chathurapayar

നാട്ടിൻപുറത്തൊരു പറച്ചിലുണ്ട്, ചതുരപ്പയർ വീട്ടിലുണ്ടെങ്കിൽ പിന്നെ ഇറച്ചി വാങ്ങാൻ പുറത്തു പോകേണ്ടെന്ന്. അങ്ങനെ പറയാൻ ഒരു കാരണമുണ്ട്. അത്രത്തോളം പ്രോട്ടീൻ കലവറയാണ് ഈ പയർച്ചെടി, മാത്രമല്ല കറിവച്ചാൽ ഇറച്ചിയും തോൽക്കും രുചിയിൽ. അതുകൊണ്ടാണ് പലയിടങ്ങളിലും ഇറച്ചിപ്പയർ, പ്രകൃതിദത്ത ഇറച്ചി എന്ന പേരിൽ ഈ പയർ അറിയപ്പെടുന്നതും. ചതുരപ്പയറിന്റെ കായ്, വിത്ത്, പൂവ്, കിഴങ്ങ് ഇവയെല്ലാം ഭക്ഷ്യയോഗ്യമാണ്. മഴക്കാലാരംഭമാണ് ചതുരപ്പയർ കൃഷി ആരംഭിക്കാൻ യോജിച്ച സമയം. പ്രത്യേകിച്ചും ജൂലൈ, ആഗസ്ത് മാസങ്ങളിൽ. നല്ല നീർവാർച്ചയുള്ള എല്ലാത്തരം മണ്ണിലും കൃഷി ചെയ്യാം.

എങ്ങനെ വിത്തു വിതയ്ക്കാം?
ഏകദേശം 45 സെന്റീമീറ്റർ വീതിയിലും 30 സെന്റീമീറ്റർ ഉയരത്തിലും എടുത്ത വാരങ്ങളിൽ വിത്തു വിതയ്ക്കാം. ഒരു ചുവട്ടിൽ മൂന്നു വിത്തുകൾ മതിയാകും. മണ്ണ് നന്നായി കിളച്ച് പാകപ്പെടുത്തി ചാണകപ്പൊടി കമ്പോസ്റ്റ് ചേർത്ത് വിത്തു പാകാം. മഴക്കാലമായതിനാൽ ഒരടി വീതിയും പൊക്കവുമുള്ള തടമെടുത്ത് ഒന്നരയടി അകലത്തിൽ വിത്തുപാകാം. വിത്തിട്ട് പത്തു ദിവസം കഴിഞ്ഞു മാത്രമേ ഇവ മുളയ്ക്കാറുള്ളൂ. ഒരു ദിവസം വെള്ളത്തിൽ കുതിർത്ത് വയ്ക്കുകയാണെങ്കിൽ വേഗത്തിൽ വിത്ത് മുളയ്ക്കും. ആദ്യത്തെ ഒരു മാസം വളരെ പതുക്കെയായിരിക്കും ചെടിയുടെ വളർച്ച. അതിനുശേഷം വേഗത്തിൽ വളരാൻ തുടങ്ങും. വിത്ത് നട്ട് മൂന്നാം മാസം നീല കലർന്ന വയലറ്റ് നിറമുള്ള പൂക്കൾ ഉണ്ടാകും.

എപ്പോൾ വളം ചേർക്കണം?
വളക്കൂറ് തീരെക്കുറവുള്ള മണ്ണിൽ ചതുരപ്പയർ വിളയിച്ചെടുത്താൽ മണ്ണിൽ നൈട്രജന്റെ അളവ് കൂട്ടാൻ സാധിക്കും. വള്ളിവീഴുന്ന മുറയ്ക്ക് പന്തൽ ഇടണം. ഈ സമയത്ത് ചുവടുതെളിയിച്ച് ചെടിയൊന്നിന് 100 ഗ്രാം എല്ലുപൊടിയും 100 ഗ്രാം വേപ്പിൻപിണ്ണാക്കും വേരിന് കേടുവരാത്തവിധം വേണം ഇളക്കി ചേർക്കേണ്ടത്. വള്ളികളുടെ ചുവട്ടിൽ പച്ചിലകൊണ്ട് പുതയിടാനും ശ്രദ്ധിക്കണം. അടിവളമായി സെന്റൊന്നിന് 80 കിലോഗ്രാം കാലിവളം നൽകാം. ചെടി പടർന്നു കയറാൻ താങ്ങോ പന്തലോ ആവശ്യമാണ്. വിത്തിട്ട് 70–75 ദിവസത്തിനുള്ളിൽ കറിക്കു യോജിച്ച ഇളംകായ്കൾ വിളവെടുപ്പു പരുവമെത്തും. മൂന്നാഴ്ച മൂപ്പായാൽ നാരുകൾ വർധിച്ച് ഭക്ഷ്യയോഗ്യമല്ലാതാവുന്നു. ഒരു ചെടിയിൽ നിന്നു മാത്രം ശരാശരി 30–35 കായ്കൾ ലഭിക്കും.

ഏതു കാലാവസ്ഥയാണ് നല്ലത്?
പൊതുവേ ദൈർഘ്യം കുറഞ്ഞ പകലാണ് ചതുരപ്പയർ പൂക്കുന്നത്. ഇതു തന്നെയാണ് ചതുരപ്പയറിനെ മഴക്കാല വിളയാക്കിയതും. മഴക്കാലത്ത് നട്ടാൽ ഒക്ടോബർ, നവംബറിൽ പുഷ്പിക്കുന്നതിന് തീർ ത്തും അനുയോജ്യമായ കാലാവസ്ഥ ലഭിക്കും. അതേ സമയം വർഷാദ്യം നട്ടാലും പൊതുവേ ഇവ ഒക്ടോബറിലേ പൂക്കൂ. കാലാവസ്ഥ വസരത്തിനൊത്തുള്ളതാണെങ്കിൽ 60 ദിവസത്തിൽ ചതുരപ്പയർ പൂക്കുകയും 20 ദിവസത്തിൽ കായ പറിച്ചെടുക്കുകയും ചെയ്യാം. ഇവയെ ബാധിക്കുന്ന ഇലമുരടിപ്പ് തടയാൻ പഴങ്കഞ്ഞി വെള്ളം തളിക്കാം.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ എന്തൊക്കെ?
കീടരോഗശല്യമൊന്നുമില്ലാത്തതിനാൽ ഒരിക്കൽ വളർത്തിയാൽ ചതുരപ്പയറിനെ ഉപേക്ഷിക്കാറില്ല. മനുഷ്യനോടൊപ്പം തണ്ണെ മണ്ണിനും ചതുരപ്പയറിനെ ഇഷ്ടമസാണ്. ഇതിന്രെ വേരിലുള്ള റൈസോബിയം മണ്ണിലെ നൈട്രജൻ ലഭ്യത കൂട്ടുകയാണ്.