shylaja

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്തെത്തി. അവകാശം സ്ഥാപിക്കേണ്ട ഇടമല്ല ശബരിമലയെന്നും അങ്ങനെ പോകുന്നത് സംഘർഷം ഉണ്ടാക്കാനേ ഉപകരിക്കൂ എന്നും അവർ ഒരു മലയാളം മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അങ്ങനെ പോകുന്നവർക്ക് വേറെയും ക്ഷേത്രങ്ങളുണ്ട്. ശബരിമല അതിനുള്ള ഇടമല്ലെന്നും അവർ വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാണ്. സ്ത്രീകൾ അശുദ്ധിയുള്ളവരാണെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകൾ മലകയറുന്നതിൽ അയ്യപ്പന് കോപം ഉണ്ടാവുകയില്ല. ഏതെങ്കിലും സ്ത്രീക്ക് അയ്യപ്പനെ കാണാൻ അതിയായ ആഗ്രഹമുണ്ടെങ്കിൽ അതിനെ തടയരുത്. അവർ മനസമാധാനത്തോടെ പോയി തൊഴുത് വരട്ടെ. എന്നാൽ അവകാശം സ്ഥാപിക്കാനായി ഇടിച്ചുതള്ളി പോവുകയാണെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. സംഘർഷമുണ്ടാക്കാനേ ഇത് ഉപകരിക്കൂ. ശബരിമലയിൽ പോകാൻ ഭരണഘടനാപരമായി അവകാശം ഉണ്ടായിരിക്കും. പക്ഷേ അതിന്റെ പേരിൽ ചാടിപ്പുറപ്പെടണോയെന്ന് ചിന്തിക്കണം. അങ്ങനെ അവകാശം സ്ഥാപിക്കേണ്ട ഇടമല്ല ശബരിമല. അങ്ങനെ പോകേണ്ടവർക്ക് വേറെയും ക്ഷേത്രങ്ങളുണ്ട്. ശബരിമല അതിനുള്ള ഇടമല്ലെന്നും അവർ വ്യക്തമാക്കി. അയ്യപ്പനെ മാത്രമല്ല, ഗുരുവായൂരപ്പനെ കാണാൻ ആഗ്രഹമുള്ള ക്രിസ്‌ത്യാനിയെയും അതിന് അനുവദിക്കണമെന്നാണ് തന്റെ നിലപാട്. യേശുദാസിന്റെ പാട്ട് കേൾക്കാം, അദ്ദേഹത്തിന് ദേവനെ കാണാൻ അനുവാദമില്ലെന്ന് പറയുന്നത് ശരിയല്ലല്ലോയെന്നും അവർ വ്യക്തമാക്കി.