ഓച്ചിറ: ഇന്നലെ രാവിലെ ഞക്കനാൽ നീലിമയിൽ സജിയുടെ വീടിന് മുന്നിലെ കറുത്ത കൊടിയും ബോർഡിലെ വാചകവും കണ്ടവർ പകച്ചു. 'സജി വിടവാങ്ങി, എല്ലാ പ്രിയപ്പെട്ടവർക്കും വിട, എന്റെ വിലപ്പെട്ട ജീവൻ അപഹരിക്കാൻ ശ്രമിച്ച എല്ലാവർക്കും പിറകിൽ ഒരു നിഴൽപോലെ ഞാനുണ്ടാകും". വീട്ടിൽ കയറിയപ്പോൾ വരാന്തയിൽ വീണ്ടും കുറിമാനം. 'മരണമെത്തുന്ന നേരത്ത് നീ എന്റെ അരികത്തു ഇത്തിരി നേരമിരിക്കണേ, അവസാന ശ്വാസം പിടയുമ്പോൾ എന്റെ കൈവിരൽ തലോടി തഴുകണേ, തെക്കോട്ടെടുക്കും ശിരസിന്റെ നെറുകയിൽ മുത്തങ്ങൾ നൽകി തലോടണേ, എന്റെ കത്തുന്ന ചിതയിൽ ഇത്തിരിനേരം നോക്കിയിരിക്കണേ, എൻ നിശ്വാസം പുകച്ചുരുളായ് പടരുമ്പോൾ അത് ഇത്തിരിനേരം ശ്വസിക്കണേ". ഭാര്യയ്ക്കെഴുതിയ കവിത വീടിന്റെ പ്രധാന വാതിലിനോട് ചേർന്നാണ് ഒട്ടിച്ചിരുന്നത്.
വീടിന്റെ പിന്നിൽ കുഴിമാടം ഒരുക്കി ആവശ്യമായ വിറകും അടുക്കി വച്ചാണ് ഞക്കനാൽ നീലിമയിൽ സജി (55) സ്വീകരണമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചത്. വിദേശത്തായിരുന്ന സജി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭാര്യ ഷീജയ്ക്ക് എറണാകുളത്ത് ചുരീദാർ മെറ്റീരിയലിന്റെ മൊത്തവിതരണമാണ്. വവ്വാക്കാവ് സ്വദേശികളും വ്യത്യസ്ത ജാതിക്കാരുമായ ഇവരുടേത് പ്രണയ വിവാഹമായിരുന്നു.
ഏക മകൻ ആദർശ് എറണാകുളത്ത് പ്ലസ് ടു വിദ്യാർത്ഥിയാണ്. വിവരം അറിഞ്ഞ് ഇരുവരും വീട്ടിലെത്തി. പത്തുവർഷം മുമ്പാണ് ഇവർ ഓച്ചിറ ഞക്കനാലിൽ വീട് വച്ച് താമസമാക്കിയത്. സജിയുടെ ആഗ്രഹപ്രകാരം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.