തിരുവനന്തപുരം : അട്ടക്കുളങ്ങരയിലെ വനിത ജയിലിൽ നിന്നും മതിലുചാടി രക്ഷപ്പെട്ട യുവതികൾ പിടിയിലായതോടെ സംഭവത്തിന് പിന്നിൽ മറ്റാരുടേയെങ്കിലും കൈകളുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. പിടിയിലായ തടവ്പുള്ളികളെ പൊലീസ് ചോദ്യം ചെയ്തപ്പോൾ നിരവധി വിവരങ്ങളാണ് ലഭിച്ചത്. ജയിൽ ചാടുന്നതിനായി ദിവസങ്ങൾ നീണ്ട ആസൂത്രണം നടത്തിയതായി യുവതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതേ സമയം സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുള്ളതായി ജയിൽ ഡിഐജി സന്തോഷ് കുമാറിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോർട്ട് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന് നൽകും. മോഷണ തട്ടിപ്പ് കേസുകളിൽ പ്രതികളായി പൊലീസ് പിടികൂടിയതോടെയാണ് സന്ധ്യയും ശിൽപയും അട്ടക്കുളങ്ങരയിലെ വനിത ജയിലിലെത്തുന്നത്. അഭിഭാഷകനുമായി സംസാരിക്കവേ ആറ് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് മനസിലായതോടെയാണ് രക്ഷപ്പെടാൻ തീരുമാനിച്ചതെന്ന് യുവതികൾ പൊലീസിനോട് പറഞ്ഞു. രക്ഷപ്പെടാനായി ജയിലിലെ മൂന്നാമത്തെ നിലയിൽ കയറി പരിസരം നിരീക്ഷിച്ചിരുന്നു. മാലിന്യം കൂട്ടിയിട്ടിരുന്ന ബയോഗ്യാസ് പ്ലാന്റിന് സമീപത്തെ കമ്പിയിൽ തുണി ചുറ്റിയാണ് രക്ഷപ്പെട്ടത്.
അട്ടക്കുളങ്ങരജയിൽ മതിലിൽ കയറി റോഡിലേക്ക് ചാടിയ ഇവർ അതുവഴി വന്ന ആട്ടോറിക്ഷ കൈകാണിച്ച് നിർത്തി. അതിൽ കയറി എസ്.എ.ടി. ആശുപത്രിയിലെത്തി. കൈവശം പണമില്ലാതിരുന്ന ഇവർ പണവുമായി ഉടനെത്താമെന്ന് പറഞ്ഞ് ആട്ടോക്കാരനെ പറ്റിച്ച് മുങ്ങി. തിരിച്ചറിയാതിരിക്കാൻരോഗികളുടെ വസ്ത്രങ്ങൾ കൈക്കലാക്കി ഡ്രസ് മാറി. ജയിൽ ചാടിയ വേഷത്തിൽ കറങ്ങി നടന്നാൽ പിടിക്കപ്പെടുമെന്ന് കരുതിയായിരുന്നു ഇത്. മെഡിക്കൽ കോളേജിലും എസ്.എ.ടിയിലും നിന്ന് ചികിത്സയ്ക്കും മരുന്നിനും പണമില്ലെന്ന് പറഞ്ഞ് പലരിൽ നിന്നായി പൈസ പിരിച്ചു. രണ്ടായിരത്തിലധികം രൂപയുമായി അവിടെ നിന്ന് ആട്ടോയിൽ കയറി നഗരത്തിലെത്തി.ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ചു. രാത്രിയിൽ ബസിൽ പാരിപ്പള്ളി വഴി വർക്കലയിലെത്തിയ ഇവർ വീടിന്റെ ടെറസിൽ കിടന്നുറങ്ങി. പുലർച്ചെ വർക്കല റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ അവിടെ നിന്ന് അയിരൂർ സ്വദേശി വൈശാഖിന്റെ ആട്ടോയിൽ പാരിപ്പള്ളി ഭാഗത്തെത്തി. ആട്ടോ ഡ്രൈവർ വൈശാഖിന്റെ ഫോണിൽ നിന്ന് സന്ധ്യ ആരെയോ വിളിച്ചു.
