വിവാഹമോചനത്തിലൂടെ കടന്നു പോകുകയെന്ന് വച്ചാൽ അൽപ്പം ബുദ്ധിമുട്ടുള്ള ഏർപ്പാടാണ്. മാനസികമായി ഏറെ തളർത്തുന്ന ഒന്നാകാം അത്. പണ്ടൊക്കെ വിരളമായിരുന്ന ഇത് ഇന്നത്തെ തലമുറയിൽ ഒരുപാട് കണ്ട് വരുന്നുണ്ട്. ഒന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമാകും ഒടുവിൽ വേർപിരിയലിന്റെ ഘട്ടത്തിലേക്ക് പലരേയും കൊണ്ടെത്തിക്കുന്നത്. ആസിഫ് അലിയും അഹമ്മദ് സിദ്ദിഖും പ്രധാന വേഷങ്ങളിലെത്തുന്ന കക്ഷി അമ്മിണിപ്പിള്ള ഡിവോഴ്സിനെ കോമഡിയിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ദാമ്പത്യ ജീവിതം പരസ്പരം മനസിലാക്കി പ്രശ്നങ്ങൾ പരിഹരിച്ച് പോകേണ്ട ഒന്നാണെന്ന സന്ദേശവും ചിത്രം നൽകുന്നുണ്ട്. സിനിമാ വ്യവസായത്തിൽ കാലങ്ങളായി നിലനിന്നു പോന്ന മെലിഞ്ഞു സുന്ദരിയായ നായികാ സങ്കൽപ്പത്തിനെ പൊളിച്ചെഴുതുന്ന സമീപകാല ചിത്രങ്ങളുടെ നിരയിലേക്കും ദിഞ്ചിത്ത് അയ്യത്താൻ സംവിധാനം ചെയ്ത കക്ഷി അമ്മിണിപ്പിള്ളയ്ക്ക് സ്ഥാനമുണ്ട്.
വീട്ടുകാരുടെ അമ്മിണി
അമ്മിണിപ്പിള്ളയ്ക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കുന്നത് മുഴുവൻ വീട്ടുകാരാണ്. പ്രവാസിയായിട്ടും അതിൽ മാറ്റം ഒന്നുമില്ല. ഷജിത്ത് എന്ന് തന്റെ ഔദ്യോഗിക നാമം പോലും അയാളെ ആരും വിളിക്കാറില്ല. നാട്ടിലെത്തിയപ്പോ മകനെ പിടിച്ച് വീട്ടുകാർ വിവാഹം കഴിപ്പിക്കുകയും ചെയ്തു. അമ്മിണിയോട് അഭിപ്രായം ചോദിക്കാതെ അന്നേ വരെ ഒന്ന് കണ്ടിട്ട് പോലും ഇല്ലാത്ത കാന്തി അവന്റെ ഭാര്യയായി. കാന്തിയുടെ ശരീരാകൃതി, ഭക്ഷണശീലം തൊട്ട് ഒന്നും അങ്ങോട്ട് ഉൾക്കൊള്ളാൻ അവന് കഴിഞ്ഞില്ല. സഹികെട്ട് അവസാനം അമ്മിണിപ്പിള്ള വിവാഹമോചനം വേണമെന്ന് കട്ടായം പറഞ്ഞു. വീട്ടുകാരുടെ എതിർപ്പ് ഒന്നും അവന് വിഷയമല്ലാതായി കഴിഞ്ഞിരുന്നു. എന്നാൽ വിവാഹമോചനം നേടാൻ മാത്രം ശക്തമായ വാദങ്ങൾ ഉന്നയിക്കാനില്ലാത്ത അമ്മിണിപ്പിള്ളയുടെ കേസ് അരും ഏറ്റെടുക്കാൻ തയ്യാറില്ല. ഒടുവിൽ അധികം പ്രശസ്തനല്ലാത്ത പ്രദീപൻ വക്കീൽ കേസ് ഏറ്റെടുക്കുന്നു. വെറുമൊരു ഡിവോഴ്സ് കേസിനപ്പുറത്തേക്ക് പ്രദീപന്റെ കുശാഗ്ര ബുദ്ധി കേസിനെ കൊണ്ടെത്തിക്കുന്നു.
