dafini

പാറശാല : ഡാഫിനിയാണോടാ നിന്റെ കളി ഈ വീഡിയോ കാണുന്ന ആരും ചോദിച്ചു പോകുന്ന ചോദ്യമിതാവും. സംഭവമിങ്ങനെ തലസ്ഥാന ജില്ലയിലെ പാറശാലയിൽ പെട്ടിക്കട നടത്തി ജീവിക്കുന്ന വീട്ടമ്മയാണ് ഡാഫിനി. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ ഒരു യുവാവ് ഡാഫിനിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കുപ്പികൊണ്ട് മോഷ്ടാവിന്റെ തലയ്‌ക്കൊരെണ്ണം പടേന്ന് കൊടുത്താണ് ഡാഫിനി സോഷ്യൽമീഡിയയിൽ താരമാകുന്നത്. വിരാലി പഞ്ചായത്തിന് മുന്നിലാണ് ഡാഫിനിയുടെ പെട്ടിക്കട. ഇവിടെ രാവിലെ ബൈക്കിലെത്തിയ രണ്ടംഗ മോഷണ സംഘത്തിൽ ഒരാൾ കടയിലെത്തി വെള്ളം ആവശ്യപ്പെടുകയായിരുന്നു. ഇതേ സമയം ബൈക്ക് സ്റ്റാർട്ടാക്കി രണ്ടാമൻ കാത്തുനിൽക്കുകയായിരുന്നു. കുപ്പിവെള്ളം വാങ്ങി നൂറു രൂപയുടെ നോട്ടാണ് യുവാവ് നൽകിയത്. ബാക്കി നൽകാനായി ഡാഫിനി തിരിഞ്ഞതോടെ കഴുത്തിലെ മാലപൊട്ടിച്ചെടുക്കാൻ യുവാവ് ശ്രമിക്കുകയായിരുന്നു. എന്നാൽ ഈ സമയം കൈയ്യിൽ കിട്ടിയ വെള്ളക്കുപ്പി കൊണ്ട് ഡാഫിനി മാലക്കള്ളന്റെ തലയിലടിച്ചു. അടി കിട്ടിയതോടെ ജീവനും കൊണ്ട് മോഷ്ടാവ് സ്റ്റാർട്ടാക്കി നിർത്തിയ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. മാല പൊട്ടിയെങ്കിലും ഒരു തരി പോലും കൊണ്ടുപോകുവാൻ മോഷ്ടാവിനായില്ല, പക്ഷേ കവർച്ചയ്ക്കിടയിൽ വീട്ടമ്മയുടെ കഴുത്തിന് പരിക്കേറ്റു.