modification

വിവേകമില്ലാതെ മോഡിഫിക്കേഷൻ വരുത്തിയ വാഹനങ്ങൾ പലപ്പോഴും റോഡിൽ തലവേദന സൃഷ്‌ടിക്കുന്നത് നാം കാണാറുണ്ട്. ഇതിന് പുറമെ വാഹനത്തിലുള്ളവരുടെയും സഹയാത്രികരുടെയും സുരക്ഷയെയും ഇത്തരം വാഹനങ്ങൾ സാരമായി ബാധിക്കാറുണ്ടെന്നതാണ് സത്യം.ഇത് തടയാനായി ശക്തമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും പലരും പാലിക്കാറില്ല. എന്നാൽ അപകടകരമായ രീതിയിൽ മോഡിഫിക്കേഷൻ നടത്തുന്നവരെയും വാഹനം ഓടിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഒരുങ്ങുകയാണ് വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ. മോഡിഫിക്കേഷൻ നടത്തിയ വാഹനങ്ങളെ മാത്രമാണ് ആദ്യ ഘട്ടത്തിൽ പിടിച്ചിരുന്നതെങ്കിൽ ഇനി മോഡിഫിക്കേഷൻ നടത്തുന്ന മെക്കാനിക്കുകൾ, ഗാരേജുകൾ, കമ്പനികൾ എന്നിവരെ പൂട്ടാനൊരുങ്ങുകയാണ് ബംഗളൂരു ട്രാഫിക് പൊലീസ്.

ബംഗളൂരു നഗരത്തിൽ അപകടരമായ ബൈക്ക് റൈസിംഗ്, ബൈക്ക് സ്‌റ്റൻഡിംഗ് തുടങ്ങിയവ വ്യാപകമായെന്ന പരാതിയെ തുടർന്നാണ് പൊലീസ് ഇത്തരമൊരു നീക്കത്തിന് മുതിരുന്നത്. റൈസിംഗ് ബൈക്കുകൾ ഓടിക്കുന്നവർക്കൊപ്പം ഇതിനായി വാഹനങ്ങൾ തയ്യാറാക്കുന്നവരെയും പിടിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ഇത്തരം മെക്കാനിക്കുകളെ പിടിച്ചാൽ ബൈക്ക് റൈസിംഗ് കുറയ്‌ക്കാൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഇത്തരക്കാരെ കണ്ടെത്തുന്നതിന് സോഷ്യൽ മീഡിയ ഉപയോഗിച്ച് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.ഇത്തവണ പിടിക്കപ്പെട്ടാൽ ഒരു പിഴശിക്ഷയിൽ ഒതുങ്ങില്ലെന്നും കുറ്റക്കാരെ അപ്പോൾ തന്നെ അറസ്‌റ്റ് ചെയ്‌ത് കേസെടുക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.