കോഴിക്കോട്: രണ്ടു പതിറ്രാണ്ടു മുമ്പത്തെ കേസിൽ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗുജറാത്ത് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെ സന്തോഷത്തോടെ വീട്ടിലേക്ക് തിരികെയെത്തിക്കും വരെ തനിക്കു വിശ്രമമില്ലെന്ന് ഭാര്യ ശ്വേത ഭട്ട്. അഹമ്മദാബാദ് കോടതിയിൽ നിയമയുദ്ധത്തിന് ഒരുങ്ങുകയാണെന്നും ശ്വേത പറഞ്ഞു. സഞ്ജീവ് ഭട്ടിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട്ടു സംഘടിപ്പിച്ച അംബ്രല്ലാ മാർച്ചിൽ സംസാരിക്കുകയായിരുന്നു അവർ. ഒരുപാട് മലയാളിയുടെ ഫോൺ കോളുകൾ എനിക്കു വരുന്നുണ്ട്. ഒപ്പമുണ്ടെന്ന് അവർ നൽകുന്ന ഉറപ്പ് വലിയ ധൈര്യവും പ്രചോദനവുമാണ്. അതിന് മലയാളികളോട് നന്ദിയുണ്ട്. - ശ്വേത പറഞ്ഞു.
മുതലക്കുളത്ത് സംഘടിപ്പിച്ച ചടങ്ങിൽ സഞ്ജീവ് ഭട്ടിന്റെ മകൻ ശാന്തനു ഭട്ടും പങ്കെടുത്തു. സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് അധ്യക്ഷൻ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ, ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, എം.എസ്.എഫ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ടി.പി അഷ്റഫലി, സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മിഷാബ് കീഴരിയൂർ എന്നിവർ പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം നന്ദിയും പറഞ്ഞു.