ഡേറം: ത്രില്ലർ ജയത്തിന്റെ കരുത്തിൽ മൂന്നാം ജയം തേടി ശ്രീലങ്ക ഇന്നിറങ്ങുന്നു. സെമി പ്രതീക്ഷകൾ അടഞ്ഞ ദക്ഷിണാഫ്രിക്കയാണ് എതിരാളി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക് ബൗളിംഗ് തിരഞ്ഞെടുത്തു. ആതിഥേയരെ തകർത്ത ആത്മവിശ്വാസത്തോടെയാണ് ലങ്കയ്ക്ക് ഇന്നിറങ്ങുന്നത്. പരാജയം രുചിച്ച് മടക്ക ടിക്കറ്റെടുത്ത ദക്ഷിണാഫ്രിക്ക, ശേഷിക്കുന്ന മത്സരം സ്വന്തമാക്കാൻ ഒരുങ്ങിയാണ് എത്തുന്നത്. കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ് ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണുള്ളത്.
ജയിച്ച് മടങ്ങാൻ
പ്രതീക്ഷയെല്ലാം അസ്തമിച്ചു. ലോകകപ്പിൽ നിന്നും മടങ്ങുകയാണ് ദക്ഷിണാഫ്രിക്ക. ഒരു ജയം മാത്രമേയുള്ളൂ ടീമിന്റെ അക്കൗണ്ടിൽ. എങ്കിലും ശേഷിക്കുന്ന മത്സരങ്ങളിൽ വിജയക്കൊടി പാറിച്ച് യാത്രപറച്ചിൽ അവിസ്മരണീയമാക്കാൻ ഉറച്ചാണ് ഫാഫും സംഘവും ഇറങ്ങുന്നത്. പോരായ്മകളെല്ലാം പരിഹരിക്കാൻ സാധിച്ചിട്ടില്ലെങ്കിലും ദുർബലരായ ശ്രീലങ്കയെ അനായാസം പരാജയപ്പെടുത്താമെന്ന് ടീം കണക്കുകൂട്ടുന്നു. എന്നാൽ, കഴിഞ്ഞ മത്സരത്തോടെ ആതിഥേയരെ വിറപ്പിച്ച ലങ്ക വെല്ലുവിളി ഉയർത്തുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയിൽ നായകൻ ഫാഫ്, ക്വിന്റൻ ഡി കോക്ക്, വാൻ ഡെർ ഡസൻ, പെഹ്‌ലുക്വായോ എന്നിവർ മാത്രമാണ് പ്രതീക്ഷ. എന്നാൽ, ബാറ്റിംഗിൽ സ്ഥിരതയില്ല. പാകിസ്ഥാനോട് 48 റൺസിനാണ് ടീം പരാജയപ്പെട്ടത്. കൃത്യമായ ഇടവേളകളിൽ മദ്ധ്യനിര പാക് ബൗളർമാർക്ക് മുന്നിൽ കുരുങ്ങിയതാണ് തോൽവിയിലേക്ക് കൂപ്പുകുത്താൻ കാരണം. തുടക്കത്തിലെ മെല്ലെപ്പോക്കിനു ശേഷം അവസാന ഓവറുകളിലെ കൂറ്റനടിയാണ് പാകിസ്ഥാനെ 300 കടത്തിയത്. പകരക്കാരനായി എത്തി 59 പന്തിൽ നിന്ന് 89 റൺസ് നേടിയ ഹാരിസ് സൊഹൈലാണ് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചത്. 308 റൺസ് എന്ന ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരിക്കൽപ്പോലും വിജയപ്രതീക്ഷ ഉണർത്താനായില്ല. ടീമിൽ തിരിച്ചെത്തിയ ലുങ്കി എൻഗിഡി മൂന്ന് വിക്കറ്റെടുത്തിരുന്നു. എൻഗിഡി- റബാഡ സഖ്യം ലങ്കൻ പടയുടെ മുനയൊടിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.
ജയിച്ച് കയറാൻ
ശ്രീലങ്കയ്ക്ക് ഇത് ജീവൻ മരണ പോരാട്ടമാണ്. സെമി സാദ്ധ്യത ഉറപ്പിക്കാൻ ജയിച്ചേ മതിയാകൂ. തോൽവി എല്ലാ പ്രതീക്ഷകളും തകർക്കും. എന്നാൽ, തോറ്റ് തൊപ്പിയിട്ട് വരുന്ന ദക്ഷിണാഫ്രിക്കയെയും എറിഞ്ഞു വീഴ്ത്തുകയെന്ന തന്ത്രം തന്നെയാണ് ടീം പയറ്റുക. 233 റൺസ് എന്ന കുറഞ്ഞ ലക്ഷ്യത്തെ പിന്തുടർന്ന ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത് മലിംഗയുടെ പേസ് ആക്രമണമാണ്. മലിംഗ 10 ഓവറിൽ 43 റൺസിന് നാല് വിക്കറ്റാണ് പിഴുതത്. മുൻനിരയെ തകർത്താണ് മലിംഗ ശ്രീലങ്കയ്ക്ക് 20 റൺസിന്റെ ജയം ടീമന് സമ്മാനിച്ചത്. മലിംഗയടങ്ങുന്ന ബൗളിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ തന്ത്രങ്ങൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ഗുണം ചെയ്യുമെന്ന് ടീം കണക്ക് കൂട്ടുന്നു. അതേസമയം, ബാറ്റിംഗ് നിരയുടെ തകർച്ചയാണ് ലങ്കയ്ക്ക് വെല്ലുവിളി. ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്കയുടെ ഇന്നിംഗ്‌സ് തകർച്ചയോടെ ആയിരുന്നു. മൂന്നു റൺസെടുക്കുന്നതിനിടെ ക്യാപ്ടൻ ദിമുത്ത് കരുണരത്‌നെ (1), കുശാൽ പെരേര (2) എന്നിവരുടെ വിക്കറ്റുകൾ വീണു. എയ്ഞ്ചലോ മാത്യൂസിന്റെ ഒറ്റയാൾ പോരാട്ടമാണ് ശ്രീലങ്കയെ 232 എന്ന് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. പുറത്താകാതെ 85 റൺസാണ് താരം നേടിയത്. ഇന്ന് എയ്ഞ്ചലോ മാത്യൂസടക്കം തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബാറ്റിംഗ് നിരയുടെ ഫോമില്ലായ്മ ടീമിന് തലവേദനയാണ്.