വ്യത്യസ്തയായ നായിക
മെലിത്ത് സുന്ദരിയായ നായികാ സങ്കൽപ്പത്തിനോട് മാറിയ സമീപനം സിനിമകൾ ഈയിടയായി പ്രകടമാക്കുന്നുണ്ട്. കക്ഷി അമ്മിണിപ്പിള്ളയിലെ നായിക ഭക്ഷണം മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് നോക്കി കഴിക്കുന്ന ആളല്ല. സ്വന്തം ഭർത്താവിൽ നിന്നു പോലും തടി കൂടി പോയതിന്റെ പേരിൽ ആക്ഷേപം നേരിടുമ്പോൾ അയാൾ തന്നെ സ്നേഹിക്കുന്നില്ലലോ, അതിന്റെ കാരണം അറിയിലല്ലോ എന്ന വിഷമം മാത്രമേ അവൾക്കുള്ളു. തടി കുറച്ച് ഭർത്താവിനെ ആകർഷിക്കാൻ ശ്രമിക്കുന്ന ക്ളിഷേയിൽ നിന്ന് മാറി 'ബോഡി ഷേമിംഗി'നെ എടുത്ത് പറയാതെ വിമർശിക്കുകയും ചെയ്യുന്നുണ്ട് ചിത്രം.
വീട്ടുകാർ കണ്ടെത്തുന്ന പങ്കാളിയെ വിവാഹം കഴിക്കുന്നതിന് മുൻപ് അവരെ മനസിലാക്കേണ്ടത് വളരെ പ്രധാനമാണെന്ന സന്ദേശം ഇടയ്ക്കിടയ്ക്ക് പറയുമ്പോഴും ഒരു ബന്ധത്തിന്റെ ദൈർഘ്യം എല്ലാം ശരിയാക്കും എന്ന ധാരണ പ്രേക്ഷകിലേക്കെത്തിക്കുന്നതിലെ ഉദ്ദേശം വ്യക്തമല്ല. ആദ്യാവസാനം ചിരിപ്പിക്കുകയില്ലെങ്കിലും അസ്വദിച്ച് കാണാവുന്ന ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള.
പ്രകടനം
ആസിഫ് അലിയുടെ വ്യത്യസ്തമായ കഥാപാത്രമാണ് അഡ്വക്കേറ്റ് പ്രദീപൻ. കേസ് ജയിക്കാൻ എന്തുമാകാം എന്ന സ്ഥിരം വക്കീൽ സമീപനത്തെ വിമർശിക്കുന്നുണ്ട് ചിത്രത്തിൽ. ആസിഫ് അലി ചെയ്ത നല്ല കഥാപാത്രങ്ങളുടെ കൂട്ടത്തിൽ പ്രദീപന് സ്ഥാനമുണ്ട്. അമ്മിണിപ്പിള്ള കുട്ടികളെ പോലെ വീട്ടുകാർ കാണുന്ന പൗരുഷില്ലാത്ത വ്യക്തി. അഹമ്മദ് സിദ്ദിഖിന് നൂറ് ശതമാനം ചേരുന്ന കഥാപാത്രം. നായികയായി ഫാറ ഷിബില മികച്ച പ്രകടനം കാഴ്ച വച്ചു. കഥാപാത്രത്തിനായി തടി കൂട്ടേണ്ടി വന്നതായി ഈയിടെ നടി വെളിപ്പെടുത്തിയിരുന്നു. ബേസിൽ ജോസഫ്, നിർമൽ പാലാഴി, മാമുക്കോയ, വിജയരാഘവൻ, ശ്രികാന്ത് മുരളി, സുദീഷ് തുടങ്ങിയവരുടെ കഥാപാത്രങ്ങൾ നന്നായിരുന്നു.
ദിഞ്ചിത്ത് അയ്യത്താൻ എന്ന നവാഗത സംവിധായകന്റെ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. സംവിധാന രംഗത്തേക്ക് നല്ലൊരു തുടക്കം തന്നെയാണ് ചിത്രം. ലൈറ്റ് മൂഡിലുള്ള സനിലേഷ് ശിവന്റെ തിരക്കഥ തെറ്റില്ലാതെ അവതരിപ്പിക്കാൻ സംവിധായകനായി. ബാഹുൽ രമേശിന്റെ കാമറയും മികച്ചതാണ്. ചിത്രത്തിലെ ഗാനങ്ങളും അസ്വാദ്യകരമാണ്. അധികം ചിന്തിപ്പിക്കാതെ കുടുംബത്തോടൊപ്പം പോയി കണ്ടിറങ്ങാവുന്ന ഒരു സിനിമയാണ് കക്ഷി അമ്മിണിപ്പിള്ള.
വാൽക്കഷണം: കേസിന് വിജയസാദ്ധ്യതയുണ്ട്
റേറ്റിംഗ്: 3/5