തിരുവനന്തപുരം: മഹാപ്രളയം നാശംവിതച്ച കേരളത്തിന്റെ പുനർനിർമ്മാണത്തിന് ലോകബാങ്കിന്റെ വായ്പ. 1750 കോടിയാണ് കേരളപുനർനിർമ്മാണത്തിന് ലോകബാങ്ക് വായ്പയായി അനുവദിച്ചത്. ഇത് സംബന്ധിച്ച് ലോകബാങ്കുമായി ന്യൂഡൽഹിയിൽ കരാറിൽ ഒപ്പുവച്ചു. മുപ്പത് വർഷത്തേക്കാണ് വായ്പ അനുവദിച്ചത്. 1200 കോടിക്ക് 1.5 ശതമാനം പലിശയും 550 കോടിക്ക് 5 ശതമാനവുമാണ് പലിശയായി ഈടാക്കുക.
പ്രളയത്തിൽ 31,000 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താൽ നഷ്ടം കൂടും. അടിയന്തര സഹായമായ 10,000 രൂപ 6.9 ലക്ഷം കുടുംബങ്ങൾക്ക് നൽകി. പൂർണമായി തകർന്ന 15,324 വീടുകളിൽ 5422 വീടുകൾ പൂർത്തിയായി. സ്വന്തമായി വീട് നിർമ്മിക്കുന്ന 10,426 പേരിൽ 9,967 പേർക്ക് സഹായം നൽകി. പൂർണമായി തകർന്ന കേസുകളിൽ 34,768 അപ്പീലുകളിൽ 34,275 ഉം ഭാഗികമായി തകർന്ന 2,54,260 കേസുകളിൽ 2,40,738 കേസുകളും തീർപ്പാക്കി. 1,02,479 അപ്പീൽ കേസുകളിൽ 1,01,878 കേസുകളും തീർപ്പാക്കി. 3,54,810 കർഷകർക്ക് 1,651 കോടി രൂപ വിതരണം ചെയ്തു.
ദുരിതാശ്വാസ നിധിയിലെ തുകയും ലോക ബാങ്ക് വായ്പയും ഉപയോഗിച്ച് ആലപ്പുഴ-ചങ്ങനാശ്ശേരി എലിവേറ്റഡ് ഹൈവേ, ശംഖുമുഖം എയർപോർട്ട് റോഡ്, മത്സ്യത്തൊഴിലാളി ഭവനങ്ങൾ, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം എന്നിവ നടപ്പാക്കുമെന്നും മുഖ്യമന്ത്റി പറഞ്ഞിരുന്നു. .