ഹൈദരാബാദ്: നെഹ്‌റു - ഗാന്ധി കുടുംബാംഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനായി മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനെ അവഗണിച്ചുവെന്ന ആരോപണവുമായി ചെറുമകൻ എൻ.വി. സുഭാഷ് രംഗത്ത്. സോണിയയും രാഹുലും ഇതിന്റെ പേരിൽ മാപ്പ് പറയണമെന്നും സുഭാഷ് ആവശ്യപ്പെട്ടു. നിലവിൽ ബി.ജെ.പി അനുഭാവിയാണ് സുഭാഷ്. നരസിംഹറാവുവിന്റെ ജന്മവാർഷിക ദിനത്തിലാണ് ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് ചെറുമകന്റെ വിവാദ വെളിപ്പെടുത്തൽ. വാർഷികദിനത്തിൽ കോൺഗ്രസ് നേതാക്കൾ റാവുവിന് ആദരമർപ്പിച്ചില്ലെന്നും സുഭാഷ് കുറ്റപ്പെടുത്തി.
''1996ൽ കോൺഗ്രസ് നേരിട്ട പരാജയത്തിനുശേഷമാണ് റാവുവിനെ ഒതുക്കാനുള്ള നീക്കം തുടങ്ങിയത്. റാവുവിനെ പോലുള്ള ഒരാൾ നേതൃനിരയിൽ തുടർന്നാൽ, ഗാന്ധി - നെഹ്‌റു കുടുംബത്തിൽ നിന്നുള്ളവർക്ക് പ്രാധാന്യം ലഭിക്കില്ലെന്ന് ചിലർ കരുതിയതാണ് കാരണം. കോൺഗ്രസ് പാർട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വമെല്ലാം നരസിംഹ റാവുവിന്റെ തലയിൽ കെട്ടിവയ്ക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേട്ടങ്ങളെയെല്ലാം അവഗണിക്കാനുള്ള ശ്രമവും നടന്നു. രാഹുലും സോണിയയും മാപ്പു പറയാനും അദ്ദേഹത്തെ അനുസ്മരിക്കാനും തയ്യാറാവണം."- സുഭാഷ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പാർലമെന്റിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശം ഉന്നയിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി റാവുവിന്റെ പേര് പരാമർശിച്ചിരുന്നു. മുൻ പ്രധാനമന്ത്രിമാരായ പി.വി. നരസിംഹറാവു, അടൽ ബിഹാരി വാജ്‌പേയി, മൻമോഹൻ സിംഗ് എന്നിവരെ കോൺഗ്രസ് ഒരുകാലത്തും അംഗീകരിച്ചിട്ടില്ലെന്നായിരുന്നു മോദിയുടെ ആരോപണം. 2014ൽ ബി.ജെ.പിയിലെത്തിയ സുഭാഷ് ഇപ്പോൾ തെലങ്കാനയിലെ പാർട്ടിയുടെ ഔദ്യോഗിക വക്താക്കളിലൊരാളാണ്.