attack-

ന്യൂഡൽഹി : ഇന്ത്യൻ പാർലമെന്റ് ആക്രമണം ഉണ്ടായതിന് പിന്നാലെ പാക് ഭീകരക്യാമ്പുകൾ ആക്രമിക്കാൻ വാജ്പേയ് സർക്കാർ നീക്കം നടത്തിയിരുന്നതായി മുൻ നാവികസേനാ മേധാവിയുടെ വെളിപ്പെടുത്തൽ. അന്നത്തെ നാവികസേനാ മേധാവി ആയിരുന്ന അഡ്മിറൽ സുശീൽ കുമാറിന്റെ 'എ പ്രൈം മിനിസ്റ്റർ ടു റിമംബർ; മെമ്മറീസ് ഓഫ് എ മിലിട്ടറി ചീഫ്' എന്ന പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്ന ക്യാമ്പ് അവർ അതിവേഗം ഒഴിപ്പിച്ചുവെന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് പുസ്തകത്തിൽ പറയുന്നു.

2001 ഡിസംബർ 13നായിരുന്നു ഭീകരർ പാർലമെന്റ് ആക്രമിച്ചത്. ആക്രമണത്തിന് ഉടൻ തിരിച്ചടി നൽകണമെന്ന അഭിപ്രായം ഉയർന്നതിന് പിന്നാലെ മൂന്ന് സേനാ മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രിജേഷ് മിശ്രയും പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസുമായി കൂടിക്കാഴ്ച നടത്തി.പാക് അധിനിവേശ കാശ്മീരിൽ ഭീകരരെ പരിശീലിപ്പിക്കുന്നതിനുവേണ്ടി പാക് സൈന്യം തയ്യാറാക്കിയ ക്യാമ്പ് ആക്രമിക്കാമെന്ന ചർച്ചയിൽ നിർദ്ദേശമുണ്ടായി. ആക്രമണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും സൈന്യം നടത്തി.

എന്നാൽ പരിശീലനക്യാമ്പ് പാക് സൈന്യം ഒഴിപ്പിച്ചുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.

വേൾ‌ഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നാലെ അഫ്ഗാനിസ്താനിൽ യു.എസ് നടത്തിയ സൈനിക നടപടിയെ പിന്തുണക്കണമെന്ന നിലപാട് അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗ് സ്വീകരിച്ചിരുന്നു. എന്നാൽ സൈനിക മേധാവികൾ അതിനോട് വിയോജിച്ചു. വാജ്‌പേയിയും സൈനിക മേധാവികളുടെ നിലപാടിനെ പിന്തുണച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു.