ഒസാക്ക: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീട അവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായി. ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. വ്യാപാരം, നിക്ഷേപം, ഊർജം, തീവ്രവാദം നേരിടുക തുടങ്ങിയ വിഷയങ്ങളിൽ പരസ്പരമുള്ള സഹകരണം ശക്തമാക്കാൻ ഇരുനേതാക്കളും തീരുമാനത്തിലെത്തി. ഈ യോഗത്തിലാണ് ഹജ്ജ് ക്വാട്ട സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയ മുഹമ്മദ് ബിൻ സൽമാനുമായി മോദി നടത്തിയ ചർച്ചയിൽ ഹജ്ജ് ക്വാട്ട വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു.
ഇന്ത്യയിൽ നിന്ന് ഇത്തവണ രണ്ട് ലക്ഷത്തോളം വിശ്വാസികൾ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുക്തർ അബ്ബാസ് നഖ്‌വി അറിയിച്ചു. ഇതിൽ 48 ശതമാനം പേരും സ്ത്രീകളാണ്. പുരുഷ അകമ്പടിയില്ലാതെ 2340 സ്ത്രീകൾ പുരുഷ അകമ്പടിയില്ലാതെ ഹജ്ജിന് പുറപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം ഇത് 1180 പേരായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം ആളുകൾ ഹജിൽ പങ്കെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുന്നിൽ നിൽക്കുന്ന സൗദി അറേബ്യയുമായി വിവിധ കാര്യങ്ങളിൽ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകാനും ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനമായി. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയ മുഹമ്മദ് ബിൻ സൽമാനുമായി ഇന്ത്യ പാകിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന തീവ്രവാദത്തെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. തീവ്രവാദത്തെ നേരിടുന്നതിൽ ഇരുരാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കാനും ഇരുനേതാക്കളും തീരുമാനിച്ചിരുന്നു.