തിരുവനന്തപുരം: തലസ്ഥാനത്ത് ഏറ്റവും കൂടുതൽ യാത്രക്കാർ വന്നു പോകുന്ന സ്ഥലമേതാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ - തമ്പാനൂർ. ഒരു വശത്ത് സെൻട്രൽ റെയിൽവേ സ്റ്റേഷൻ, മറുവശത്ത് സെൻട്രൽ ബസ് ടെർമിനൽ. ദീർഘദൂര, ഹ്രസ്വദൂര യാത്രക്കാരെല്ലാം വന്നുപോകുന്നയിടം. നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ തമ്പാനൂരിൽ യാത്രക്കാർക്ക് ഏത്രത്തോളം സുരക്ഷയുണ്ട്?. അധികൃതർ ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ടോ? കുറച്ചു നേരം അവിടെയൊന്ന് കറങ്ങിയാൽ മതി കാര്യങ്ങളുടെ യഥാർത്ഥ ചിത്രം മനസിലാകാൻ.
സീബ്രാ ക്രോസിംഗ് കടന്നാൽ മാലിന്യം
റെയിൽവേയുടെ പരിഷ്കാരം കാരണം ട്രെയിനുകളെല്ലാം കൃത്യസമയം പാലിക്കുന്നതിനാൽ വിവിധ ആവശ്യത്തിനായി തമ്പാനൂരിൽ എത്തുന്നവരെല്ലാം ട്രെയിൻ ഇറങ്ങി പുറത്തേക്കൊരോട്ടമാണ്. റോഡ് മുറിച്ച് കടന്ന് ബസ് ടെർമിനലിൽ നിന്നു വണ്ടി പിടിക്കുകയാണ് ലക്ഷ്യം.
റോഡ് മുറിച്ചു കടക്കാൻ സീബ്രാ ക്രോസിംഗ് ഉണ്ട്. പക്ഷേ, അതു വകവയ്ക്കാനുള്ള വകതിരിവ് അതുവഴി വാഹനമോടിച്ചു പോകുന്ന പലർക്കുമില്ല. പാടുപെട്ട് ഓടിയും ചാടിയുമൊക്കെ റോഡ് മുറിച്ചെത്തുന്നത് നേരെ മലിനജലത്തിലേക്ക്. ബസ് ടെർമിനലിന് മുന്നിൽ ഡ്രെയിനേജ് പൊട്ടി ഒഴുകികിടക്കുന്നതാണത്. കൂടെ മഴവെള്ളവും.
കാറിൽ പോകുന്നവരിൽ പലരും റോഡ് മുറിച്ച് കടക്കുന്നവരുടെ ബദ്ധപ്പാട് കണ്ട് വണ്ടി നിറുത്തിക്കൊടുക്കുകയോ മെല്ലെ പോവുകയോ ചെയ്യും. ചിലർ വിവേകമില്ലാതെ പാഞ്ഞുപോകുമ്പോൾ പാവപ്പെട്ട യാത്രക്കാരുടെ ദേഹത്തൊക്കെ മലിനജലം പതിക്കും. കുട്ടികളുമായി പോകുന്ന സ്ത്രീകളും പ്രായമായവരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ഭാഗ്യം, ഇവിടെ പൊലീസുണ്ട്!
