siby-malayil-mohanlal

ദേവദൂതനിൽ മോഹൻലാൽ അഭിനയിക്കുന്നതിനോട് തനിക്ക് താൽപര്യമില്ലായിരുന്നെന്ന് സംവിധായകൻ സിബി മലയിൽ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഏഴ് വയസുള്ള ഒരു കുട്ടിയുടെ കാഴ്ചപ്പാടിലായിരുന്നു ആദ്യം ചിത്രം പ്ലാൻ ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി.

'ദേവദൂതൻ എന്ന സിനിമ ആദ്യം തീരുമാനിച്ചത് നവോദയക്ക് വേണ്ടിയായിരുന്നു. രഘുനാഥ് പാലേരി നവോദയിലേക്ക് എത്തുന്നത് ഈയൊരു ചിത്രത്തിന്റെ എഴുത്തുമായി ബന്ധപ്പെട്ടായിരുന്നു. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന് പകരം ഒരു ഏഴുവയസുള്ള കുട്ടിയായിരുന്നു. ഏഴുവയസുള്ള കുട്ടിയുടെ കഴ്ചപ്പാടിലൂടെയായിരുന്നു സിനിമ പ്ലാൻ ചെയ്തത്. ആ പ്രൊജക്ട് അന്ന് നടന്നില്ല. പിന്നെ 17 വർഷങ്ങൾക്ക് ശേഷം ആ സ്‌ക്രിപ്റ്റ് തപ്പിയെടുത്ത് വീണ്ടും എഴുതിയതാണ് പുതിയ വേർഷൻ.

ഏഴുവയസുള്ള കുട്ടിയിൽ നിന്ന് അതൊരു ടീനേജർ ലെവലിലാക്കി. ആദ്യം സ്‌കൂളിന്റെ പശ്ചാത്തലത്തിലെഴുതിയത് പിന്നെ കോളേജ് പശ്ചാത്തലത്തിലാക്കി. കാസ്റ്റിംഗിന്റെ ഘട്ടത്തിലെത്തിയപ്പോഴാണ് യാദൃശ്ചികമായി മോഹൻലാൽ ഈ കഥ കേൾക്കുന്നത്. ഞാൻ ചെയ്യാമെന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു, എനിക്ക് അതിനോട് താൽപര്യമില്ലായിരുന്നു.

ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തിൽ ലാലിനെ കൊണ്ടുവരിക ബുദ്ധിമുട്ടായിരുന്നു. പ്രൊഡ്യൂസേഴ്‌സും മോഹൻലാലിനെ ഉപയോഗിച്ചു കൂടെ എന്ന നിർദേശം മുന്നോട്ട് വച്ചു. ആ കഥ മാറ്റാൻ നിർബന്ധിതനായി. പൂർണ മനസോടെയല്ലാതെ അത് മാറ്റേണ്ടിവന്നു. മാറ്റത്തിന്റെ കുറവുകളൊക്കെ ആ സിനിമയ്ക്കുണ്ട്. എന്നാൽ ടെക്‌നിക്കലി കാലത്തിന്റെ മാറ്റങ്ങൾ ഉപയോഗിച്ച് ചെയ്യാൻ പറ്റി.'-അദ്ദേഹം പറഞ്ഞു.