തിരുവനന്തപുരം: രാവെന്നോ പകലെന്നോ ഭേദമില്ലാതെ മഴയും വെയിലും ഒന്നൊഴിയാതെ ഏറ്റ് സിമന്റ് തറയിലുള്ള നില്പ്, കാലിലെ വ്രണം പഴുത്ത് പൊട്ടി ഒലിക്കുന്നു, വളർന്ന് ഇറങ്ങിയ കൊമ്പുകളാകട്ടെ അന്നം മുട്ടിക്കുന്നു. തളച്ചിരിക്കുന്ന സ്ഥലത്തെ വൃത്തിഹീനമായ അവസ്ഥ... ഇതാണ് വർഷങ്ങളായി കൊച്ചുള്ളൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കൊമ്പൻ കാർത്തികേയന്റെ ജീവിതം. വർഷങ്ങളായി ചികിത്സ നടത്തുന്നുണ്ടെന്ന് അധികൃതർ വാദിക്കുമ്പോഴും ചികിത്സ ഫലമില്ലാത്ത അവസ്ഥയിൽ ആന നിൽക്കാൻ പോലും പ്രയാസപ്പെടുകയാണ്. കഴിഞ്ഞ സെപ്തംബർ 2ന് 'കൊമ്പൻ കാർത്തികേയന് 30 വർഷമായിട്ട് കഠിനതടവ് " എന്ന തലക്കെട്ടിൽ കേരളകൗമുദിയിലടക്കം വാർത്ത പ്രസിദ്ധീകരിച്ച് എട്ട് മാസം പിന്നിട്ടിട്ടും കാർത്തികേയനോട് അധികൃതർ
കരുണ കാട്ടിയില്ല.
ഇരുപത് വയസുള്ളപ്പോഴാണ് കാർത്തികേയനെ നാട്ടുകാരും ക്ഷേത്ര ഭാരവാഹികളും ചേർന്ന് പിരിവെടുത്ത് നടയ്ക്കിരുത്തിയത്. മാറിമാറി വന്ന പാപ്പാന്മാർ ചട്ടം പഠിപ്പിച്ച് ആനയെ ഒരു വഴിക്കാക്കി. ഇതിനിടെ പാപ്പാനെ കൊന്നതിനാൽ മൂന്ന് മാസത്തോളം കാലം അനങ്ങാൻ പോലും അനുവദിക്കാതെ ചങ്ങലയ്ക്കിട്ടതോടെ വലതുകാലിലുണ്ടായ നീരാണ് വ്രണമായി മാറിയത്. ഇണ ചേരാൻ സമ്മതിക്കാതെ പീഡിപ്പിച്ചു കൊണ്ടിരുന്നതിനാലാണ് ആന പാപ്പാനെ കൊന്നതെന്ന് ആനപ്രേമികൾ പറയുന്നു. നീണ്ട നാളത്തെ മദപ്പാടും ആനയെ ക്ഷീണിപ്പിച്ചു. സിമന്റ് തറയിലെ തൂണിൽ അഞ്ചടി മാത്രം നീളമുള്ള ചങ്ങലയിലാണ് കാർത്തികേയനെ ബന്ധിച്ചിരിക്കുന്നത്. അതിനാൽ തന്നെ ആനയ്ക്ക് കിടക്കാൻ പോലും കഴിയില്ല. കുറഞ്ഞത് പത്തടി നീളമുള്ള ചങ്ങലയിൽ ആനയെ ബന്ധിക്കണമെന്ന ചട്ടമുള്ളപ്പോഴാണ് ഈ കൊടുംക്രൂരത.
അശാസ്ത്രീയം ഈ ആനക്കൊട്ടിൽ
തികച്ചും അശാസ്ത്രീയമായാണ് എട്ടു ലക്ഷം രൂപ ചെലവഴിച്ച് ക്ഷേത്രത്തിനോട് ചേർന്നുള്ള 65 സെന്റ് സ്ഥലത്ത് ആനക്കൊട്ടിൽ നിർമ്മിച്ചത്. നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ ഇത് വിവാദമായതാണ്.
സിമന്റ് തറയിലെ നില്പ ആനയുടെ കുളമ്പിന് രോഗമുണ്ടാക്കുമെന്ന് ആരോഗ്യവിദദ്ധർ പറയുന്നു. ആന കയറി നിന്നാൽ തകർന്നുപോകുന്ന അവസ്ഥയിലാണ് കൊട്ടിൽ. ഒപ്പം സിമന്റിലെ വെള്ളക്കെട്ടാണ് കാലിലെ നീര് ഒഴിയെ നിൽക്കാൻ കാരണം. ആനയെ തളയ്ക്കാനുള്ള തൂണുകളാകട്ടെ ഇളകിയ നിലയിലും. മുകളിൽ മേൽക്കൂര പേരിന് മാത്രം. മഴയും വെയിലും ഒന്നൊഴിയാതെ ആന ഏൽക്കണം. 2012ൽ സംസ്ഥാന വനംവകുപ്പ് നടത്തിയ പഠനത്തിൽ 67 ശതമാനം നാട്ടാനകളെയും മേൽക്കൂര ഇല്ലാത്ത ആനക്കൊട്ടിലുകളിലാണ് തളച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന് 2015ൽ മേൽക്കൂരയില്ലാത്ത ആനക്കൊട്ടിലുകൾക്കെതിരെ 40,000 രൂപ വരെ പിഴ ഈടാക്കുമെന്ന് വനംവകുപ്പ് സർക്കുലറും പുറത്തിറക്കിയിരുന്നു. എന്നിട്ടും ഫലം കണ്ടില്ല.
ചുറ്റുമതിലില്ലാത്ത ഇവിടെ വൈദ്യുതി ഇല്ല. ആനക്കൊട്ടിലും പരിസരവും കാടു കയറി നശിക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യംകാരണം ഇപ്പോൾ ഈ ഭാഗത്തേക്ക് ആരും പോകാറുമില്ല. ആനക്കൊട്ടിലിലേക്ക് ചെടികൾ പടർന്നു കയറിയിട്ടുണ്ട്. നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ കൊട്ടിൽ അശാസ്ത്രീയമാണെന്ന് അധികൃതരെ അറിയിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ ഇതൊന്നും അധികൃതർ ശ്രദ്ധിക്കാൻ പോലും തയ്യാറായില്ലെന്നും നാട്ടുകാർ പറയുന്നു.