mamata-

കൊൽക്കത്ത: എഴുപതു ശതമാനത്തിനു മുകളിൽ ന്യൂനപക്ഷ വിദ്യാർത്ഥികളുള്ള സർക്കാർ സ്കൂളുകളിൽ ഭക്ഷണശാല നിർമിക്കണമെന്ന മമത സർക്കാരിന്റെ ഉത്തരവിനെത്തുടർന്ന്, പ്രതിഷേധവുമായി ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. സർക്കാർ ഉത്തരവ് മതപരമായ വിവേചനത്തിനു കാരണമാകുമെന്ന് ബി.ജെ.പി ആരോപിച്ചു. അതേസമയം, ഇതു വളരെ പഴയ ഉത്തരവാണെന്നും സർക്കാരിന്റെ അറിവോടെയല്ല ഉദ്യോഗസ്ഥൻ ഇപ്പോഴത് പുറത്തുവിട്ടതെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. ഒരു ഉദ്യോഗസ്ഥനു സംഭവിച്ച പിഴവുകാരണം പഴയ ഉത്തരവു വീണ്ടും പൊങ്ങിവന്നതാണെന്നും മമത വിശദീകരിച്ചു.

ജില്ലാ ഇൻസ്പെക്ടർമാർക്ക് അയച്ച ഉത്തരവിൽ 70 ശതമാനത്തിനു മുകളിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നാണു ഉത്തരവിലെ നിർദേശം. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനു ഭക്ഷണശാല നിർമിക്കുന്നതിനാണ് ഉത്തരവിലെ നിർദേശം. കഴിഞ്ഞ ജൂൺ 25ന് കുച്ച്ബെഹാറിലെ ന്യൂനപക്ഷകാര്യ ജില്ലാ ഓഫിസർ പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പാണ് പ്രതിഷേധത്തിനിടയാക്കിയത്. വഞ്ചനാപരമായ നടപടിയാണു സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ബി.ജെ.പി ബംഗാൾ ഘടകം അദ്ധ്യക്ഷൻ ദിലീപ് ഘോഷ്, ഉത്തരവിന്റെ പകർപ്പ് ട്വിറ്ററിൽ പങ്കുവച്ചുകൊണ്ട് കുറിച്ചു. അതേസമയം, ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഭക്ഷണശാലകൾ മുസ്ലിം വിദ്യാർത്ഥികൾക്കു വേണ്ടി മാത്രമല്ല, എല്ലാ വിദ്യാർത്ഥികൾക്കും വേണ്ടിയാണെന്നും മമതാ അവകാശപ്പെട്ടു. സർക്കാർ നയത്തിനെതിരെ കോൺഗ്രസും സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്.