തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അഭ്യർത്ഥന വകവയ്ക്കാതെ, തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണവുമായി മുന്നോട്ടുപോവുകയാണ് കേന്ദ്രസർക്കാർ. ഉയർന്ന തുക ക്വോട്ടു ചെയ്ത കമ്പനിക്ക് ലേലം ഉറപ്പിക്കുന്നതാണ് രീതിയെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഹർദീപ് സിംഗ് പുരിയുടെ ലോക്സഭയിലെ മറുപടി കേന്ദ്രത്തിന്റെ നയം വ്യക്തമാക്കുന്നതാണ്. തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി എന്റർപ്രൈസസിന് കൈമാറാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭയുടെ അനുമതിക്ക് ഉടൻ സമർപ്പിക്കുമെന്നാണ് സൂചന. ജൂലായ് അവസാനത്തോടെ വിമാനത്താവളം അദാനിക്ക് കൈമാറാനാണ് തിരക്കിട്ട നീക്കം.
സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സർക്കാരിന്റേതാണെന്നും സർക്കാരിന്റെ സഹകരണമില്ലാതെ ഒരു സ്വകാര്യകമ്പനിക്കും വിമാനത്താവളം വികസിപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചിരുന്നു. സ്വകാര്യ ഏജൻസിക്ക് കൈമാറാനുള്ള നടപടികൾ നിറുത്തിവച്ച് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല സർക്കാരിന് നൽകണമെന്നും അല്ലെങ്കിൽ നിലവിലുള്ള സംവിധാനം തുടരണമെന്നും പ്രധാനമന്ത്രിയെ കണ്ടും ആവശ്യപ്പെട്ടിരുന്നു. അന്ന് മൗനംപാലിച്ച ശേഷം സ്വകാര്യവത്കരണ നടപടികൾ ത്വരിതപ്പെടുത്തുകയാണ് കേന്ദ്രം ചെയ്തത്. അതേസമയം, സ്വകാര്യവത്കരണത്തിനെതിരെ എയർപോർട്ട് അതോറിട്ടി ജീവനക്കാർ റിലേ നിരാഹാര സമരത്തിനൊരുങ്ങുകയാണ്. ദക്ഷിണ റീജിയണിലെ എല്ലാ വിമാനത്താവളങ്ങളിലെയും യൂണിയൻ നേതാക്കൾ ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തി 211 ദിവസം പിന്നിട്ട സമരത്തിന് പിന്തുണ അറിയിക്കും. അതിനുശേഷം സമരത്തിന്റെ രൂപം മാറ്റാനാണ് എയർപോർട്ട് അതോറിട്ടി എംപ്ലോയീസ് യൂണിയന്റെ തീരുമാനം.
വിമാനത്താവളവും നഗരമദ്ധ്യത്തിലെ 628.70 ഏക്കർ ഭൂമിയും അദാനിക്ക് പാട്ടത്തിന് നൽകുകയാണ്. 50 വർഷത്തേക്ക് വിമാനത്താവളത്തിന്റെ ഓപ്പറേഷൻ, വികസനം, നടത്തിപ്പ് എന്നിവ പൂർണമായി അദാനിക്ക് ലഭിക്കും. മുൻവർഷത്തെക്കാൾ ഒമ്പതിരട്ടി വരുമാനമുണ്ടാക്കി വൻലാഭത്തിലേക്ക് കുതിക്കുന്ന വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ എല്ലാ രാഷ്ട്രീയകക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. സ്വകാര്യവത്കരണത്തിനെതിരെ കെ.എസ്.ഐ.ഡി.സിയും സർക്കാരും ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ഈ കേസിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലേ അദാനിയുമായി കരാറൊപ്പിടാവൂ എന്ന ഇടക്കാല ഉത്തരവ് സർക്കാർ നേടിയിട്ടുണ്ട്. സ്വകാര്യവത്കരണം തടയാൻ നിയമപരവും അല്ലാതെയുമുള്ള വഴികളാണ് സർക്കാർ തേടുന്നത്. കരാർ നേടിയെങ്കിലും അദാനിയെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സർക്കാരും വ്യക്തമാക്കിയതോടെ ഇനിയുള്ള ദിവസങ്ങൾ നിർണായകമാണ്.
