amit-shah

ന്യൂഡൽഹി: കാശ്‌മീർ വിഭജനം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർ ലാൽ നെഹ്‌റു ഏകപക്ഷീയമായി എടുത്ത തീരുമാനമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ ആരോപിച്ചു. കാശ്‌മീർ വിഭജനത്തെക്കുറിച്ച് സർദാർ വല്ലഭായി പട്ടേലുമായി നെഹ്‌റു ആലോചിച്ചിട്ട് പോലുമില്ല. നെഹ്‌റുവിന്റെ തെറ്റായ തീരുമാനം കാരണം ഇതിനോടകം തന്നെ കാശ്‌മീരിന്റെ മൂന്നിലൊന്നും ഇന്ത്യയ്‌ക്ക് നഷ്‌ടമായി. ഇന്ത്യയെ വിഭജിച്ചത് കോൺഗ്രസാണെന്നും ജനാധിപത്യത്തിന്റെ കാര്യത്തിൽ കോൺഗ്രസിന്റെ ഉപദേശം ബി.ജെ.പിക്ക് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാശ്‌മീരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മുകാശ്‌മീരിൽ ബി.ജെ.പിയും കേന്ദ്രസർക്കാരും ചേർന്ന് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ ഇതുവരെ 132 തവണ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 93 തവണയും കോൺഗ്രസുകാർ തന്നെയാണ് രാഷ്ട്രപതി ഭരണം നടപ്പിലാക്കിയതെന്ന് ഓർക്കണം. ഇത്തരക്കാരാണോ ഞങ്ങളെ ജനാധിപത്യത്തെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു. രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുകയും തീവ്രവാദത്തെ അമർച്ച ചെയ്യുകയുമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. പാകിസ്ഥാനുമായി വെടിനിറുത്തൽ പ്രഖ്യാപിച്ച് ഒരുഭാഗം അവർക്ക് കൊടുക്കാൻ തീരുമാനിച്ചത് നെഹ്‌റുവായിരുന്നു. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയാണ് കേന്ദ്രസർക്കാർ ഭരിക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ സ്വന്തം ആഭ്യന്തര മന്ത്രിയെപ്പോലും വിശ്വസിക്കാതെ നെഹ്റുവാണ് കാശ്‌മീർ വിഭജനത്തിന് തീരുമാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുമ്പോൾ കാശ്‌മീരിൽ തിരഞ്ഞെടുപ്പ് നടത്താമെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളാണ് രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമെന്നും അത് തീവ്രവാദത്തെ അമർച്ച ചെയ്യാൻ കേന്ദ്രത്തിനെ സഹായിക്കുമെന്നും കാശ്‌മീരിൽ രാഷ്ട്രപതി ഭരണം നീട്ടാനുള്ള നീക്കത്തെ എതിർത്ത് കൊണ്ട് കോൺഗ്രസ് എം.പി മനീഷ് തിവാരി സഭയിൽ പറഞ്ഞിരുന്നു. തങ്ങൾ ഇന്ത്യാക്കാരല്ലെന്ന ഭയം ബി.ജെ.പി ഭരിക്കുമ്പോൾ കാശ്‌മീരികൾക്കിടയിൽ വർദ്ധിച്ചിട്ടുണ്ട്. പി.ഡി.പിയുമായി ബി.ജെ.പി നടത്തിയ സഖ്യമാണ് കാശ്‌മീരിൽ രാഷ്ട്രപതി ഭരണത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് കോൺഗ്രസിനെയും നെഹ്‌റുവിനെയും കടന്നാക്രമിച്ച് കൊണ്ട് അമിത് ഷാ ആഞ്ഞടിച്ചത്.