കണ്ണൂർ: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്ററിൽ ചട്ടലംഘനങ്ങളുണ്ടെന്ന് ചീഫ് ടൗൺ പ്ലാനറുടെ റിപ്പോർട്ട്. പാർത്ഥ കൺവെൻഷൻ സെന്ററിൽ തുറസായ സ്ഥലത്ത് ജലസംഭരണിയും മാലിന്യ സംസ്കരണ സംവിധാനവും സ്ഥാപിച്ചു എന്നതടക്കം നാല് ചട്ടലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ തിരുത്തിയാൽ ലൈസൻസ് നൽകാമെന്നും തദ്ദേശസ്വയംഭരണ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ചീഫ് ടൗൺ പ്ലാനർ പ്രമോദ് കുമാറാണ് പ്രവാസി വ്യവസായി സാജന്റെ കൺവെൻഷൻ സെന്ററിനെക്കുറിച്ചുള്ള റിപ്പോർട്ട് തദ്ദേശ സ്വയംഭരണമന്ത്രി എ.സി.മൊയ്തീന് നൽകിയത്. തുറസായ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന കേരള ബിൽഡിംഗ് റൂൾ ചട്ടം ലംഘിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. തുറസായ സ്ഥലത്താണ് ജലസംഭരണിയും മാലിന്യസംസ്കരണസംവിധാനവും സ്ഥാപിച്ചിരിക്കുന്നത്. കൺവെൻഷൻ സെന്ററിലേക്ക് കയറുന്നതിനുള്ള റാംപിന് ചെരിവ് കുറവാണ്. ബാൽക്കണിയുടെ കാർപ്പറ്റ് ഏരിയ വിസ്തീർണം അനുവദിച്ചിരിക്കുന്നതിലും കൂടുതലാണ്. ഓഡിറ്റോറിയത്തില്‍ ആവശ്യത്തിന് ശൗചാലയ സൗകര്യങ്ങളില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ തകരാറുകൾ പരിഹരിച്ചാൽ കൺവെൻഷൻ സെന്ററിന് ലൈസൻസ് നൽകാം എന്നാണ് റിപ്പോർട്ട്. റിപ്പോർട്ടിൻമേൽ സർക്കാർ തുടർനടപടി തീരുമാനിക്കും. നേരത്തെ ആന്തൂർ നഗരസഭാസെക്രട്ടറി കൺവെൻഷൻ സെന്റർ പരിശോധിച്ച് 15 ചട്ടലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിൽ പകുതി തകരാറുകൾ പരിഹരിച്ച് വീണ്ടും അപേക്ഷ നൽകി എന്നിട്ടും അനുമതി വൈകിയതിനെ തുടർന്ന് മനോവിഷമം മൂലം സാജൻ ആത്മഹത്യ ചെയ്യുകയായിരുന്നു.