attack

തിരുവനന്തപുരം: മണക്കാട് സ്വർണവ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്നു. ഒന്നര കിലോയോളം സ്വർണമാണ് കവർന്നത്. മുട്ടത്തറ സ്വദേശിയായ ബിജുവാണ് കവർച്ചക്കാരുടെ ആക്രമണത്തിന് ഇരയായത്. കാറിൽ ബിജുവിനെ പിന്തുടർന്ന് ആക്രമിച്ചാണ് ഇവർ സ്വർണവുമായി കടന്നുകളഞ്ഞത്. പുലർച്ചെ നാലരയോടെ തിരുവനന്തപുരം മുക്കോലയ്ക്കൽ ഭാഗത്തെ ഒരു ചെറു ഇടവഴിയിൽ വച്ചാണ് സംഭവം. തൃശൂരിൽ നിന്നും ട്രെയിൻ മാർഗം സ്വർണം വാങ്ങി വരികയായിരുന്നു ബിജു.

റെയിൽവേ സ്റ്റേഷനിലെത്തി സ്വന്തം കാറിൽ യാത്ര തിരിച്ച ബിജുവിനെ മറ്റൊരു കാറിൽ പിന്തുടർന്നെത്തിയെ സംഘം മുളകുപൊടി വിതറിയ ശേഷമായിരുന്നു ആക്രമിച്ചത്. തുടർന്ന് കാർ നിർത്തിയ ബിജുവിനെ വാഹനത്തിന്റെ ജാക്കി ലിവർ ഉപയോഗിച്ച് സംഘം മർദിക്കുകയും ചെയ്തു. ലിവറും അതിൽ നിന്നും രക്‌തകറയും കണ്ടെടുത്തിട്ടുണ്ട്. ഇതുകൂടാതെ സംഘം ബിജുവിന്റെ കാർ നശിപ്പിക്കുകയും ചെയ്തു. സ്വർണം കൂടാതെ ബിജുവിന്റെ മൊബൈൽ ഫോണും ആക്രമി സംഘം പിടിച്ചുപറിച്ചിട്ടുണ്ട്.

ജനങ്ങൾ തിങ്ങി പാർക്കുന്ന, സി.സി.ടി.വി ക്യാമറകളും മറ്റും സ്ഥാപിച്ചിട്ടുള്ള പ്രദേശത്തുവച്ചാണ് പുലർച്ചെ അക്രമം ഉണ്ടായത്. തൃശൂരിൽ നിന്നും സ്ഥിരം ഇങ്ങനെ സ്വർണം വാങ്ങി വരുന്ന ആളാണ് ബിജു. അതുകൊണ്ടുതന്നെ ഇതിനെ കുറിച്ചറിയാവുന്നവർ മുൻകൂട്ടി പദ്ധതിയിട്ടാണ് ബിജുവിനെ ആക്രമിക്കുന്നത് എന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.