സ്വകാര്യവത്കരിച്ചാൽ എയർപോർട്ട് അതോറിട്ടിയുടെ റിക്രൂട്ട്മെന്റ് പൂർണമായി നിലയ്ക്കുമെന്നത് യുവതലമുറയ്ക്ക് ഭീഷണിയാണെന്ന് അതോറിട്ടി ജീവനക്കാർ പറഞ്ഞു. വിമാനത്താവളത്തിലെ മിക്ക സെക്ഷനുകളിലും ഇപ്പോൾ കരാർ, താത്കാലിക നിയമനമാണ്. സ്ഥിരംജീവനക്കാർ മുക്കാൽലക്ഷത്തോളം രൂപ ശമ്പളം വാങ്ങുമ്പോൾ, 150ലേറെപ്പേർ പരമാവധി 15,000 രൂപയ്ക്ക് കരാർജോലി ചെയ്യുന്നു. ദക്ഷിണമേഖലയിലെ വിമാനത്താവളങ്ങളിലേക്ക് അഗ്നിശമന വിഭാഗത്തിൽ 107 തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റാണ് എയർപോർട്ട് അതോറിട്ടി അടുത്തിടെ നടത്തിയ ഏക റിക്രൂട്ട്മെന്റ്. സ്വകാര്യവത്കരണം വരുന്നതോടെ, വിമാന സർവീസുകളുടെ നിയന്ത്രണമൊഴികെ എല്ലാം വിമാനത്താവള അതോറിട്ടിക്ക് നഷ്ടമാവും. സ്വകാര്യവത്കരിക്കുന്ന വിമാനത്താവളങ്ങളിൽ സുരക്ഷ, കാലാവസ്ഥാ നിരീക്ഷണം, ആരോഗ്യ പരിശോധന, കസ്റ്റംസ്, എമിഗ്രേഷൻ, മൃഗ-സസ്യ പാലനം, കാലാവസ്ഥാ ശാസ്ത്രം തുടങ്ങിയ സേവനങ്ങൾ ഒഴികെയുള്ളവ സ്വകാര്യ കമ്പനിയുടെ ചുമതലയാണ്.
ആശങ്കകൾ നിരവധി
l വിദേശനിക്ഷേപത്തോടെയുള്ള സൗകര്യങ്ങൾ വരുന്നതോടെ, മുടക്കുമുതൽ തിരിച്ചുപിടിക്കാൻ യൂസർഫീസ് വർദ്ധിപ്പിച്ചേക്കും. ആഭ്യന്തര യാത്രക്കാർക്ക് 450, രാജ്യാന്തര യാത്രക്കാർക്ക് 950 രൂപ ഇപ്പോൾ യൂസർഫീസുണ്ട്.
l ഭൂമിവിട്ടുനൽകിയ 20,000 പേർ വിമാനത്താവളത്തിലും പുറത്തും ടാക്സി ഡ്രൈവർമാരായും പണിയെടുക്കുന്നുണ്ട്. ഇവരുടെ ജോലിയെക്കുറിച്ചും ഭാവിയെക്കുറിച്ചും വ്യക്തതയില്ല.
l ഗ്രൗണ്ട്ഹാൻഡ്ലിംഗിനുള്ള എയർഇന്ത്യ-സാറ്റ്സ് കമ്പനിയിൽ 1200 ജീവനക്കാരുണ്ട്. സ്വകാര്യവത്കരിച്ച വിമാനത്താവളങ്ങളിൽ മുൻപ് സ്വകാര്യ കരാറുകാർ ഇവരെ പിരിച്ചുവിട്ട അനുഭവമുണ്ട്.
l വിമാനത്താവളങ്ങളിലെ ജീവനക്കാർ എയർപോർട്ട് അതോറിട്ടിയുടെ ജീവനക്കാരായി തുടരുമെന്നാണ് കേന്ദ്ര വിശദീകരണമെങ്കിലും ഇക്കാര്യത്തിലും ആശങ്കയുണ്ട്.
യാതൊരു മുൻപരിചയവുമില്ലാത്ത അദാനി എന്റർപ്രൈസസിന് വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഭൂമിയിൽ നിലനിൽക്കുന്ന വിമാനത്താവളം സർക്കാരിന് അവകാശപ്പെട്ടതാണ്.-പിണറായി വിജയൻ (മുഖ്യമന്ത്രി)