തങ്ങളെ ഏറെ കുഴക്കിക്കൊണ്ടിരുന്ന സ്പിൻ ആക്രമണങ്ങളെ മെരുക്കിയെടുക്കാനായതിന് നിലവിലെ ലോക ചാമ്പ്യൻമാരായ ആസ്ട്രേലിയൻ ടീം ഏറെ കടപ്പെട്ടിരിക്കുന്നത് ചൈനാമൻ സ്പിന്നറായ ജിയാസ് എന്ന കോഴിക്കോടുകാരനോടാണ്. 2017 മുതൽ ആസ്ട്രേലിയൻ ടീം ജിയാസിനെ തങ്ങൾക്കൊപ്പം പരിശീലനത്തിന് വിളിക്കാറുണ്ട്.
ജിയാസിന്റെ ബൗളിംഗിനെ നേരിട്ടു കൊണ്ടുള്ള പരിശീലനമാണ് ഈ ലോകകപ്പിലുൾപ്പെടെ കംഗാരുക്കൾ സ്പിന്നിനെ അനായാസമായി കളിക്കുന്നതിന് പിന്നിലെ പരസ്യമായ രഹസ്യം. ആസ്ട്രേലിയയുടെ ലോകകപ്പ് ക്യാമ്പ് തുടങ്ങിയ മേയ് ആദ്യവാരം മുതൽ അവർക്കൊപ്പമുണ്ടായിരുന്ന ജിയാസ് കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നരിക്കുനിയിലെ വീട്ടിൽ തിരിച്ചെത്തിയത്.
ചെറിയ ഇടവേളയ്ക്ക് ശേഷം അടുത്ത ചൊവാഴ്ച ആസ്ട്രേലിയൻ ടീമിനൊപ്പം ചേരാൻ ജിയാസ് ഇംഗ്ലണ്ടിലേക്ക് പോകും.
ഓസീസ് സിംപിളാണ്
പവർഫുള്ളും
കളിക്കളത്തിൽ എതിരാളികളെ ഒരു ദയയും ഇല്ലാതെ നേരിടുന്നവരാണ് ആസ്ട്രേലിയക്കാർ. പലപ്പോഴും സ്ലെഡ്ജിംഗിലൂടെ എതിരാളികളെ തളർത്താനും പേരുകേട്ടവർ.
എന്നാൽ അവരുടെ ഈ ശത്രുതയെല്ലാം കളക്കളത്തിൽ മാത്രമേയുള്ളൂവെന്നാണ് അനുഭവത്തിന്റെ പിൻബലത്തിൽ ജിയാസ് പറയുന്നത്. തികച്ചും പ്രഫഷണലാണ് ആസ്ട്രേലിയൻ ടീം.
ബൗണ്ടറി ലൈൻ കടന്ന് ഡ്രസിംഗ് റൂമിലെത്തുന്നതോടെ എല്ലാ വഴക്കുകളും അവർ മറക്കും. വളരെ മാന്യമായും ബഹുമാനത്തോടും ഇടപെടുന്നവരാണ് ആസ്ട്രേലിയൻ ടീമിലെ എല്ലാവരുമെന്ന് ജിയാസ് പറയുന്നു.എല്ലാവരും ഒരു കുടുംബം പോലെയാണ് പെരുമാറുന്നത്. ടീമംഗങ്ങളെല്ലാം ജേഴ്സിയിൽ ഒപ്പിട്ടു തന്നു.
മാറ്രിനിറുത്തിയിട്ടില്ല
ഡ്രസിംഗ് റൂമിലുൾപ്പെടെ തന്നെയും മറ്റൊരു പരിശീലന ബൗളറായ പ്രദീപ് സാഹുവിനെയും ഓസീസ് ടീം ഒപ്പം കൂട്ടിയ കാര്യം പറയുമ്പോൾ ജിയാസിന്റെ സന്തോഷം അതിരു കടക്കുന്നു. ഒരു കാര്യത്തിലും മാറ്രി നിറുത്തിയിട്ടില്ല. താമസവും യാത്രയുമെല്ലാം ഓസീസ് ടീമിനൊപ്പം തന്നെയായിരുന്നു. ടീം മീറ്രിംഗിലും പങ്കെടുക്കാനും അഭിപ്രായം പറയാനുള്ള അവസരം നൽകാനും ഓസീസ് ടീം തയ്യാറായെന്ന് ജിയാസ് നന്ദിയോടെ ഓർക്കുന്നു.
സമ്മർദ്ദമില്ലായിരുന്നു
സമീപകാലത്ത് അത്ര നല്ല ഫോമിലല്ലായിരുന്നെങ്കിലും ലോകകപ്പിന് മുൻപ് ഇന്ത്യയിൽ പരമ്പരവിജയം നേടാനായത് ഓസീസിന്റെ ആത്മ വിശ്വാസം ഏറെകൂട്ടിയെന്ന് ജിയാസ് അഭിപ്രായപ്പെട്ടു. വാർണറും സ്മിത്തും മടങ്ങിയെത്തിയതും ടീമിന് ഏറെ ഗുണം ചെയ്തു. വിലക്കിനെക്കുറിച്ചൊ മറ്ര് വിവാദങ്ങളെക്കുറിച്ചൊ ടീമിലെ ആരും ഒരിക്കൽ പോലും സംസാരിച്ചു കണ്ടില്ല. അടുത്ത മത്സരത്തിൽ ജയിക്കുക എന്നത് മാത്രമാണ് അവരുടെ ചിന്ത.
