ന്യൂഡൽഹി: ടി.ഡി.പി നേതാവും മുൻ ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു എട്ടുകോടിയോളം രൂപ ചെലവഴിച്ചു പണികഴിപ്പിച്ച കോൺഫറൻസ് ഹാൾ പ്രജാവേദിക പൊളിച്ചുനീക്കിയതിന് പിന്നാലെ, നായിഡുവിന്റെ സ്വകാര്യവസതിയും പൊളിക്കുമെന്ന് സൂചന. നായിഡുവിന്റെ വസതിയുൾപ്പെടെ, കൃഷ്ണ നദിയിൽ നിന്ന് 100 മീറ്ററിൽ താഴെ അകലത്തിൽ പണി കഴിപ്പിച്ചിരിക്കുന്ന 28 കെട്ടിടങ്ങൾക്കും അനധികൃത നിർമാണം ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയതായി സർക്കാർ വ്യക്തമാക്കി.
കെട്ടിടനിർമ്മാണം അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രജാവേദിക പൊളിച്ചുമാറ്റിയത്. കൃഷ്ണ നദീതീരത്തുള്ള എല്ലാത്തരം അനധികൃത നിർമ്മാണങ്ങളും പൊളിച്ചുനീക്കുമെന്ന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
ഹൈദരാബാദിൽനിന്ന് അമരാവതിയിലേക്ക് ഭരണകേന്ദ്രം മാറ്റിയതിനു പിന്നാലെ കഴിഞ്ഞ നാലുവർഷമായി നായിഡുവും കുടുംബാംഗങ്ങളും താമസിച്ചിരുന്ന വസതിയിലാണ്, വീട് ഒഴിയണമെന്നാവശ്യപ്പെട്ട് സർക്കാർ നോട്ടീസ് പതിച്ചിരിക്കുന്നത്. ആറ് ഏക്കറിലാണ് വീട് നിൽക്കുന്നത്. എയർ കോസ്റ്റ ഉടമയായിരുന്ന ലിംഗമനേനിയിൽ നിന്നു പാട്ടത്തിനെടുത്ത കെട്ടിടത്തിലാണ് നിലവിൽ ചന്ദ്രബാബു നായിഡു താമസിക്കുന്നത്.