വാർഷികംആഘോഷിക്കുന്ന വേളയിലാണ് രാജ്കുമാറിൻ്റെ കസ്റ്റഡി മരണം സംഭവിച്ചത്. അതും അടിയന്തരാവസ്ഥയിൽ മർദ്ദനം അനുഭവിച്ച നമ്മുടെ വിജയേട്ടൻ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചു മുഖ്യമന്ത്രിയായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തിൽ.

പ്രഖ്യാപിത അടിയന്തരാവസ്ഥയിൽ പ്രതിപക്ഷത്തിന്റെ ശല്യമില്ലായിരുന്നു. പത്രങ്ങൾക്ക് സെൻസർഷിപ്പും ഉണ്ടായിരുന്നു. ഇപ്പോൾ ഈ സൗകര്യമൊന്നുമില്ല. അതുകൊണ്ട് മൂന്നു നാലു നിയമപാലകരെ സസ്പെൻഡു ചെയ്യേണ്ടിവന്നു. സാരമില്ല. വരാപ്പുഴ മാതൃകയിൽ അവരെ ഉടനെ തിരിച്ചെടുക്കുകയും പ്രമോഷൻ നൽകുകയും ചെയ്യും.

ഇന്ത്യൻ ഭരണഘടന ഉടൻ ഭേദഗതി ചെയ്യണം. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്യാനും സംസ്ഥാന സർക്കാരിനും അധികാരം നൽകണം