കൊച്ചി : എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാന്മാരെ പുറത്താക്കിയ നടപടി അപലനീയമെന്ന് വിമത വിഭാഗം വൈദികർ. കൂടാതെ കർദിനാൾ ആലഞ്ചേരി രാത്രി ചുമതലയേറ്റത് പരിഹാസ്യമായ കാര്യമാണെന്നും വൈദികർ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ആലുവയിൽ ചേർന്ന വൈദികരുടെ യോഗം പ്രമേയം പാസാക്കി.
വത്തിക്കാന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം എറണാകുളം-അങ്കമാലി അതിരൂപതയുടെ പൂർണ ഭരണച്ചുമതലയിലേക്ക് വീണ്ടും കർദിനാൾ എത്തിയിരുന്നു. ഭൂമിയിടപാടിൽ വൈദികർക്കൊപ്പം നിന്ന സഹായ മെത്രാന്മാരെ ചുമതലകളൊന്നും നൽകാതെ പുറത്താക്കിയിരുന്നു.
ഭൂമിയിടപാടിൽ അന്വേഷണ റിപ്പോർട്ട് വിശ്വാസികളോടും വൈദികരോടും വിശദീകരിക്കാത്ത പക്ഷം ആരോപണ വിധേയനായ കർദിനാൾ ആ സ്ഥാനത്തേക്ക് വീണ്ടും വരുന്നത് അപഹാസ്യകരമായ നടപടിയാണെന്നും വൈദികർ വ്യക്തമാക്കി. അഗ്നി ശുദ്ധി വരുത്തിയ ശേഷമാണ് കദിനാൾ ചുവതലയേൽക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. അടുത്ത സിനഡ് ചേരുന്നത് വരെ നടപടികൾ നിർത്തിവയ്ക്കണമെന്നും വൈദികർ ആവശ്യപ്പെട്ടു.