ബേക്കറി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ റോഡ് മുറിച്ച് വേണം തമ്പാനൂർ ടെർമിനലിലേക്ക് പ്രവേശിക്കാൻ. ഈ സമയത്ത് എതിരെ വരുന്ന വാഹനങ്ങൾ നിയന്ത്രിക്കാനായി പൊലീസ് ഡ്യൂട്ടിയിലുണ്ട്. പക്ഷേ, എതിർവശത്ത് നിന്നു ബസ് ടെർമിനലിലേക്ക് മുറിച്ചു കടക്കുമ്പോൾ ഒത്ത നടുക്കായി വൈദ്യുത വിളക്കിന്റെ പോസ്റ്റുണ്ട്. സീബ്രാ ക്രോസിംഗിലൂടെ പെട്ടെന്ന് റോഡ് മുറിച്ചു കടക്കുന്നവർക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കുറച്ചു മാറി സീബ്രാക്രോസിംഗ് വരച്ചിരുന്നുവെങ്കിൽ ഇത്ര പ്രശ്നമുണ്ടാകില്ല. ബസ് ടെർമിനിലിനകത്തേക്കു പോകുന്നതിന്റെ ഒത്ത നടുക്കായി ആട്ടോറിക്ഷ നിറുത്തുന്നവരാണ് ഇവിടെ ഗതാഗതക്കുരുക്കുണ്ടാക്കുന്നവരിൽ പ്രധാനികൾ.
എവിടെപ്പോയി പദ്ധതികൾ?
തമ്പാനൂരിൽ നഗരസഭ നിരവധി പാസഞ്ചേഴ്സ് ഫ്രണ്ട ്ലി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും യാഥാർത്ഥ്യമായിട്ടില്ല. അഞ്ച് വർഷം മുമ്പ് ബസ് ടെർമിനൽ നിർമ്മാണം പൂർത്തിയായപ്പോൾ പുതിയ ടെർമിനലിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് ഒരു ആകാശപാത നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നു. കെ.ടി.ഡി.എഫ്.സിയും പദ്ധതി തയ്യാറാക്കിയിരുന്നു. ഒന്നും നടന്നില്ല. ആകാശപാതയിലവസാനിക്കുന്നതല്ല ഇവിടത്തെ പ്രശ്നങ്ങൾ. ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് ആവശ്യം.
പാർക്കിംഗും ബസ് നിറുത്തലും തോന്നിയപോലെ
പൊന്നറ പാർക്കിന് ചുറ്റും ഏതു സമയവും ഗതാഗതക്കുരുക്കാണ്. കൈരളി തിയേറ്റർ ഭാഗത്ത് നിന്നും ആരെങ്കിലും റോഡ് മുറിച്ച് പൊന്നറ പാർക്കിലെ ഫുട്പാത്തിൽ കയറി റെയിൽവേ സ്റ്റേഷൻ മുറ്റത്തെത്താൻ നോക്കിയാൽ പെട്ടതു തന്നെ!
റെയിൽവേ സ്റ്റേഷന് മുൻവശത്തെ പി.ഡബ്ലിയു.ഡി റോഡ് രണ്ടുവരിപ്പാതയാണ്. അവിടെയാണ് പ്രീ-പെയ്ഡ് ആട്ടോറിക്ഷകൾക്ക് പാർക്കിംഗ് അനുവദിച്ചിട്ടുള്ളത്. കരമന ഭാഗത്ത് നിന്നു വരുന്ന ട്രാൻസ്പോർട്ട് ബസുകൾ യാത്രക്കാരെ ഇറക്കുന്നതിനായി അവിടെകൊണ്ടു നിറുത്തുക കൂടി ചെയ്യുന്നതോടെ മറ്റ് വാഹനങ്ങൾക്ക് കടന്നു പോകാനാവില്ല.
കുറച്ചുകൂടി മുന്നോട്ടു വന്നാലും ഇതു തന്നെയാണ് സ്ഥിതി. പ്രീ-പെയ്ഡ് ലൈനിൽ നിൽക്കാതെ മാറി നിന്ന് സവാരിക്കാരെ കയറ്റാൻ നിൽക്കുന്ന ആട്ടോറിക്ഷകളുണ്ട്. അവർ തോന്നുന്നിടത്തൊക്കെ പാർക്കു ചെയ്യും. റെയിൽവേയുടെ ആർ.എം.എസ് ഗേറ്റിനടുത്തും ഇത്തരത്തിൽ ആട്ടോറിക്ഷകൾ തലങ്ങും വിലങ്ങുമായി കിടക്കുന്നത് കാണാം. ഇതൊന്നും ചോദ്യംചെയ്യാൻ ഒരു പൊലീസുകാരൻ പോലുമില്ല. ആർ.എം.എസ് ഗേറ്റിനടുത്ത് വന്നെത്തുന്ന ബസുകൾ അത് കെ.എസ്.ആർ.ടി.സിയായാലും സ്വകാര്യബസായാലും നിറുത്തുന്നത് റോഡിന്റെ ഒത്ത നടുക്ക്.
