ഒസാക:ഇന്ത്യ - യു. എസ് ഇറക്കുമതി നികുതി യുദ്ധം നിലനിൽക്കേ ഇന്ത്യയുമായി വളരെ വലിയ വ്യാപാര ഇടപാട് ഉണ്ടാകുമെന്നും വലിയ പ്രഖ്യാപനങ്ങൾ നടത്താനുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ജി -20 ഉച്ചകോടിയുടെ മുന്നോടിയായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഉലഞ്ഞ വ്യാപാര ബന്ധങ്ങളിൽ മഞ്ഞുരുകലിന്റെ സൂചനയാണിതെന്ന് കരുതുന്നു.
വ്യാപാര, ഉൽപ്പാദന മേഖലകളിൽ ഇന്ത്യയുമായി വലിയ ബന്ധങ്ങളാണ് നിലവിലുള്ളതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
മോദി രണ്ടാം തവണ അധികാരമേറ്റ ശേഷം ട്രംപുമായി നടത്തുന്ന ആദ്യ ചർച്ചയാണിത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതിച്ചുങ്കം ചുമത്തിയത് പിൻവലിക്കണമെന്ന് ട്രംപ് കടുത്ത ഭാഷയിൽ പറഞ്ഞതിന് പിന്നാലെ നടന്ന കൂടിക്കാഴ്‌ച ഏറെ പ്രധാനമാണ്.
വ്യാപാരത്തിന് പുറമേ ഭീകരവിരുദ്ധ പോരാട്ടം, ഇറാൻ, 5ജി കമ്മ്യൂണിക്കേഷൻ ശൃംഖല, പ്രതിരോധം തുടങ്ങിയ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്‌തു. ഇറാനെതിരായ അമേരിക്കൻ ഉപരോധം കണക്കിലെടുത്ത് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണമായി നിറുത്തിയ പശ്ചാത്തലത്തിലാണ് ഇറാൻ പ്രശ്‌നം ചർച്ച ചെയ്‌തത്. 5ജി കമ്മ്യൂണിക്കേഷൻ ട്രയലിൽ നിന്ന് ചൈനീസ് കമ്പനിയായ വാവേയിയെ സുരക്ഷാ കാരണങ്ങളാൽ ഒഴിവാക്കാൻ ഇന്ത്യയുടെയും ജപ്പാന്റെയും പിന്തുണയും ട്രംപ് തേടിയിട്ടുണ്ട്.
മോദിയെ അഭിനന്ദിച്ച് ട്രംപ്
തിരഞ്ഞെടുപ്പ് വിജയത്തിൽ മോദിയെ ട്രംപ് അഭിനിച്ചു. വലിയ വിജയമാണ് താങ്കൾ നേടിയത്. താങ്കൾ അർഹിക്കുന്ന വിജയമാണിത്. താങ്കളുടെ മഹത്തായ നേട്ടമാണത്. വ്യാപാര, ഉൽപ്പാദന മേഖലകളിൽ നമുക്ക് വലിയ പ്രഖ്യാപനങ്ങൾ നടത്താനുണ്ട്. 5ജി നമുക്ക് ചർച്ച ചെയ്യണം. നമ്മൾ ഇപ്പോൾ വലിയ സുഹൃത്തുക്കളാണ്. നമ്മുടെ രാജ്യങ്ങൾ മുമ്പെങ്ങും ഇത്രയും അടുത്തിട്ടില്ല. പ്രതിരോധവും വ്യാപാരവും ഉൾപ്പെടെയുള്ള മേഖലകളിൽ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കും - ട്രംപ് പറഞ്ഞു.
'ജയ് ' ത്രികക്ഷി യോഗം
നേരത്തേ ജപ്പാൻ, അമേരിക്ക, ഇന്ത്യ ( J A I ) ത്രിരാഷ്‌ട്ര യോഗവും നടന്നു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ഡൊണാൾഡ് ട്രംപ് എന്നിവരുമായി മോദി ഇൻഡോ - പസിഫിക് മേഖലയിലെ പ്രശ്നങ്ങളും 5 ജി കണക്‌ടിവിറ്റിയും ഭീകരപ്രവർത്തനവും ഉൾപ്പെടെ ചർച്ച ചെയ്‌തു. മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരപ്രവർത്തനമാണെന്ന് മോദി പറഞ്ഞു.
ഭീകരതയ്‌ക്കെതിരെ ബ്രിക്‌സ്
ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബ്രിക്സ് രാഷ്‌ട്രത്തലവന്മാരുടെ യോഗത്തിൽ, മാനവരാശിയുടെ ഏറ്റവും വലിയ ഭീഷണി ഭീകരപ്രവർത്തനമാണെന്ന് മോദി പറഞ്ഞു. ഭീകരതയ്ക്ക് ധനസഹായം നൽകുന്നതും, ഭീകരപ്രവർത്തനത്തിന് ഇന്റർനെറ്റ് ഉപയോഗിക്കുന്നതും തടണമെന്നും യോഗം ആഹ്വാനം ചെയ്‌തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും മോദി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, ഊർജ്ജ സുരക്ഷ, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങിയ മേഖലകളിൽ സൗദി അറേബ്യയുമായി സഹകരണം വർദ്ധിപ്പിക്കാൻ ഇരുവരും തീരുമാനിച്ചു. ജർമ്മൻ ചാൻസലർ ഏഞ്ജല മെർക്കൽ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ - ഇൻ ഉൾപ്പെടെയുള്ള മറ്റ് രാഷ്‌ട്രത്തലവന്മാരുമായും മോദി ചർച്ച നടത്തി.