police-officer

തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് പൊലീസ് സ്റ്റേഷനിൽ അഴിഞ്ഞാടിയ പൊലീസുകാരന് സസ്‌പെൻഷൻ. തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലാണ് മദ്യപിച്ച് ലക്കുകെട്ട രീതിയിൽ പൊലീസുകാരനെ നാട്ടുകാർ എത്തിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫീസൽ ജി.ആർ. ബിജുവാണ് സ്റ്റേഷനിൽ വച്ച് കിടന്നുരുളുകയും പടക്കം പൊട്ടിക്കുകയും ചെയ്തത്.

മംഗലപുരം എസ്.എച്ച്.ഒയുടെ റിപ്പോർട്ടിനെ തുടർന്ന് റൂറൽ എസ്.പി ബി അശോക് കുമാറാണ് ബിജുവിനെതിരെ നടപടിയെടുത്തത്. ഇന്നലെ രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. മദ്യപിച്ച് വാഹനമോടിച്ച ബിജുവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചത് കണ്ടതോടെയാണ് നാട്ടുകാർ വണ്ടി തടഞ്ഞ് നിർത്തിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച ബിജു അവിടെ ബഹളമുണ്ടാക്കുകയായിരുന്നു. അരമണിക്കൂറോളം ഇങ്ങിനെ അഴിഞ്ഞാടിയ ബിജുവിനെ ഒടുവിൽ സഹപ്രവർത്തകർ ആശുപത്രിയിലാക്കുകയായിരുന്നു.

തിരുവനന്തപുരം പൊലീസ് സഹകരണസംഘം തിരഞ്ഞെടുപ്പിലെ കോൺഗ്രസ് പാനലിന്റെ വിജയം ആഘോഷിക്കാനാണ് ബിജു മദ്യപിച്ചെത്തിയത്. ആദ്യം സ്റ്റേഷൻ വളപ്പിൽ പടക്കം പൊട്ടിക്കുകയുംതുടർന്ന് സഹപ്രവർത്തകരെ കുറേ ചീത്ത വിളിക്കുകയും ചെയ്തു. പിന്നീട് കാറോടിച്ച് പോകുന്നതിനിടെ റോഡിൽ ചെറിയ അപകടവും ഗതാഗത തടസവുമുണ്ടാക്കിയതിനെ തുടർന്നാണ് ബിജുവിനെ നാട്ടുകാർ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചത്.