brazil

കോപ്പ അമേരിക്കയിൽ പരാഗ്വെയെ പെനാൽറ്രി ഷൂട്ടൗട്ടിൽ കീഴടക്കി ബ്രസീൽ സെമിയിൽ

പോർട്ടോ അലെഗ്രെ: പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട ക്വാർട്ടറിൽ പരാഗ്വെയെ വീഴ്ത്തി ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്റെ സെമി ഫൈനലിൽ കടന്നു. നിശ്ചിത സമയത്ത് ഇരുടീമും ഗോളൊന്നും നേടാത്തതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ബ്രസീൽ നാലെണ്ണവും പരാഗ്വെ മൂന്നെണ്ണവും ഷൂട്ടൗട്ടിൽ ഗോളാക്കി. ഷൂട്ടൗട്ടിൽ പരാഗ്വെയുടെ ആദ്യകിക്കെടുത്ത ഗുസ്താവോ ഗോമസിന്റെ ഷോട്ട് ഇടത്തോട് ചാടി സേവ് ചെയ്ത ഗോൾ കീപ്പർ അലിസൺ ബെക്കറാണ് ബ്രസീലിന്റെ വിജയ ശില്പിയായത്. നിർണായകമായ അവസാന കിക്കെടുത്ത ഡെർലിസ് ഗോൺസാലസ് പന്ത് പുറത്തേക്ക് അടിച്ചു കളഞ്ഞതും പരാഗ്വെയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. മിഗ്വേൽ ആൽമിറോൺ, ബ്രൂണോ വാൽഡസ്, ജുവാൻ റോഡ്രിഗോ റോജാസ് എന്നിവരാണ് ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ട പരാഗ്വെ താരങ്ങൾ. ബ്രസീലിനായി ആദ്യ മൂന്ന് കിക്കുകളെടുത്ത വില്യൻ, മാർക്വിന്നോസ്, കുട്ടീഞ്ഞോ എന്നിവർ പന്ത് വലയ്ക്കക‌ത്തെത്തിച്ചപ്പോൾ നാലാമത്തെ കിക്കെടുത്ത ഫിർമിനോയ്ക്ക് പിഴച്ചു. എന്നാൽ നിർണായകമായ അ‌ഞ്ചാമത്തെ കിക്ക് ഗബ്രിയേൽ ജീസസ് ഗോളാക്കിയതോടെ കാനറികൾ സെമിയിലേക്ക് ചിറകടിച്ചുയരുകയായിരുന്നു.

കഴിഞ്ഞ രണ്ട് തവണയും ക്വാർട്ടറിൽ പരാഗ്വെയ്ക്ക് മുന്നിൽ ഇടറിവീണ ചരിത്രമുള്ള ബ്രസീൽ പോർട്ടോ അലെഗ്രെയിൽ ഇന്നലെ കരുതലോടെയാണ് ഇറങ്ങിയത്.

മത്സരത്തിൽ പാസിംഗിലും ബാൾ പൊസഷനിലും ഉതിർത്ത ഷോട്ടുകളിലും പരഗ്വെയെക്കാൾ മുന്നിട്ട് നിന്നത് ബ്രസീലായിരുന്നു. 58-ാം മിനിറ്റിൽ ഫാബിയാൻ ബാൽബ്യുയേന ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്ത് പേരായി ചുരുങ്ങിയെങ്കിലും ബ്രസീലിന്റെ കരുത്തുറ്റ സംഘത്തെ ഗോളടിപ്പിക്കാതെ പിടിച്ചു നിറുത്താൻ പരാഗ്വെ പ്രതിരോധത്തിനായി. ഗോൾ കീപ്പർ ഫെർണാണ്ടസ് തകർപ്പൻ സേവുകളുമായി പലപ്പോഴും പരാഗ്വെയുടെ രക്ഷയ്ക്കെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ റഫറി ബ്രസീലിന് അനുകൂലമായി ആദ്യം പെനാൽറ്റി വിധിച്ചെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായം തേടിയശേഷം അത് പിൻവലിച്ച് ഫ്രീകിക്ക് നൽകുകയായിരുന്നു. 90-ാം മിനിറ്റഇൽ വില്യനിലൂടെ ബ്രസീൽ വിജയൾഗോൾ നേടിയെന്ന് കരുതിയെങ്കിലും ചെൽസി താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു.

4 തവണ ഇതിന് മുമ്പ് ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന് വേദിയായിട്ടുണ്ട്. ഈ നാല് തവണയും ബ്രസീലായിരുന്നു ചാമ്പ്യൻമാർ.

2011ലും 2015ലും പരാഗ്വയോട് ക്വാർട്ടറിൽ തോറ്റ് പുറത്തായതിന് മധുരപ്രതികാരം വീട്ടാനും ഇത്തവണ ബ്രസീലിനായി.