ചെസ്റ്രർ ലെ സ്ട്രീറ്റ്: ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 9 വിക്കറ്രിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറിൽ 203 റൺസിന് ആൾൗട്ടായി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 37.2 ഓവറിൽ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തി (206/1). തോൽവി ശ്രീലങ്കയുടെ സെമി പ്രതീക്ഷകൾക്ക് മേൽ കരിനിഴലായി. അതേസമയം ടൂർണമെന്റിൽ നിന്ന് നേരത്തേ തന്നെ പുറത്തായിക്കഴിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് ഈ വിജയം ആശ്വാസമായി. 96 റൺസുമായി പുറത്താകാതെ നിന്ന നായകൻ ഫാഫ് ഡുപ്ലെസിസും 80 റൺസുമായി പുറത്താകാതെ നിന്ന ഹഷിം അംലയുമാണ് ദക്ഷിണാഫ്രിക്കയെ സുഗമമായി വിജയ തീരത്തെത്തിച്ചത്. ഇരുവരും ഭേദിക്കപ്പെടാത്ത രണ്ടാം വിക്കറ്റിൽ 175 റൺസ് കൂട്ടിച്ചേർത്തു. 105 പന്ത് നേരിട്ട് 5 ഫോറുൾപ്പെട്ടതാണ് അംലയുടെ ഇന്നിംഗ്സ്. 103 പന്തിൽ 10 ഫോറും 1സിക്സും ഉൾപ്പെട്ടതാണ് ഡുപ്ലെസിസിന്റെ ഇന്നിംഗ്സ്.
ഡികോക്കിന്റെ (15) വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. മലിംഗ ഡി കോക്കിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
നേരത്തേ 3 വിക്കറ്റ് വീതം നേടിയ ക്രിസ് മോറിസും പ്രിറ്രോറിസുമാണ് ശ്രീലങ്കൻ ബാറ്രിംഗ് നിരെ തകർത്തത്.റബാഡ രണ്ട് വിക്കറ്റ് നേടി. 30 റൺസ് വീതം നേടിയ കുശാൽ പെരേരയും ഫെർണാണ്ടോയുമാണ് ശ്രീലങ്കയുടെ ടോപ് സ്കോറർമാർ.
തോൽവിയോടെ ശ്രീലങ്കയുടെ സെമി സാധ്യതകൾ ഏറെക്കുറേ അസ്തമിച്ചു. 7 മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി ഏഴാം സ്ഥാനത്താണ് അവർ. ശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ മികച്ച രീതിയിൽ ജയിച്ചാൽ തന്നെ 10 പോയിന്റാണ് അവർക്കു ലഭിക്കുക.
ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ള ആസ്ട്രേലിയയ്ക്കു 12 പോയിന്റും രണ്ടും മൂന്നു സ്ഥാനങ്ങളിലുള്ള ഇന്ത്യക്കും ന്യൂസിലൻഡിനും 11 പോയിന്റ് വീതവുമുണ്ട്. നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് എട്ടു പോയിന്റാണുള്ളത്. പക്ഷേ അവർക്കും രണ്ടു മത്സരങ്ങൾ ഇനിയുണ്ട്. അതു രണ്ടും ഇംഗ്ലണ്ട് ജയിച്ചാൽ ലങ്ക പുറത്താകും. ഒരു മത്സരം ലങ്കയ്ക്കെതിരേയുമാണ്.
ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവരാണ് സെമി സാധ്യത പ്രതീക്ഷിക്കുന്ന മറ്റു രണ്ടു ടീമുകൾ. ഇവർക്കും ഏഴു പോയിന്റു വീതമുണ്ട്. രണ്ടു മത്സരങ്ങളും അവശേഷിക്കുന്നുണ്ട്.