ഫോൺ സംഭാഷണത്തിൽ സംശയം തോന്നിയ വൈശാഖ് ഇവരെ പാരിപ്പള്ളിയിൽ ഇറക്കിയശേഷം അതേ നമ്പരിലേക്ക് തിരിച്ചുവിളിച്ചു. സന്ധ്യയുടെ പുരുഷ സുഹൃത്തായിരുന്നു ഫോണെടുത്തത്. ഇയാളിൽ നിന്ന് ജയിൽ ചാടിയ യുവതികളായിരുന്നു ആട്ടോയിൽ യാത്രചെയ്തതെന്ന് തിരിച്ചറിഞ്ഞ ആട്ടോഡ്രൈവർ ഇക്കാര്യം ഉടൻ ഫോർട്ട് സി.ഐയെ അറിയിച്ചു.ഉടൻ ഫോർട്ട് അസി. കമ്മിഷണറുടെ നിർദേശാനുസരണം തിരുവനന്തപുരം റൂറൽ പൊലീസ് ഷാഡോ സംഘവും അയിരൂർ, കല്ലമ്പലം , ഫോർട്ട് എസ്.ഐ മാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് കുതിച്ചെത്തി. പാരിപ്പളളി, വർക്കല,കല്ലമ്പലം ഭാഗങ്ങൾ അരിച്ചുപെറുക്കി. ഇവർക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെ കൊച്ചുപാരിപ്പള്ളി ഭാഗത്ത് സന്ധ്യയെ കണ്ടതായി ഇവരുടെ ആദ്യഭർത്താവിന്റെ അയൽവാസിയായ ബാഹലേയൻ പൊലീസിനെ അറിയിച്ചു. പൊലീസ് ഇവിടേക്ക് പാഞ്ഞെങ്കിലും വലയിൽപ്പെടാതെ യുവതികൾ കടന്നു.സ്‌കൂട്ടറുമായി മുങ്ങി ,പൊക്കികൈവശമുള്ള പണം തീരുകയും പൊലീസ് തങ്ങൾക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് മനസിലാക്കുകയും ചെയ്ത ഇരുവരും തമിഴ്നാട്ടിലേക്ക് കടക്കാൻ തീരുമാനിച്ചു.
ഇതിനുള്ള മാർഗങ്ങൾ ആലോചിക്കുന്നതിനിടെയാണ് പാരിപ്പള്ളിയിൽ സെക്കന്റ് ഹാന്റ് വാഹന ഷോറൂമിൽ വിൽക്കാൻ വച്ചിരുന്ന സ്‌കൂട്ടർ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്‌കൂട്ടർ വാങ്ങാനെന്നവ്യാജേന സന്ധ്യയെത്തി. വൈകിട്ട് പണവുമായി വരാമെന്ന് പറഞ്ഞപോയി. വൈകിട്ട് മൂന്നുമണിയോടെ ഇരുവരും പാരിപ്പള്ളി ജംഗ്ഷനിലെ സെക്കന്റ് ഹാന്റ് ടൂവീലറുകൾ വിൽക്കുന്ന കടയിലെത്തി. അവിടെ വിൽപ്പനയ്ക്ക് വച്ചിരുന്ന സ്‌കൂട്ടർ ഓടിച്ച് നോക്കാനായി എടുത്തു. ഇരുവരും സ്‌കൂട്ടറിൽ കയറി ഓടിച്ചു പോയി. ഏറെ നേരമായിട്ടും സ്‌കൂട്ടറിൽ പോയവർ തിരികെ വരാത്തതിനെ തുടർന്ന് കടക്കാരൻ വിവരം പൊലീസിനെ അറിയിച്ചു. പാരിപ്പളളി പൊലീസെത്തി അന്വേഷണം നടത്തിയപ്പോഴാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകളാണ് സ്‌കൂട്ടറുമായി കടന്നതെന്ന് തിരിച്ചറിഞ്ഞത്.പാരിപ്പള്ളിയിൽ നിന്ന് പാലോട് ഭാഗത്തേക്ക് ഇവർ പോയതായി വിവരം ലഭിച്ച അന്വേഷണ സംഘം പാങ്ങോട്, പാലോട് പൊലീസ് സ്റ്റേഷനുകളിൽ അറിയിച്ചു.
പാങ്ങോട് ശിൽപ്പയുടെ വീട്ടിലും പരിസരത്തും പാലോട് പ്രദേശത്തും നിരീക്ഷണം തുടരുന്നതിനിടെ അടപ്പുപാറ വനത്തിന്റെ ഭാഗത്ത് വച്ച് സ്‌കൂട്ടറിൽ യാത്രചെയ്ത ഇവരെ പൊലീസ് കണ്ടെത്തുകയും പിന്തുടർന്ന് പിടികൂടുകയുമായിരുന്നു. പാലോട് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇരുവരെയും രാത്രി തന്നെ വനിതാ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം ഇവരെ നഗരത്തിലെത്തിച്ചു. ഇന്ന് വിശദമായി ചോദ്യം ചെയ്യും.ജയിൽചാടിയതിന് പുറമേ പാരിപ്പള്ളിയിൽ സ്‌കൂട്ടർ തട്ടിയെടുത്ത് മുങ്ങിയതിനും ഇവർക്കെതിരെ കേസെടുത്തു. ഒളിവിൽ കഴിഞ്ഞ സമയത്ത് പണമോ സാധനങ്ങളോ മോഷ്ടിച്ചതിനും ആട്ടോക്കാരനെ കബളിപ്പിച്ച് മുങ്ങിയതിനും പരാതിലഭിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.