ഇടുക്കി: പീരുമേട് ജയിലിൽ മർദ്ദനമേറ്റ് മരിച്ച റിമാൻഡ് പ്രതി രാജ്‌കുമാറിന്റെ കുടുംബത്തെ സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി ഭാര്യ വിജയ രംഗത്തെത്തി. ഒരു പാർട്ടിക്കാരും തങ്ങളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും എല്ലാ പാർട്ടിക്കാരും ഒപ്പമുണ്ടെന്നും വിജയ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, കൂലി പണിക്ക് പോകുന്നയാളാണ് തന്റെ ഭർത്താവ്. പൊലീസ് അറസ്‌റ്റ് ചെയ്ത ശേഷം മാത്രമാണ് ആൾ സാമ്പത്തിക തട്ടിപ്പിൽ ഉൾപ്പെട്ടെന്ന് വ്യക്തമായത്. ഇംഗ്ലീഷോ മലയാളമോ എഴുതാനോ വായിക്കാനോ അറിയാത്ത ഭർത്താവ് എങ്ങനെ ഇത്രയും കോടി രൂപയുടെ തട്ടിപ്പ് കേസിൽ പ്രതിയായതെന്ന് അന്വേഷിച്ച് കണ്ടെത്തണം. ഭർത്താവിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷണം വേണമെന്നും വിജയ ആവശ്യപ്പെട്ടു.
രാജ്കുമാറിന്റെ ഉരുട്ടിക്കൊലയ്‌ക്ക് പിന്നിൽ സി.പി.എമ്മിലെ പ്രാദേശിക നേതൃത്വം ഇടപെട്ടതായി ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. രാജ്കുമാർ കസ്‌റ്റഡിയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് നെടുങ്കണ്ടം സ്‌റ്റേഷനിലെ ഒരു പൊലീസുകാരൻ പലവട്ടം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധു ആന്റണി ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്ക് ആന്റണി ഇന്ന് മൊഴിനൽകുമെന്നാണ് അറിയുന്നത്. തൂക്കുപാലത്ത് ഹരിത ഫൈനാൻസ് കമ്പനി സ്ഥാപിച്ച് സ്വയം സഹായ സംഘങ്ങളിൽ നിന്ന് കൈക്കലാക്കിയ പണത്തിൽ ഒരു കോടി രൂപ ഒരു പ്രമുഖന് രാജ്കുമാർ കടം കൊടുത്തിരുന്നു. കൂടാതെ 60 ലക്ഷം രൂപ ബ്ലേഡ് പലിശക്ക് പലർക്കായി നൽകുകയും ചെയ്തു. ഇതിൽ 72,500 രൂപ പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തിരുന്നു. ഒരു കോടി രൂപ വാങ്ങിയ പ്രമുഖന്റെ പേര് രാജ്കുമാർ വെളിപ്പെടുത്തിയതോടെയാണ് കിരാത മർദ്ദന മുറകൾ പൊലീസ് ആരംഭിച്ചതെന്നാണ് അറിയുന്നത്. സി.പി.എമ്മിന്റെ ഒരു നേതാവിന് ഇതിൽ പങ്കുണ്ടെണ്ടെന്ന ആക്ഷേപം ഇതോടെ ശക്തമായിരിക്കുകയാണ്.
12ന് രാജ്കുമാറിനെയും കൊണ്ട് രണ്ട് പൊലീസുകാർ സ്റ്റേഷനിലേക്ക് കയറിവരുന്നതിന്റെ ദൃശ്യങ്ങൾ സ്റ്റേഷനിലെ സി.സി ടി.വി യിൽ പതിഞ്ഞിട്ടുണ്ട്. ഇതോടെ 16നാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന പൊലീസ് വാദവും പൊളിഞ്ഞു. വിജിലൻസ് ഇന്നലെ സ്റ്റേഷനിലെത്തി സി.സി.ടി.വി പരിശോധിച്ചു. പല സമയത്തും സി.സി.ടി.വി ഓഫ് ആക്കിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്. കൂടാതെ കൂടുതൽ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞിട്ടുണ്ട്. പ്രതിയെയും കൊണ്ട് മജിസ്‌ട്രേറ്റിന്റെ മുമ്പിലേക്ക് പോവുന്നതിന്റെ ദൃശ്യങ്ങൾ സി.സി ടി.വിയിലില്ല. ഉരുട്ടലിന്റെ ഭാഗമായി റൂൾതടി കാലിൽ വച്ച് രണ്ട് പൊലീസുകാർ ഇരുവശത്തും കയറിനിന്നുവെന്നും വെളിവായിട്ടുണ്ട്. രണ്ട് പൊലീസ് ഡ്രൈവർമാരും ഒരു എ.എസ്.ഐയുമാണ് ഇതിന് നേതൃത്വം നല്കിയത്.