കഠിനാധ്വാനികൾ
കഠിനാധ്വാനികളാണ് ആസ്ട്രേലിയൻ താരങ്ങൾ. എത്രനേരം പരിശീലനം നടത്തുന്നതിനും അവർക്ക് ഒരു മടിയുമില്ല.സ്മിത്തും വാർണറുമെല്ലാം മണിക്കൂറുകളോളം നെറ്ര്സിൽ പ്രാക്ടീസ് ചെയ്യും. മാക്സ്വെൽ വമ്പനടികൾ പരിശീലിക്കുന്നതിനായി പലപ്പോഴും ബൗൾ ചെയ്ത് കൊടുക്കാനായി വിളിക്കും. സാംപയ്ക്കും ലിയോണിനുമെല്ലാം ഒപ്പം സ്പിൻ ബൗളിംഗിനെക്കുറിച്ച് ഒത്തിരി സംസാരിച്ചു. നമ്മുടെ ടിപ്സുകൾ കേൾക്കാനും അത് പ്രയോഗിച്ചു നോക്കാനും അവർ ഒരുമടിയും കാണിക്കാറില്ല. തിരിച്ചും ഉപദേശങ്ങൾ തരാറുണ്ട്.
ഇന്ത്യൻ താരങ്ങളും കൂട്ടുകാർ
ഇന്ത്യൻ താരങ്ങളും ഇംഗ്ലണ്ടിൽ വച്ച് കണ്ടപ്പോൾ ഏറെ സ്നേഹത്തോടെയാണ് പെരുമാറിയത്. ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുമ്പ് നീയാണല്ലേ അവർക്ക് തന്ത്രങ്ങൾ പറഞ്ഞു കൊടുക്കുന്നതെന്ന് പറഞ്ഞ് ചഹലും കുൽദീപും കളിയാക്കിയെന്നും ജിയാസ് പറഞ്ഞു.
ഇതിഹാസങ്ങളുടെ ഉപദേശം
റിക്കി പോണ്ടിംഗിനെയും ഡാരൻ ലേമാനെയും പോലുള്ള ഇതിഹാസങ്ങൾക്കൊപ്പം പരിശീലനം ചെയ്യാൻ അവസരം കിട്ടിയത് വലിയ ഭാഗ്യമാണ്. ബൗളിംഗ് ഏറെമെച്ചെപ്പെട്ടുവെന്നും സ്ഥിരത പുലർത്താൻ കഴിയുന്നുണ്ടെന്നും കൂടുതൽ വൈവിധ്യം ബൗളിംഗിൽ വന്നുവെന്നും ഡാരൻ ലേമാൻ പറഞ്ഞത് ആത്മവിശ്വസം കൂട്ടിയെന്നും ജിയാസ് .
ശ്രീറാം സാറിന് നന്ദി
ആസ്ട്രേലിയൻ ടീമിന്റെ പരിശീലന സംഘത്തിലുള്ള മുൻ ഇന്ത്യൻ താരം ശ്രീധരൻ ശ്രീറാമാണ് ജിയാസിനെ ആസ്ട്രേലിയൻ ടീമിനൊപ്പം പരിശീലനം നടത്താൻ ആദ്യം ക്ഷണിച്ചത്. 2017ലെ ഇന്ത്യൻ പര്യടനത്തിലാണ് അത്.
പിന്നീട് ഗൾഫിലുൾപ്പെടെ പലതവണയായി ആസ്ട്രേലിയൻ ടീമിനൊപ്പം ജിയാസ് പരിശീലനം നടത്തി.
ഇന്ത്യൻ മാക്സ്വെൽ
മാക്സ്വെല്ലിനോട് രൂപ സാദ്യശ്യമുള്ളതിനാൽ ഇന്ത്യൻ മാക്സ്വെല്ലാന്നാണ് തുടക്കത്തിൽ ചില ഓസീസ് താരങ്ങൾ വിളിച്ചരുന്നത്. മാക്സ്വെല്ലും ജിയാസിനെക്കണ്ട് അദ്ഭുദപ്പെട്ട് സെൽഫിയെടുത്തിട്ടുണ്ട്.
ഇന്ന് ജയിക്കും
ഇന്ന് ന്യൂസിലൻഡിനെതിരെയും ആസ്ട്രേലിയ ജയിക്കുമെന്ന് തന്നെയാണ് ജിയാസിന്റെ പ്രതീക്ഷ.
ന്യൂസിലൻഡ് കരുത്തരാണെങ്കിലും ടീം സെറ്രായതിനാൽ ഓസീസിന് പ്രശ്നമില്ലെന്നാണ് ജിയാസിന്റെ നിലപാട്.
നെവർ ഗിവ് അപ്പ്
കേരളത്തിന്റെ രഞ്ജി ക്യാപ്പ് സ്വപ്നം കാണുന്ന ജിയാസിന് ഇത്തവണയും അതിന് കഴിഞ്ഞില്ലെങ്കിലും. തളരാതെ അതിനായി പോരാടാൻ തന്നെയാണ് തീരുമാനം.