mohammad-shami

മാഞ്ചസ്റ്റർ: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് മത്സരത്തിനിടെ വെസ്റ്റ് ഇൻഡീസ് താരം ഷെൽഡൺ കോട്ട്റെൽ ഇന്ത്യൻ താരങ്ങളുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചിരുന്നത് തന്റെ പതിവ് ശെെലിയിലായിരുന്നു. ഇന്നലെ രണ്ട് വിക്കറ്റായിരുന്നു കോട്ട്റെൽ നേടിയിരുന്നത്. അതിൽ ഒന്ന് മുഹമ്മദ് ഷമിയുടെതായിരുന്നു. വിക്കറ്റ് കിട്ടിയതോടെ കോട്ട്റെൽ തന്റെ ശെെലിയിൽ ഒരു സല്യൂട്ട് വച്ചുകൊടുത്തു.

എന്നാൽ ഷമി അത് മനസിൽ കരുതിവച്ചു. വിൻഡീസിന്റെ ബാറ്റിങ്ങിനിടെ കോട്ട്‌റെലിന്റെ വിക്കറ്റ് നേടാനായില്ലെങ്കിലും പുറത്തായി പോകുന്നതിനിടെ ഷമിയും കൊടുത്തു ഒരു സല്യൂട്ട്. അത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ചയായി. ഷമിയുടെ സല്യൂട്ട് വീ‌ഡിയോ വെെറലാകുകയും ചെയ്തു. ഇതോടെ ഷമിയുടെ പ്രവ‌ൃത്തിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. ഷമി ചെയ്തത് പരിഹാസമായി പോയെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. ആ മത്സരത്തിൽ ഷമി നാല് വിക്കറ്റാണ് വീഴ്‌ത്തിയത്.

ഷമിയുടെ പരിഹാസത്തിന് മറുപടിയുമായി ഷെൽഡൺ കോട്ട്റെൽ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ''വലിയ തമാശ..! തകർപ്പൻ ബൗളിങ്. മറ്റൊരാളോട് ആരാധനയുണ്ടാവുമ്പോഴാണ് അയാളെ അനുകരിക്കാൻ ശ്രമിക്കുന്നത്.''കോട്ട്റെൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. കൂടെ ഒരു കണ്ണടച്ച സ്‌മൈലിയും നൽകി പരിഹസത്തോടെയാണ് താരം ഇക്കാര്യം കുറിച്ചത്. കൂടെ ഫോക്സ് സ്‌പോർട്സ് ഏഷ്യയുടെ വാർത്തയും പങ്കുവച്ചു.

Great fun! Great bowling. Nakal Karna Hi Sabse Badi Chaploosi Hai 😉 https://t.co/PTuoGJciM7

— Sheldon Cotterell (@SaluteCotterell) June 28, 2019