ന്യൂഡൽഹി: ഇന്ത്യയിലെ അപ്രമാദിത്തം എതിരാളികളെ നിഷ്പ്രഭരാക്കാൻ ഗൂഗിൾ ദുരുപയോഗിച്ചുവെന്ന് കോമ്പറ്രീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ (സി.സി.ഐ) വ്യക്തമാക്കി. ഗൂഗിളിന്റെ സ്വന്തമായ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിവിധ വേർഷനുകൾ മാത്രം ഉപയോഗിക്കണമെന്ന് സ്മാർട്ഫോൺ നിർമ്മാതാക്കളെ നിർബന്ധിച്ചുവെന്നാണ് കമ്മിഷന്റെ പ്രധാന കണ്ടെത്തൽ. ഗൂഗിളിനെതിരെ വിശദമായ അന്വേഷണത്തിനും കമ്മിഷൻ ഉത്തരവിട്ടു.
ലോകത്ത് 88 ശതമാനവും ഇന്ത്യയിൽ 99 ശതമാനവും സ്മാർട്ഫോണുകളിൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡാണ്. യൂറോപ്പ്യൻ യൂണിയൻ ഗൂഗിളിനെതിരെ കണ്ടെത്തിയ കുറ്റത്തിന് സമാനമാണ്, ഇന്ത്യയിലെ കേസും. സ്മാർട് ഫോൺ നിർമ്മാതാക്കളെ ആൻഡ്രോയിഡിന് പുറമേ ഗൂഗിൾ പ്ളേ ആപ്പ് സ്റ്റോറും ഗൂഗിൾ സെർച്ച്, ക്രോം ബ്രൗസർ എന്നിവയും പ്രീ-ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിച്ചുവെന്നാണ് യൂറോപ്പ്യൻ യൂണിയൻ കണ്ടെത്തിയത്. ഗൂഗിളിന് 500 കോടി ഡോളർ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ ഗൂഗിൾ അപ്പീൽ നൽകിയിട്ടുണ്ട്.
ഗൂഗിൾ സെർച്ചിൽ, ഗൂഗിൾ പക്ഷപാതപരമായ 'റിസൾട്ട്" നൽകുന്നുവെന്നും കോമ്പറ്റീഷൻ കമ്മിഷൻ കണ്ടെത്തിയിരുന്നു. ഈ കുറ്റത്തിന് കഴിഞ്ഞവർഷം ഗൂഗിളിന് 136 കോടി രൂപ പിഴയും കമ്മിഷൻ വിധിച്ചിരുന്നു.