ഇന്നലെ 12.30ന് ഒരു വൃദ്ധയെ കെ.എസ്.ആർ.ടി.സി ബസിൽ നിന്നു ഇറക്കിയത് റോഡിന്റെ നടുവിൽ. പിന്നാലെ വന്ന ബസ് ഡ്രൈവർ ശ്രദ്ധിച്ച് ബ്രേക്കിട്ടതുകൊണ്ടു മാത്രമാണ് അപകടം ഒഴിവായത്.
ടെർമിനലിനുള്ളിൽ നിന്നു ബസുകൾ വീണ്ടും ഔട്ട്
അന്തർ സംസ്ഥാന സർവീസുകൾ ഉൾപ്പെടെയുള്ള നിരവധി സർവീസുകൾ ഒാപ്പറേറ്റു ചെയ്യുന്നത് ടെർമിനലിന് പുറത്തു നിന്നാണ്. കുറച്ചു നാൾ മുമ്പ് ഓർഡിനറി സർവീസുകളെല്ലാം ടെർമിനലിന് അകത്തേക്കു പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും പുറത്താക്കി.
പഴയകാരണം തന്നെയാണ് കെ.എസ്. ആർ.ടി.സിക്കാർ ആരോപിക്കുന്നത്. നിർമ്മാണത്തിന്റെ അശാസ്ത്രീയത. പാരിപ്പള്ളി, ആറ്റിങ്ങൽ, പെരുമാതുറ, വേളി, വിഴിഞ്ഞം ഭാഗത്തേക്കു പോകുന്ന ബസുകളെല്ലാം ഇപ്പോൾ ശ്രീകുമാർ തിയേറ്ററിന് എതിർവശത്ത് നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത്. പാർക്കിംഗും അവിടെ തന്നെ.
ആകെ കുളമായി ബസ് ടെർമിനൽ
ടെർമിനൽ കോംപ്ലക്സിൽ, ആർ.ടി ഓഫീസ്, തിയേറ്റർ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. പോരാത്തതിന് ഷോപ്പിംഗ് സെന്ററുമാണ്. ഇവിടേക്കൊക്കെ ദിവസവും ധാരാളം ആളുകൾ വന്നു പോകുന്നുണ്ട്. മാത്രമല്ല ടെർമിനിലിലേക്ക് യാത്രക്കാർക്ക് പ്രവേശിക്കാനുള്ള ഏകവഴിയും ഇവിടെയാണ്. ഇങ്ങനെയുള്ള സ്ഥലത്ത് മുൻ വശത്തെ റോഡുൾപ്പെടെ മൂന്നുവരിയായി ബസുകൾ നിരത്തിയിട്ടിരിക്കുന്നതോടെ ആകെ കുളമായി കിടക്കുകയാണ്.
നെയ്യാറ്റിൻകര, കാട്ടാക്കട, നാഗർകോവിൽ, കന്യാകുമാരി ഭാഗത്തേക്കുള്ള ബസുകളൊക്കെ അവിടെയാണ് ഇടം. തമിഴ്നാട്ടിൽ നിന്നും എത്തുന്ന ബസുകൾക്കെല്ലാം അവിടെ പാർക്ക് ചെയ്യാൻ സാധിക്കാത്തതിനാൽ എതിർവശത്തെ റോഡിലാണ് പാർക്കു ചെയ്തിരിക്കുന്നത്.