india-hajj-quota

ഒസാക്ക: ഇന്ത്യയുടെ ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമാക്കി വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായി. നിലവിൽ ഇന്ത്യയുടെ ക്വോട്ട 1.7 ലക്ഷം ആയിരുന്നു.

ജപ്പാനിലെ ഒസാക്കയിൽ ജി-20 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്‌ച.

ഫെബ്രുവരിയിൽ ഇന്ത്യയിൽ എത്തിയ മുഹമ്മദ് ബിൻ സൽമാനുമായി മോദി ഹജ്ജ് ക്വോട്ട വർദ്ധിപ്പിക്കുന്നത് ചർച്ച ചെയ്‌തിരുന്നു.

ഇന്ത്യയിൽ നിന്ന് ഇത്തവണ രണ്ട് ലക്ഷത്തോളം വിശ്വാസികൾ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി അറിയിച്ചു. ഇതിൽ 48 ശതമാനവും സ്ത്രീകളാണ്. ഇത്തവണ പുരുഷ അകമ്പടിയില്ലാതെ 2,340 സ്ത്രീകൾ ഹജ്ജിന് പോകുന്നുണ്ട്. കഴിഞ്ഞ വർഷം ഇത് 1180 പേരായിരുന്നു. ഈ വർഷം ഹജ്ജിന് സബിസിഡി ഇല്ല. 21 പ്രദേശങ്ങളിൽ നിന്നായി 500 ലധികം വിമാനങ്ങളാണ് ഹജ്ജ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നത്. 1.4ലക്ഷത്തോളംപേർ ഇന്ത്യൻ ഹജ്ജ് കമ്മറ്റി മുഖേന പോകുമ്പോൾ ബാക്കിയുള്ളവർ വിവിധ ഹജ്ജ് സംഘടനകൾ വഴിയാണ് പോകുന്നത്. ജൂലായ് 4ന് ഡൽഹി, ഗയ, ഗോഹട്ടി, ശ്രീനഗർ എന്നിവിടങ്ങളിൽ നിന്നാണ് ഹജ്ജ് തീർത്ഥാടകരുമായി ആദ്യ വിമാനങ്ങൾ മദീനയിലേക്ക് പുറപ്പെടുന്നത്.